B LIVE NEWS

Saturday, May 19th

blive:

നമ്മുടെ ജലാശയങ്ങള്‍ വറ്റുന്നു..

E-mail Print PDF

വര്‍ഷങ്ങള്‍ക്കപ്പുറം കേരളത്തിലെ ജലാശയങ്ങള്‍ കണ്‍മറഞ്ഞുപോകുമോ? ആശങ്കാജനകമായ ഈ ചോദ്യത്തിലേക്കാണ് ശാസ്ത്രലോകം വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞദിവസം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ നടന്ന ശാസ്ത്ര സെമിനാറില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനും ഇപ്പോഴത്തെ ആസൂത്രണബോര്‍ഡ് അംഗവുമായ ഡോ കൃഷ്ണസ്വാമി കസ്തൂരിരംഗനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ ജലസമ്പത്ത് 30 ശതമാനം കുറഞ്ഞതായി കസ്തൂരിരംഗന്‍ വ്യക്തമാക്കി. റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍ വഴി നടത്തിയ പഠനത്തിലാണ് ഇക്കാര്യം മനസിലാക്കാന്‍ കഴിഞ്ഞത്. കേരള വിനോദസഞ്ചാര മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് കസ്തൂരിരംഗന്‍ നടത്തിയിരിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനം പ്രധാനമായും ബാക്ക്വാട്ടര്‍ മേഖലകളില്‍ അധിഷ്ഠിതമാണ്. പ്രധാനമായും കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യതിയാനവും വനം നശിപ്പിക്കപ്പെടുന്നതുമാണ് ജലസമ്പത്ത് കുറയാന്‍ ഇടയാകുന്നതെന്നും കസ്തൂരിരംഗന്‍ പറഞ്ഞു.

റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് മേഖലയില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് കസ്തൂരിരംഗന്‍ പറഞ്ഞു. നിരവധി രാജ്യങ്ങളാണ് ഈ രംഗത്തെ ഇന്ത്യയെ ആശ്രയിക്കുന്നത്. 2016നുള്ളില്‍ ഇന്ത്യ പത്തോളം റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കും. നമ്മുടെ ഭൂമിശാസ്ത്ര പ്രത്യേകതകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായും ജ്യോതിശാസ്ത്രത്തിനുവേണ്ടി ഇന്ത്യ നിര്‍മ്മിച്ച ആസ്ട്രോസാറ്റ് 2012 അവസാനത്തോടെ വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags- Kerala Tourism, Back water Tourism, KTDC, tata institute of fundamental research, ISRO, Planning board, Remote sensing satellite, latest news, malayalam news portal, b live, blivenews.com

 

Add comment