എയ്ഡ്‌സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യം: മന്ത്രി 

തിരുവനന്തപുരം: എച്ച്.ഐ.വി. എയ്ഡ്‌സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നിപ പ്രതിരോധം സാധ്യമാക്കിയത്.

അതുപോലെ എയ്ഡ്‌സ് നിയന്ത്രണം ലക്ഷ്യത്തിലെത്തിക്കാനും എല്ലാവരും ഒത്തൊരുമിക്കണം. എയ്ഡ്‌സ് നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി ഒരു വര്‍ഷം നീളുന്ന കര്‍മ്മ പദ്ധതികളാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം യൂണിവേഴ്‌സിറ്റി കോളേജ് ഓപ്പണ്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2030-ഓടു കൂടി ഈ ഭൂമുഖത്തു നിന്നും എച്ച്.ഐ.വി. യെ തുടച്ചു നീക്കുക എന്നുള്ളതാണ് ആഗോളതലത്തില്‍ യുഎന്‍ എയ്ഡ്‌സ് ന്റെ ലക്ഷ്യം. ഇതിന്റെ മുന്നോടിയായി 2020 ഓടു കൂടി 90-90-90 എന്ന ലക്ഷ്യം പ്രാപ്തമാക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തും നടത്തുന്നത്. ആദ്യഘട്ടത്തില്‍ എച്ച്.ഐ.വി. അണുബാധയുള്ള 90 ശതമാനം ജനങ്ങളും അവര്‍ എച്ച്.ഐ.വി. അണുബാധിതരാണ് എന്ന് തിരിച്ചറിയുക, തുടര്‍ന്ന് എച്ച്.ഐ.വി. അണുബാധിതരാണ് എന്നു കണ്ടെത്തിയ 90 ശതമാനം ആളുകള്‍ക്കും ആന്റി റിട്രോ വൈറല്‍ ചികിത്സ (ART) ഉറപ്പാക്കുക, എ.ആര്‍.റ്റി ചികിത്സ ലഭ്യമാക്കിയിട്ടുള്ള 90% പേരിലും എച്ച്.ഐ.വി രോഗാണുവിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രണ വിധേയമാക്കുകയും തുടര്‍ ചികിത്സയും നല്‍കുക എന്നതാണ്. ഇങ്ങനെ പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി തുടര്‍ ചികിത്സ നല്‍കുന്ന ആക്ഷന്‍ പ്ലാനിനും രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, അസി. ഡയറക്ടര്‍ അഞ്ജന ജി., ജില്ല എയ്ഡ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സിന്ധു, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ്‌സ് പോലീസ് എന്നിവര്‍ പങ്കെടുത്തു.

രാവിലെ കനകക്കുന്നില്‍ നടന്ന എയ്ഡ്‌സ് ദിന ബോധവത്ക്കരണ റാലി സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് ഫ്‌ളാഗോഫ് ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശ്രീകണ്ഠേശ്വരം പാര്‍ക്ക്  സംരക്ഷണം: ബാലാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് പെബ്സ്

പ്രളയം വിഴുങ്ങിയ അപ്പുവിന്റെ കഥയുമായി ‘വെള്ളപ്പൊക്കത്തില്‍’