in ,

ഭക്ഷണ ക്രമം ഒന്ന് മാറ്റി നോക്കിയാലോ?

എന്നെന്നും ആരോഗ്യത്തോടെയിരിക്കാൻ  ആരാണ് ആഗ്രഹിക്കാത്തത്? എല്ലാവർക്കും താല്പര്യമുണ്ടെങ്കിലും അതിനുള്ള  ശ്രമം നടത്തുന്നവർ  തീരെ  കുറവാണെന്ന്  പറയാം. അനാരോഗ്യത്തിന്റെ  പ്രധാന കാരണങ്ങളിൽ  ഒന്ന് നമ്മുടെ  ഭക്ഷണ ശീലം  തന്നെയാണ്. 

ആരോഗ്യം  തരുന്ന ഭക്ഷണത്തിന്  രൂചി  വളരെ  കുറവാണെന്ന് പൊതുവെ നമ്മുടെ ഇടയിൽ ഒരു  ധാരണ  ഉണ്ട്. നല്ലൊരു ഭക്ഷണക്രമം ശീലിക്കാൻ ആലോചിക്കുമ്പോഴേ മനസ്സിൽ ഓടി എത്തുന്നത് പാതി വേവിച്ച പച്ചക്കറികളും  സാലഡുമൊക്കെയാണ്. അതേപ്പറ്റി ഓർക്കുമ്പോഴേ പലർക്കും മനം മറിച്ചിലുണ്ടാകും.

രുചിയോടൊപ്പം കാഴ്ചയ്ക്കും  ഭംഗിയുള്ള ഭക്ഷ്യ വസ്തുക്കളോടാണ് നമുക്ക് പൊതുവെവലിയ പ്രിയം എന്ന് പറയാം. എന്നാൽ  ഇത്തരം ഭക്ഷണത്തിൽ  ഉയർന്ന  കലോറിയും പൊണ്ണത്തടി  ഉണ്ടാക്കുന്ന  വസ്തുക്കളും അടങ്ങിയിട്ടുണ്ട് എന്നത്  നമ്മൾ ബോധപൂർവം  മറക്കുകയാണ്. ഇത്തരക്കാർക്ക്  ആരോഗ്യകരമായ ഭക്ഷണ ക്രമം  ശീലിക്കൽ   അത്ര  എളുപ്പമല്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണം രുചികരം കൂടിയാണെങ്കിലോ … ഈ മടിയൊക്കെ അപ്പോൾ പമ്പകടക്കും,  അല്ലേ? അതിനുള്ള വഴി നോക്കാം

പുതിയ ഉത്പന്നങ്ങൾ ഉപയോഗിക്കുക 

നമ്മൾ  സ്ഥിരമായി ഉപയോഗിക്കുന്ന  ഉത്പന്നങ്ങൾ  ഉണ്ടാവും. ആ ബ്രാൻഡുകളിൽ നിന്ന്  മാറാൻ  അല്പം  മാനസിക  ബുദ്ധിമുട്ട്  ഉണ്ടാവും. എന്നാൽ ഇനി സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ സ്ഥിരം  ഉത്പന്നങ്ങളിൽ  നിന്ന്  മാറി പുതിയ  ബ്രാൻഡുകൾ തെരഞ്ഞെടുക്കാനുള്ള ശ്രമം നടത്തുക. ഉത്പന്നങ്ങളുടെ  പുറത്ത് കൊടുത്തിരിക്കുന്ന  മാർഗരേഖകൾ, ചേരുവകൾ എന്നിവ സസൂക്ഷ്മം  വായിച്ച് എന്താണ്  നമ്മുടെ  ആരോഗ്യത്തിന്  ദോഷകരമല്ലാത്തതെന്ന് മനസിലാക്കി വാങ്ങാൻ  ശ്രമിക്കുക. പുതിയ  രുചിയുള്ള  ഭക്ഷണങ്ങൾ, കൊഴുപ്പ്  കുറഞ്ഞ ചീസ് എന്നിവ തെരഞ്ഞെടുക്കുക.  പുതിയ  ഉത്പന്നങ്ങൾ ചിലപ്പോൾ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തിയേക്കാം.

പ്രത്യേക രുചിയില്ലാത്ത  ഭക്ഷണത്തിൽ   അല്പം  മസാല ചേർത്താൽ അതിന്  പുതിയ  രുചി ലഭിക്കും. കുരുമുളക് , ഒറിഗാനോ, ചില്ലി ഫ്ലെക്സ് എന്നിവ  ചേർക്കുമ്പോൾ നമ്മുടെ നാവിന് ഒരു  പ്രത്യേക രുചി  ലഭിക്കും. ഒന്ന് പരീക്ഷിച്ചു നോക്കൂ. നമ്മൾ  ഇന്ത്യക്കാർക്ക് സ്‌പൈസി ആഹാരത്തോട് വലിയ താല്പര്യമാണ് ഉള്ളത്. മനം  മടുപ്പിക്കുന്ന  സലാഡിലും രുചിയില്ലാത്ത ഭക്ഷണത്തിലും അല്പം മസാല ചേർക്കുന്നത് ഭക്ഷണം കൂടുതൽ  രുചികരമാകാൻ സഹായിക്കുന്നു. അങ്ങനെ  ആരോഗ്യമുള്ളതും  രുചികരമായതുമായ ആഹാരം കഴിക്കാൻ സാധിക്കും.

സാലഡ്  തയ്യാറാക്കാം;  വ്യത്യസ്ത രീതികളിൽ 

വീടുകളിൽ  സാധാരണയായി  ഉണ്ടാക്കുന്ന  സാലഡുകളിൽ  കാരറ്റ്, വെള്ളരി, തക്കാളി എന്നിവ മാത്രമാണ്  ഉപയോഗിക്കാറ് .

സാലഡിനെ  സംബന്ധിച്ച് പറഞ്ഞാൽ  അതിൽ  നമുക്ക്   എന്ത് വേണമെങ്കിലും  ചേർക്കാം. അതിനായി  നിർദ്ദിഷ്ട നിയമങ്ങളൊന്നുമില്ല. അതാണ് സാലഡിന്റെ പ്രത്യേകത.  അതുകൊണ്ട് നമ്മുടെ നാവിന്റെ  രുചിക്ക് അനുസൃതമായി സാലഡ് തയ്യാറാക്കാവുന്നതാണ്. ബ്രോക്കോളി, ബീൻസ്, ബീറ്റ്റൂട്ട്, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, ക്യാപ്സിക്കം, വഴുതന, ഇലകൾ തുടങ്ങി  എല്ലാത്തരം  പച്ചക്കറികളും സാലഡിൽ  ചേർക്കാവുന്നതാണ്. ഇഷ്ടാനുസരണം അവ ഉപയോഗിക്കാവുന്നതുമാണ്.

രുചി കൂട്ടി  പാചകം ചെയ്യാം

ശുദ്ധമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും പാചകം ചെയ്യാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെങ്കിലും  അതിനോട്  താൽപര്യമില്ലെങ്കിൽ ആ  രീതി  ഒഴിവാക്കാം. പകരം ബീൻസ് ആണെങ്കിൽ അല്പം വഴറ്റിയും , ഇലക്കറികൾ വേവിച്ചും അതിൽ  അല്പം മസാല തൂകിയും  കഴിക്കാം. എന്നാൽ എണ്ണ പൂർണമായും ഒഴിവാക്കേണ്ടത് തന്നെയാണ്.

പഴങ്ങൾ വേണ്ടാത്തവരും ജ്യൂസ് ഇഷ്ടപ്പെടും 

പഴങ്ങൾ കഴിയ്ക്കാൻ പലരും അത്ര കണ്ട് താല്പര്യം കാണിക്കാറില്ല. പഴച്ചാറുകളാണ് മിക്കവരും  ഇഷ്ടപ്പെടുന്നത് . പ്രധാന കാരണം   കുടുതൽ രുചികരവും  എളുപ്പം കഴിക്കാൻ  സാധിക്കുന്നു എന്നതുമാണ് . അതുകൊണ്ട്  നമ്മുടെ  രുചിക്കനുസരിച്ച്  പഴങ്ങളും പച്ചക്കറികളും ജ്യൂസ് രൂപത്തിൽ കഴിക്കാം.

ചിത്രങ്ങൾ: പിക്സബെ

സോസിലൂടെയും  രുചി കൂട്ടാം

സാധാരണ നിലയിൽ സോസുകളിൽ  കലോറി, കൊഴുപ്പ്, അനാരോഗ്യകരമായ ഘടകങ്ങൾ അങ്ങിനെ  ഒന്നും തന്നെ  ചേർക്കാറില്ല. പച്ചക്കറികൾ ചെറിയ കഷണങ്ങളായി നുറുക്കി അവയ്ക്കൊപ്പം  മയോണൈസ് , തക്കാളി, കെച്ചപ്പുകൾ , കടുക് എന്നിവ ചേർത്ത്   കഴിക്കാവുന്നതാണ്. ഇത്  കൂടുതൽ സ്വാദ് നൽകും.

 – റോഷ്‌നി ദാസ്. കെ 

 

Leave a Reply

Your email address will not be published. Required fields are marked *

മണ്ഡല മകരവിളക്ക്: നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കും

പ്രതിരോധ മരുന്ന് എല്ലാ ആശുപത്രികളിലും ലഭ്യമാക്കണം: രമേശ് ചെന്നിത്തല