B LIVE NEWS

Saturday, May 19th

blive:

ഗവേഷണ സപര്യയിലൂടെ… ദേശീ-എഡിസണ്‍

E-mail Print PDF

മിനി വാസുദേവ്

ആശയങ്ങള്‍ പലപ്പോഴും ഉരുത്തിരിഞ്ഞു വരുന്നത് ചിന്തകളുടെ നൈരന്തര്യതയില്‍ നിന്നുമാണ്. കഠിന പ്രയത്നവും, ഉത്സാഹവും കൂടിയാവുമ്പോള്‍ ആ ആശയങ്ങള്‍ പ്രായോഗിക തലത്തിലേക്ക് എത്തുന്നു. ബുദ്ധിയില്‍ തെളിയുന്ന ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ കഴിവുള്ള ഗിരീശന്‍ എന്ന കായംകുളത്തുകാരന്‍ യുവാവ് ആലപ്പുഴ നിവാസികള്‍ക്കു പോലും അപരിചിതനാണ്.

മാധ്യമങ്ങളുടെ പ്രാദേശിക പേജില്‍ ഗിരീശനും, കണ്ടുപിടുത്തങ്ങളും ഒതുങ്ങി നിന്നു 27 വയസ്സിനിടയ്ക്ക് 133 ഓളം കണ്ടുപിടുത്തങ്ങള്‍. ഇലട്രോണിക് വാട്ടര്‍ ടാപ്പ്, ഇലട്രോണിക് ആര്‍.സി.ബുക്, നാണയമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കഫേ,കറണ്ടില്ലാതെ പ്രവര്‍ത്തിക്കുന്ന മിക്സി തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഗിരീശന്റെ ഗവേഷണങ്ങളിലെല്ലാം കാലത്തിന്റെ അതിവേഗമാറ്റം ദൃശ്യമാണ്. എംബഡഡ് എന്ന ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് ഈ കണ്ടുപിടുത്തങ്ങള്‍ എല്ലാം. പക്ഷേ ഇതിന്റെയെല്ലാം പിന്നില്‍ ചില സാങ്കേതിക സൌകര്യങ്ങള്‍ വേണമെന്നു മാത്രം. മിക്ക കണ്ടുപിടുത്തങ്ങളിലും സഹായക ഘടകമായി വര്‍ത്തിക്കുന്നത് മൊബൈല്‍ ഫോണാണ്.

ഇലട്രോണിക് ചൂല്‍, ഇ-റേഷന്‍ കട, ഹെല്‍മറ്റിനുള്ള്ലെ എ സി, എം ജി നെഗറ്റീവ് ഗേറ്റ്, ഹെല്‍മെറ്റില്ലാതെ സ്റ്റാര്‍ട്ടാകാത്ത ബൈക്ക് തുടങ്ങി 14 ഓളം കണ്ടെത്തലുകളാണ് പേറ്റെന്റിനു വേണ്ടി സമര്‍പ്പിച്ചിരുക്കുന്നത്. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് പുതിയ തലമുറ അപകടങ്ങളില്‍ ചെന്ന് ചാടുന്നത് തടയാന്‍, മാതാപിതാക്കള്‍ക്ക് പ്രയോജനപ്പെടത്തക്ക വിധത്തിലുള്ള ഒരു മൊബൈല്‍ ഫോണാണ് കണ്ടുപിടുത്തങ്ങളില്‍ എറ്റവും നൂതനമായത്.സ്ക്രീനും, കീ പാഡും ഇല്ലെന്നതാണ് ഈ മൊബൈലിന്റെ പ്രത്യേകത. രക്ഷിതാക്കള്‍ക്ക് മാത്രം അറിയാവുന്ന, അവര്‍ മുന്‍കൂട്ടി ഫീഡ് ചെയ്യുന്ന ഒരു രഹസ്യ നമ്പര്‍ വഴി ലോകത്തിന്റെ ഏത് കോണില്‍ നിന്നും കുട്ടികളെ വിളിക്കാം. രഹസ്യ നമ്പര്‍ ഇല്ലാതെയും വിളിക്കാം. ഫോണ്‍ ബെല്ലടിക്കും. പക്ഷേ കാള്‍ സ്വീകരിച്ച് സംസാരിക്കാന്‍ കഴിയില്ല എന്നു മാത്രം. താന്‍ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ പേറ്റന്റ് ഏതെങ്കിലും മൊബൈല്‍ ഫോണ്‍ കമ്പനിക്ക് നല്‍കാനും തയ്യാറാണ് ഗിരീശന്‍.

ഗിരീശന്റെ ശ്രദ്ധേയമായ ഏതാനും ചില കണ്ടുപിടുത്തങ്ങള്‍:

എം.ജി.നെഗറ്റീവ് ഗേറ്റ്- ആളില്ലാ വെലല്‍ ക്രോസ്സിലെ അപകടങ്ങള്‍ ഉഴിവാക്കാന്‍ സ്വയം പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യ. സ്റ്റേഷനില്‍ ഇരുന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന യന്ത്ര സംവിധാനമാണിത്. ഒരു സ്റ്റേഷനില്‍ നിന്ന് അടുത്ത സ്റ്റേഷനിലേക്ക് ട്രെയിന്‍ പുറപ്പെടും മുമ്പ് സ്റേഷനിലെ നിശ്ചിത ബട്ടണില്‍ വിരലമര്‍ത്തുമ്പോള്‍, രണ്ട് സ്റ്റേഷനുകള്‍ക്കുമിടയിലുള്ള മുഴുവന്‍ ഗേറ്റുകളിലും ചുവന്ന സിഗ്നല്‍ തെളിയുകയും, തുടര്‍ന്ന് നിശ്ചിത സമയത്തിനുള്ളില്‍ അലാറം മുഴക്കിക്കൊണ്ട് ഗേറ്റുകള്‍ അടയുകയും ചെയ്യുന്നു. ഗേറ്റ് തുറന്നു കിടക്കുമ്പോള്‍ ട്രാക്കില്‍ ചുവപ്പും, അടയുമ്പോള്‍ പച്ചയും സിഗ്നലുകള്‍ തെളിയും. ഗേറ്റ് തുറന്നു കിടക്കുമ്പോള്‍ ചുമന്ന സിഗ്നല്‍ കത്തിക്കിടക്കുന്നതിനാല്‍ ഗേറ്റിനു സമീപം എത്തുന്നതിനു മുമ്പേ ട്രെയിന്‍ നിര്‍ത്താന്‍ സാധിക്കും. ഗേറ്റുകള്‍ ഓരോന്നും കടന്ന് ട്രെയിന്‍ പോയശേഷം 500 മീറ്റര്‍ കഴിയുമ്പോള്‍ ഗേറ്റ് തനിയേ തുറക്കത്തക്കവിധമാണ് ഇതിന്റെ പ്രവര്‍ത്തനരീതി.

എം.ജി.ലൈഫ് സേവര്‍- വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈലില്‍ സംസാരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നിരിക്കെ, അതിനൊരു പരിഹാരവുമാണ് മൊബൈല്‍ ഫോണുപയോഗിച്ച് വാഹനത്തെ വിരല്‍ത്തുമ്പില്‍ നിയന്ത്രിച്ചു നിര്‍ത്താവുന്ന ഈ ഉപകരണം. ഇത് ഘടിപ്പിച്ച വാഹനത്തില്‍ പോകുമ്പോള്‍, മൊബൈല്‍ ശബ്ദിച്ചാല്‍ വാഹനത്തിന്റെ വേഗത തനിയെ കുറയുകയും ഫോണ്‍ ഓഫ് ചെയ്തില്ലെങ്കില്‍ വാഹനം നില്‍ക്കുകയും ചെയ്യും. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെയും, സിഗ്നല്‍ ട്രേസറിന്റെയും സഹായത്താലാണ് എം.ജി. ലൈഫ് സേവറിന്റെ പ്രവര്‍ത്തനം.

ഗ്ളോബല്‍ സെക്യൂരിറ്റി സിസ്റ്റം-അനുവാദമില്ലാതെ വീട്ടിനുള്ളില്‍ പ്രവേശിക്കുന്നവരെ കുടുക്കാനുള്ള സംവിധാനം. പ്രത്യേകിച്ചും കള്ളന്മാരെ. ഫോണിലെ അക്കങ്ങളില്‍ വിരലമര്‍ത്തുന്നതിലൂടെ വിവിധ രീതികളിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.1 അമര്‍ത്തിയാല്‍ മോഷ്ടാവിനോട് സംസാരിക്കാം, 2 അമര്‍ത്തിയാല്‍ മോഷ്ടാവിന്റെ ചിത്രം എടുക്കാം, 3 ലാണ് അമര്‍ത്തുന്നതെങ്കില്‍ കളളനെ കണ്ട് ഭയന്ന് വിളിച്ചുകൂവുന്നത് അയല്‍വാസികള്‍ക്ക് കേള്‍ക്കാനാവും.

വയര്‍ലെസ് വോട്ടിംഗ് മെഷീന്‍- വോട്ടിംഗിനിടയില്‍ വ്യാപകമാകുന്ന കള്ളവോട്ട് തടയാനുള്ള സാങ്കേതിക സംവിധാനം. പോളിംഗ് ബൂത്തിലുള്ള ടച്ച് പാഡ്, ഒരു മീറ്ററോളം അകലത്തില്‍ സ്ഥാപിക്കാവുന്ന കൌണ്ടിംഗ് സെക്ഷന്‍, എന്ന് രണ്ട് ഭാഗങ്ങളെ ആശ്രയിച്ചാണ് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം. ടച്ച് പാഡില്‍ സമ്മദിദായകന്‍ വോട്ട് ചെയ്തശേഷം, കൌണ്ടിംഗ് സ്റേഷനില്‍ ഇരിക്കുന്ന പോളിംഗ് ഓഫീസര്‍ ഇതിലെ മെമ്മറി യൂണിറ്റിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ മാത്രമേ വോട്ട് രേഖപ്പെടുത്തൂ. പോസ്റല്‍ വോട്ട് ചെയ്യുന്നവര്‍ക്കും ഉപകാരമാണ് ഈ യന്ത്രം. ഇതിനുള്ളില്‍ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് ഉളളതിനാല്‍ സമ്മദിദായകന് മൊബൈല്‍ ഫോണ്‍ വഴി എവിടെ നിന്നുവേണമെങ്കിലും വോട്ട് രേഖപ്പെടുത്താം.

ഇ-റേഷന്‍ കട- സാധാരണ റേഷന്‍ കടകളില്‍ നിന്ന് വ്യത്യസ്തമായിട്ടൊരു റേഷന്‍ കട. കാര്‍ഡോ,ക്യൂവോ ഈ റേഷന്‍ കടയില്‍ ആവശ്യമില്ല. പെന്‍ ഡ്രൈവു പോലെ ഉപയോഗഗക്കാവുന്ന ഒരു കാര്‍ഡില്‍ക്കൂടിയാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ കാര്‍ഡ് റേഷന്‍ കടയിലുള്ള ഉപകരണത്തില്‍ തിരുകി വെയ്ക്കുന്നതിലൂടെ ഉപഭോക്താവിന്റെ വിവരങ്ങള്‍ സ്ക്രീനില്‍ തെളിയുന്നു. അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ പേരും, അളവും രേഖപ്പെടുത്തിയാല്‍ കൌണ്ടറിലുള്ള ഹോളിലൂടെ സാധനങ്ങള്‍ ലഭ്യമാകും. മൊബൈല്‍ കാര്‍ഡ് ചാര്‍ജ്ജ് ചെയ്യുംപോലെ ചാര്‍ജ്ജു ചെയ്ത് ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഹെല്‍മെറ്റ് ഇല്ലാതെ സ്റ്റാര്‍ട്ടാകാത്ത ബൈക്ക്- ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്ര വാഹനക്കാര്‍ ഫൈനടയ്ക്കേണ്ടി വരുന്ന സാഹചര്യത്തില്‍, ഒരനുഗ്രഹമെന്നോണമാണ് ഹെല്‍മെറ്റും, ബൈക്കും തമ്മിലുള്ള ഈ പ്രവര്‍ത്തന സംവിധാനം.ഹെല്‍മെറ്റ് ധരിക്കാതെ ഈ വണ്ടി ഓടിച്ചാല്‍ 50 മീറ്ററിലെ ഓട്ടത്തിനിടയില്‍ തനിയെ നിന്നു പോകും. തുടര്‍ന്ന് വണ്ടി സ്റ്റാര്‍ട്ടാകണമെങ്കില്‍ ഹെല്‍മെറ്റ് കൂടിയേ തീരൂ.

അടച്ചിട്ട മുറിയിലിരുന്നുള്ള പരീക്ഷണങ്ങള്‍ക്കൊന്നും ഒരിക്കല്‍ ആകാശത്ത് കണ്ട അത്ഭുത ഗോളത്തെയും, അതിനുണ്ടായ മാറ്റങ്ങളും മൂവിക്യാമറയില്‍ പകര്‍ത്തി അമേരിക്കയിലെ അണ്‍ഐഡന്റി ഫൈഡ് ഫ്ളയിംഗ് ഓബ്ജക്ട്സ് സെന്ററിന് അയച്ചുകൊടുത്തതില്‍ നിന്നും വാന നിരീക്ഷണത്തില്‍ ഗിരീശനുള്ള കൌതുകം കൂടി മനസ്സിലാക്കാം. കേരളത്തില്‍ ഈ യുവ ശാസ്ത്രജ്ഞന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും യു.എസ്. ഹോണര്‍ സൊസൈറ്റിയുടെ യുവ ശാസ്ത്ര പ്രതിഭയ്ക്കുള്ള ബഹുമതി തേടിയെത്തിയത് അഭിമാനിക്കാനിടനല്‍കുന്ന ഒന്നാണ്. എ.പി.ജെ.അബ്ദുള്‍ കലാം ആസാദ്, ഐ.എസ്.ആര്‍.ഒ ഡയരക്ടറന്മാരായിരുന്ന ജി.മാധവന്‍ നായര്‍, ഡോ.കെ.രാധാകൃഷ്ണന്‍ എന്നിവരാണ് ഗിരീശനെ സ്വാധീനിച്ച വ്യക്തികള്‍.

മതങ്ങളും ശാസ്ത്രവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും, ശാസ്ത്രത്തെ മതങ്ങളില്‍ നിന്ന് ഉഴിച്ചു നിര്‍ത്താനാവില്ലെന്നും ഗിരീശന്‍ വിശ്വസിക്കുന്നു. ജ്യോതിഷ പണ്ഡിതനായ അച്ഛന്‍ ഗോപാല മേനോനില്‍ നിന്നും ലഭിച്ച ഭാരതീയ ശാസ്ത്രത്തിലുള്ള അറിവും, ഇലട്രോണിക്സിലുള്ള താല്പര്യവുമാണ് ഈ കണ്ടുപിടുത്തങ്ങള്‍ക്കൊക്കെ പ്രേരണയായത്. “ലോകത്തിനു തന്നെ മാതൃകയാണ് ഈ കണ്ടുപിടുത്തങ്ങളെല്ലാമെന്നും, വളര്‍ന്നു വരുന്ന ഈ പ്രതിഭ കേരളത്തിനെന്നല്ല ഭാരതത്തിനുതന്നെ അഭിമാനമാണെന്നും” കേരള സര്‍വകലാശാല ബയോ ഇന്‍ഫോര്‍മാറ്റിക്സ് ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍.എസ്.നായര്‍ അഭിപ്രായപ്പെടുന്നു. ഗിരീഷിനെ അദ്ദേഹം ‘ദേശീ-എഡിസണ്‍’ എന്നാല്‍ ‘നാടന്‍ എഡിസണ്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിനു തുക ചെലവഴിച്ചിട്ടാണ് ഈ നിരീക്ഷണ -പരീക്ഷണങ്ങള്‍. ഗവണ്‍മെന്റിന്റെ ധനസഹായം സ്വീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തക്ക രീതിയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ഗിരീഷിന്റെ ആഗ്രഹം. ഇലട്രോണ്ക്സില്‍ ബിരുദാനന്തര ബിരുദം നേടി, ഉപരി പഠനത്തിനു തയ്യാറെടുക്കുന്ന ഗിരീഷ് പത്തനംതിട്ട പെരിനാട് കാര്‍മല്‍ എഞ്ചിനിയറിംഗ് കോളേജിലെഅദ്ധ്യാപകനാണ്. മാതാപിതാക്കന്മാരുടെയും, സഹോദരിയുടെയും, ഡോ.അച്യുത് ശങ്കര്‍.എസ്.നായരുടെയും പൂര്‍ണ്ണ പിന്തുണയോടെ ഗിരീഷ് എന്ന യുവ ശാസ്ത്രജ്ഞന്‍ തന്റെ ഗവേഷണം തുടരുകയാണ്… അനുസ്യൂതമായി...

Tags- Discovery, innovation, science, electronics, kerala, Information technology, Technology, India, ISRO, Gireesh, Edison, experiments, patent, science and technology

Add comment