വിഷരഹിത പച്ചക്കറി വേണോ? നേമത്ത് ഓണച്ചന്ത ഒരുങ്ങുന്നു

തിരുവനന്തപുരം: ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ആശയവുമായി നേമം ബ്ലോക്ക് പഞ്ചായത്തിൽ ഓണചന്തകൾ ഒരുങ്ങുന്നു. ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ, നേമം, സിറ്റി കോർപ്പറേഷൻ എന്നിവിടങ്ങളിലുമായി ഒമ്പത് ഇടത്താണ് ഓണച്ചന്തകൾ തയ്യാറാകുന്നത്. ആഗസ്റ്റ് 20 മുതൽ ഇവ പ്രവർത്തിച്ചു തുടങ്ങും.

കർഷകർക്കും വാങ്ങാനെത്തുന്നവർക്കും  ഒരുപോലെ ലാഭകരമാണ് ഓണച്ചന്തകൾ.  കർഷകർക്ക് വിപണി വിലയെക്കാൾ 10 ശതമാനം അധികം തുക നൽകിയാണ് കൃഷിവകുപ്പ് പച്ചക്കറികൾ ശേഖരിക്കുന്നത്. മാത്രമല്ല വാങ്ങാനെത്തുന്നവർക്ക് പൊതുവിപണിയിലെ വിലയേക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറി വാങ്ങാനുള്ള സൗകര്യവുമുണ്ട്.

ഓണച്ചന്തകൾക്കായി കർഷകരിൽ നിന്നും പരമാവധി പച്ചക്കറികൾ ശേഖരിക്കും. ഇതിനായി ബ്ലോക്കിന് കീഴിൽ വിളയിക്കുന്ന പച്ചക്കറി ഇനങ്ങളുടെ വിവര ശേഖരണം നടക്കുന്നുണ്ട്. ഏതൊക്കെ ഇനങ്ങൾ എത്ര ടൺ ഉത്പാദിപ്പിച്ചു എന്ന് അറിഞ്ഞ ശേഷം ബ്ലോക്കിന് കീഴിൽ ലഭിക്കാത്ത പച്ചക്കറി ഇനങ്ങൾ ഹോർട്ടി കോർപ്പിൻറെ സഹായത്തോടെ എത്തിക്കുമെന്ന് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീലത പറഞ്ഞു.

അതത് പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാർക്കാകും ഓണച്ചന്തകളുടെ പൂർണ ചുമതല. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാകും ഓണച്ചന്തകൾ പ്രവർത്തിക്കുക. മലയിൻകീഴ് കൃഷി ഭവന്റെ ഓണച്ചന്ത നേമം ബ്ലോക്ക് ഓഫീസ് പരിസരത്താകും പ്രവർത്തിക്കുക. ആഗസ്റ്റ് 24 ഉത്രാട ദിനത്തിൽ ഓണച്ചന്ത അവസാനിക്കും. എല്ലാ ദിവസവും 30 ശതമാനം വിലക്കിഴിവിൽ പച്ചക്കറി വാങ്ങാനുള്ള സൗകര്യം  ഉണ്ടായിരിക്കുമെന്നും കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചലച്ചിത്ര അവാര്‍ഡ് വിതരണം ബുധനാഴ്ച: മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ 

കൃത്രിമ നിറങ്ങൾ ചേർത്ത ലോലി പോപ്പ് സംസ്ഥാനത്ത് നിരോധിച്ചു