സാലറി ചലഞ്ചിൽ പുതിയ ഉത്തരവ്: തയ്യാറുള്ളവർ സമ്മതപത്രം നൽകണം

തിരുവനന്തപുരം: സാലറി ചലഞ്ചിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിസമ്മതപത്രം ഒഴിവാക്കിയുള്ള പുതുക്കിയ ഉത്തരവ് ധനവകുപ്പ് അംഗീകരിച്ചു. ശമ്പളം നൽകാൻ തയ്യാറുള്ളവർ സമ്മതപത്രം നൽകണമെന്നാണ് പുതിയ വ്യവസ്ഥ. ഇനിയും ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തയ്യാറുള്ളവർക്ക് സമ്മതപത്രം നൽകി സാലറി ചലഞ്ചിൽ ചേരാമെന്നും ഉത്തരവിൽ പറയുന്നു.

ശമ്പളം നൽകാൻ വിവിധ മാർഗങ്ങൾ (ഓപ്ഷൻ) തിരഞ്ഞെടുത്തുകൊണ്ടുള്ള രേഖകൾ നൽകിയവർ പുതുതായി സമ്മതപത്രം നൽകേണ്ടതില്ല. അല്ലാത്തവർ ഇനി സമ്മതം അറിയിക്കേണ്ടിവരും. ഇതിനകം അനൗദ്യോഗികമായി ഒട്ടേറെപ്പേർ സമ്മതപത്രം നൽകിയിട്ടുണ്ടെന്നാണ് ധനവകുപ്പ് അവകാശപ്പെടുന്നത്. നാളെ ശമ്പളം നൽകേണ്ട ദിവസമായതിനാൽ ശേഷിക്കുന്നവരിൽനിന്നുകൂടി ഉടൻ സമ്മതപത്രം എഴുതിവാങ്ങാനുള്ള ശ്രമത്തിലാണ് സർക്കാർ.

സമ്മതപത്രം നൽകാത്തവരിൽനിന്ന് കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഈ മാസം ശമ്പളം പിടിക്കാനാവില്ല. ഈ മാസത്തെ ശമ്പളബിൽ ഇതിനകം തയ്യാറായിട്ടുണ്ട്. കഴിഞ്ഞമാസം ശമ്പളം പടിച്ചവരിൽനിന്ന് ഈ മാസം അടുത്ത ഗഡു ഈടാക്കുന്ന തരത്തിലാണ് ശമ്പളബിൽ തയ്യാറാക്കിയത്.

എന്നാൽ, സമ്മതപത്രം നൽകാത്തവരുടെ ശമ്പള ബിൽ അതു കിട്ടാതെ പാസാക്കാനാവില്ല. അവ മടക്കേണ്ടി വരും. ഇത്തരം കേസുകളിൽ ശമ്പളവിതരണം വൈകാതെ, അധികസമയം ജോലിചെയ്ത് നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം. ശമ്പളം വൈകുന്ന സ്ഥിതിയുണ്ടാവില്ലെന്ന് ധനവകുപ്പ് പറയുന്നുണ്ടെങ്കിലും പലർക്കും ശമ്പളം വൈകാനിടയുണ്ട്.

അറുപത് ശതമാനം പേരാണ് സാലറി ചലഞ്ചിൽ പങ്കെടുത്തത്. 40 ശതമാനം പേർ വിട്ടുനിന്നു. ജീവനക്കാരുടെ രാഷ്ട്രീയാഭിമുഖ്യം വ്യക്തമാക്കുന്നതാണ് ഈ വിഭജനമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ തത്‌കാലം സാങ്കേതികമായി തടസ്സങ്ങളുണ്ടായാലും ഇതിനകം പങ്കെടുത്തവർ കൊഴിഞ്ഞുപോകില്ലെന്നാണ് സർക്കാർ കരുതുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉത്തരമലബാര്‍ വിനോദസഞ്ചാരത്തിന് സ്മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്

അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുക ലക്ഷ്യം: മുഖ്യമന്ത്രി