പരമ്പരാഗത ചികിത്സാരീതികളിലെ ഗവേഷണം ലോകോത്തരമാക്കണം: പത്മശ്രീ ഡോ. കെ.എം ചെറിയാന്‍

തിരുവനന്തപുരം: പ്രയോഗാത്മക (ട്രാന്‍സ്ലേഷണല്‍) ഗവേഷണങ്ങളിലൂടെ ആയുര്‍വേദമുള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സാരീതികളെ ലോകോത്തര നിലവാരത്തിലെത്തിക്കാനാകുമെന്ന് ഇന്റർനാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ ഡിസീസസിന്റെ ചെയര്‍മാന്‍ പത്മശ്രീ ഡോ.കെ.എം ചെറിയാന്‍ പറഞ്ഞു.

കനകക്കുന്നില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവില്‍ ട്രാന്‍സ്ലേഷണല്‍ റിസേര്‍ച്ച് ഇന്‍ നാച്ചുറല്‍ മെഡിസിന്‍ എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യായിരത്തോളം വരുന്ന ഔഷധസസ്യങ്ങളുടെ ഔഷധഗുണത്തെ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന ആയുര്‍വേദ ചികിത്സാരീതിക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ ശ്രേഷ്ഠ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

 ഇന്ന് പരീക്ഷിക്കപ്പെടുന്ന പുതിയ ചികിത്സാരീതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരമ്പരാഗത വേദസംഹിതകളിലും ഉപനിഷത്തുകളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന് തുടര്‍ന്ന് ‘ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍സ് – ലീഡ്‌സ് ഫ്രം ആയുര്‍വേദ’ എന്ന വിഷയത്തില്‍ സംസാരിച്ച പ്രശസ്ത ജീനോം ബയോളജിസ്റ്റും കേംബ്രിഡ്ജിലെ റിസേര്‍ച്ച് കൗണ്‍സില്‍ ഫോര്‍ കോംപ്ലിമെന്ററി മെഡിസിന്‍സ് ട്രസ്റ്റിയുമായ ഡോ. മദന്‍ തങ്കവേലു പറഞ്ഞു. ലഭ്യമായ ചികിത്സാരീതികളുടെ ശരിയായ ഉപയോഗമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രമേഹം, അമിതഭാരം മുതലായ ജീവിതശൈലീ രോഗങ്ങളാണ് പുതിയ കാലത്തിന്റെ വെല്ലുവിളി. യോഗ, പ്രാണായാമം പോലുള്ള ആയുര്‍വേദ ചര്യകളിലൂടെ ഇത്തരം രോഗാവസ്ഥകളെ മറികടക്കാനാകുമെന്നും ഡോ. മദന്‍ തങ്കവേലു പറഞ്ഞു. കോണ്‍ക്ലേവിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ആയുഷിലെ ട്രാന്‍സ്ലേഷണല്‍ റിസേര്‍ച്ച്, ആയുഷ് അധിഷ്ഠിത ഔഷധ വികസനം, ആഗോള ആരോഗ്യ പരിപ്രേക്ഷ്യത്തില്‍ ആയുഷ്, രോഗനിവാരണത്തില്‍ ആയുഷ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആറാട്ടു ഘോഷയാത്ര അവകാശം സംരക്ഷിക്കപ്പെടണം: ശശി തരൂർ

കാന്‍സര്‍ തുടക്കത്തിലെ കണ്ടെത്തുന്നത് എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും കടമയാണെന്ന് ഡോ. വി.പി. ഗംഗാധരന്‍