ബ്രുവറി അനുമതി റദ്ദാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് പുതിയ കമ്മിറ്റിയെന്ന്  സുധീരൻ

തിരുവനന്തപുരം; പ്രാഥമിക പരിശോധന പോലും നടത്താതെ ബ്രുവറി-ഡിസ്റ്റിലറികൾക്ക് നൽകിയ അനുമതി റദ്ദാക്കേണ്ടി വന്നതിൻ്റെ ജാള്യത മറയ്ക്കാനാണ് നികുതി വകുപ്പ് സെക്രട്ടറി അധ്യക്ഷയായി ഒരു പുതിയ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയത് എന്ന് കോൺഗ്രസ്സ് മുതിർന്ന നേതാവ് വി എം സുധീരൻ. മാനദണ്ഡങ്ങൾ നിശ്ചയിച്ചതായി പറഞ്ഞുകൊണ്ട് ഇനിയും മദ്യനിർമാണ ശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്, സുധീരൻ ആരോപിച്ചു.

മദ്യത്തിൻറെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനവുമാണിത്. ജനങ്ങൾക്ക് നൽകിയ ഉറപ്പിന് കടലാസിൻ്റെ വിലപോലും കൽപ്പിക്കാതെ അതിനെല്ലാം കടകവിരുദ്ധമായി മദ്യശാലകൾ വ്യാപിപ്പിക്കുകയും ഇപ്പോൾ മദ്യനിർമാണ ശാലകൾ തുടങ്ങുന്നതിന് ആവേശം കാണിക്കുകയും ചെയ്യുന്ന ഇടതു മുന്നണിയും സർക്കാരും ജനവഞ്ചകരായി മാറിയിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

ബ്രുവറി-ഡിസ്റ്റിലറി അനുമതിയിലെ പാകപ്പിഴകൾ തിരുത്തിയെന്ന പേരിൽ പുതിയവയ്ക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞേ മതിയാകൂ. മദ്യവ്യാപനവും മദ്യലഭ്യതയും വർധിപ്പിച്ച് തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ ഇടതു മുന്നണിയും സർക്കാരും ഇനിയും പരിഹസിക്കരുത്.

പ്രളയക്കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ സർക്കാർ അക്കാര്യങ്ങളൊക്കെ അവഗണിച്ചുകൊണ്ട് കേരളത്തിൽ ഒരു ‘മദ്യപ്രളയ’മുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത് വളരെ വിചിത്രമായിരിക്കുന്നു, സുധീരൻ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ജനതാൽപര്യങ്ങളേക്കാൾ മദ്യലോബിയുടെ താൽപര്യങ്ങൾക്കാണ് മുന്തിയ മുൻഗണന കൊടുക്കുന്നതെന്ന് സർക്കാർ ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോഹൻലാൽ ഇനി സിദ്ദിഖിന്റെ ബിഗ് ബ്രദർ

ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനം