Neyyappam , junk food , children, health, school, bakery, packed food,
in , , ,

കുട്ടികൾ കൈവിട്ട നെയ്യപ്പം; വില്ലന്മാരായി ജങ്ക് ഫുഡ്

പണ്ടു പണ്ടെങ്ങാണ്ടോ ഏതോ ഒരു അയ്യപ്പൻറെ അമ്മ നെയ്യപ്പം ( Neyyappam ) ചുട്ടതും ആ നെയ്യപ്പം തട്ടിപ്പറിച്ചു കൊത്തിപ്പറന്ന ഒരു കള്ളക്കാക്ക അത് കടലിലിട്ടതും തുടർന്നുണ്ടായ സംഭവ വികാസങ്ങളുമൊക്കെ നാമേവർക്കും അറിവുള്ളതാണല്ലോ.

എന്നാൽ ഇന്നോ? നെയ്യപ്പം ചുടാൻ അമ്മമാർക്കും മറ്റും പല കാരണങ്ങളാൽ താത്പര്യമില്ലാതായി.

കഥയിലോ കവിതയിലോ പോലും അച്ഛന്മാർ നെയ്യപ്പം ചുട്ടതായി കേട്ടുകേഴ്വിയില്ലാത്തതിനാൽ അവരെ തത്കാലം ഒഴിവാക്കാം.

കാക്കയോട് കുശലം ചോദിച്ചു നിന്ന കുട്ടിക്കു പറ്റിയ ഒന്നൊന്നര പറ്റ് ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന വരികളിലൂടെ നേരത്തെ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ടല്ലോ.

( പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ പണ്ടു കുറിച്ചതാണെന്നും അല്ല ഇതൊരു നാടൻ പാട്ടാണെന്നുമുള്ള തർക്കങ്ങൾ നേരത്തെ കൊടുമ്പിരി കൊണ്ടത് ഇത്തരുണത്തിൽ ഓർത്ത് പോകുന്നു. നമ്മുടെ വിഷയം ഇപ്പോൾ ഇതല്ല എന്നതിനാൽ ആ വിവാദ വിഷയവും ഇപ്പോൾ ഒഴിവാക്കി വിട്ടേക്കാം. അല്ലേ?)

അപ്പോൾ പറഞ്ഞു വന്നത് കാക്കയുടെയും കുഞ്ഞിന്റെയും കാര്യമാണല്ലോ. കാക്കയുടെ കൂട് എവിടെയാണെന്ന് ആരാഞ്ഞ ശേഷം കൂട്ടിലെ കുഞ്ഞിന്റെ ആരോഗ്യ കാര്യത്തിൽ ആവലാതി പൂണ്ട് അതിന് തീറ്റ കൊടുത്തില്ലെങ്കിൽ അത് കരയില്ലേ എന്നും മറ്റും വേവലാതിപ്പെട്ട കുട്ടിയോട് ‘എങ്കിൽ നിന്റെ കൈയ്യിലെ നെയ്യപ്പം തരുമോ?’ എന്ന് ആ പാവം കാക്ക ആശയോടെ ചോദിക്കുന്നു.

( ഇനി ഈ കുട്ടി തന്നെയാണോ മറ്റേ കുട്ടി? നമ്മുടെ അയ്യപ്പൻ കുട്ടി. ആവോ ആർക്കറിയാം?!)

ഉടൻ തന്നെ ആ കുട്ടിയുടെ തനിനിറം വെളിപ്പെടുന്നു. ‘അത് പിന്നെ ഞാനൊരു കൗതുകത്തിന് ചോദിച്ചതല്ലേ എന്നും ഈ നെയ്യപ്പം തരാനെനിക്ക് മനസില്ലെന്നും’ കരുണ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ കുട്ടി തീർത്തു പറയുന്നു.

പിന്നെ സംഭവിച്ചത് ചരിത്രം. ‘ങാഹാ, അത്രക്കായോ? എന്നാലിപ്പോൾ കാണിച്ചു തരാം’ എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് പാഞ്ഞു വന്ന ആ കാക്ക കുട്ടിയുടെ കൈയ്യിൽ നിന്നും നെയ്യപ്പം തട്ടിപ്പറിച്ച് കടന്നു കളയുകയായിരുന്നുവത്രെ.

‘അയ്യോ കാക്കേ പറ്റിച്ചോ’ എന്ന് കുട്ടി ഉറക്കെ നിലവിളിക്കുന്നു. ആ രോദനം ഇപ്പോഴും ചക്രവാളങ്ങളിൽ മുഴങ്ങുന്നുണ്ടെന്നാണ് ജനശ്രുതി. അതിന് ശേഷമാണത്രെ കാക്കയും കുട്ടികളും തമ്മിൽ നിതാന്ത വൈരം ഉടലെടുത്തത്.

തരം കിട്ടിയാൽ കുട്ടിയുടെ തലയിലൊരു കൊത്തു കൊടുക്കുന്ന കാക്ക. കാക്കയെ കാണുന്ന വേളയിൽ കല്ലെടുത്ത് ഏറു നടത്തി ആഘോഷിക്കുന്ന കുട്ടികൾ. ഇങ്ങനെ പോകുന്നു പഴം കഥ.

പക്ഷെ, ഇക്കാലത്ത് ഈ വക വിഷയങ്ങളിൽ കുട്ടികൾക്ക് താല്പര്യമില്ലാതായിട്ടുണ്ട്. ബേക്കറികളിലും മറ്റും പ്ലാസ്റ്റിക് കവറുകളിൽ നെയ്യപ്പം ലഭ്യമാണെങ്കിലും അത് കൊതിയോടെ അകത്താക്കാൻ കുട്ടികുറുമ്പന്മാർക്കും കുറുമ്പത്തികൾക്കും താത്പര്യമില്ല.

കാക്കകൾക്കുമില്ല പഴയ ആ ഉത്സാഹവും ചുറുചുറുക്കും. കാരണം കൈയ്യിൽ നെയ്യപ്പവുമായി കുശലമന്വേഷിച്ച് കുട്ടികളിപ്പോൾ എത്താറില്ല.

സ്‌കൂളിലോ ട്യൂഷനോ ഓടുമ്പോഴല്ലാതെ ഇവറ്റകളെ വീടിനു പുറത്ത് കാണാറേയില്ലെന്നാണ് കാക്കകളുടെ പരാതി. ഏത് സമയവും വീട്ടിനുള്ളിൽ ടിവിയും ടാബും ഒക്കെയായി കണ്ണിന് ‘പണി’ കൊടുക്കുന്ന തിരക്കിലാണ് കുട്ടികളെന്ന് കാക്കകൾ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ കുട്ടികൾ പറയുന്നത് കേൾക്കുക:

ഏത് സമയവും ‘പഠിക്ക്, പഠിക്ക്’ എന്ന പല്ലവി റെക്കോർഡ് ചെയ്ത പോൽ കേൾപ്പിക്കുന്ന മാതാപിതാക്കൾ.

തീർത്താൽ തീരാത്ത ഹോം വർക്കുകൾ, അസൈൻമെന്റുകൾ, പരീക്ഷകൾ. . . അങ്ങനെ തിരക്കോടു തിരക്ക്.

അര മണിക്കൂർ കൂട്ടരുമൊത്ത് കളിയാടാമെന്ന ആഗ്രഹം അദമ്യമാണെങ്കിലും അതിന് സമയമെവിടെ? കളിസ്ഥലങ്ങളെവിടെ?

അതിനിടയിൽ മുതിർന്നവരുടെ കൈയ്യും കാലും പിടിച്ചു കുറച്ചു നേരം ടിവിയോ മറ്റോ കാണുമ്പോൾ തുടങ്ങും പഴയ കുട്ടിക്കാലത്തെ കുറിച്ചുള്ള ‘ഫ്രൂട്ട് പുരാണം’.

ഞങ്ങൾക്കു കൂടി അവകാശപ്പെട്ട വയലുകളും തോപ്പുകളും മലകളും തകർത്തെറിഞ്ഞ് ബഹുനില മന്ദിരങ്ങൾ പണിയുന്ന മുതിർന്നവർ തന്നെയാണ് ഞങ്ങൾക്ക് നഷ്‌ടമായ കുട്ടിക്കാലത്തെ പറ്റി സമൂഹമാധ്യമങ്ങളിൽ വാതോരാതെ പ്രസംഗം നടത്തുന്നതെന്ന വൈചിത്ര്യവുമുണ്ട് നിലവിൽ.

ജങ്ക് ഫുഡിന്റെ ചൂണ്ടയിൽ കുടുങ്ങിയ പാവങ്ങൾ

കേരളത്തിലെ മിക്ക അമ്മമാരും ഉദ്യോഗസ്ഥരാണെന്നിരിക്കെ രാവിലെയുള്ള ഓട്ടപ്പാച്ചിലിനിടയിൽ അവർ തയ്യാറാക്കുന്ന വിഭവങ്ങൾ ഭക്ഷിക്കാൻ മിക്കവാറും കുട്ടികൾ തയ്യാറാകാറില്ല.

സമയക്കുറവിന്റെയോ രുചിയില്ലായ്മയുടെയോ കാരണങ്ങൾ നിർത്തിക്കൊണ്ട് സ്കൂളിലേയ്ക്ക് ഓട്ടപ്പാച്ചിൽ നടത്താൻ തയ്യാറാകുന്ന മക്കൾക്ക് പുറത്തു നിന്നും ഭക്ഷണം കഴിക്കുവാനായി സ്നേഹ നിധികളായ അമ്മമാർ പലപ്പോഴും പോക്കറ്റ് മണി നൽകാറുമുണ്ട്.

മക്കൾ വിശന്നിരിക്കുന്നത് സഹിക്കാനാകാത്ത ‘കരുണാമയികളായ’ നമ്മൾ അമ്മമാർ പക്ഷേ ഗുണത്തേക്കാളേറെ ദോഷമാണ് ഈ പ്രവർത്തിയിലൂടെ ചെയ്യുന്നതെന്ന് പലപ്പോഴും ബോധപൂർവ്വം വിസ്മരിക്കുകയല്ലേ?

ജങ്ക് ഫുഡ് കഴിച്ചാൽ പിടിപെടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ പറ്റി നാമേവർക്കും നല്ല ധാരണയുണ്ട്. എങ്കിലും കുട്ടികളുടെ പിടിവാശിക്കു മുന്നിൽ നാം പലപ്പോഴും മുട്ടുകുത്താറാണ് പതിവ്.

കുട്ടികളുടെ ആരോഗ്യവും അവര്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നിരിക്കെ കുട്ടികള്‍ക്ക് കൊടുക്കാവുന്ന നല്ല ഭക്ഷണവും മോശം ഭക്ഷണവും തിരിച്ചറിയേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ്.

സ്‌കൂൾ വിടുന്ന വേളയിൽ ആ പരിസരത്തെ ബേക്കറികളിൽ ഒന്ന് കയറി നോക്കൂ. അപ്പോൾ മനസ്സിലാക്കാനാകും നമ്മുടെ കുഞ്ഞുങ്ങൾ തിരഞ്ഞെടുക്കുന്ന ഭക്ഷണവിഭവങ്ങൾ ആരോഗ്യകരമായതാണോ എന്ന്?

പിസ, സാന്‍വിച്ച്, ബർഗർ, ഹോട്ട് ഡോഗ്, മീറ്റ് റോൾ, കെഎഫ്സി വിഭവങ്ങൾ എന്നിങ്ങനെ അനാരോഗ്യത്തിന് കാരണമാകുന്നവയാണ് കുട്ടികളിലേറെപ്പേരും തിരഞ്ഞെടുക്കുക.

ഫാസ്റ്റ് ഫുഡ് സംസ്കാരം വേഗം പടർന്നുപിടിക്കുന്ന നഗരങ്ങളിലെ സ്കൂളുകളിൽ സ്വകാര്യ സ്കൂളുകളിലെ കുട്ടികളിലാണു പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ ഏറെയും കണ്ടെത്തിയിട്ടുള്ളത്.

ആറു വയസ്സും 20 കിലോഗ്രാം ശരീരഭാരവുമുള്ള കുട്ടിക്ക് ഒരു ദിവസം വേണ്ടത് 1500 കിലോ കലോറിയാണ്. 10 വയസ്സും 30 കിലോ ഭാരവുമുള്ള കുട്ടിക്ക് ഇത് 1700 കിലോ കലോറിയും. കൗമാരക്കാരായ ആൺകുട്ടികൾക്ക് 2400 കിലോ കലോറിയും പെൺകുട്ടികൾക്ക് 2200 കിലോ കലോറിയും ആവശ്യമാണ്.

ഒരു ബർഗറോ മീറ്റ് റോളോ രണ്ടു കഷണം ഫ്രൈഡ് ചിക്കനോ കഴിക്കുമ്പോൾ ലഭിക്കുന്നത് 1200-1500 കിലോ കാലറി. കഴിക്കുന്ന ഭക്ഷണത്തിലെ കൂടുതൽ കലോറിയെല്ലാം അധിക ഊർജമാണ്. ഇത് പൊണ്ണത്തടിക്ക് വഴി തെളിക്കുന്നു.

മന്ത്രജാലം കാട്ടുന്ന ‘മായ’ഭക്ഷണങ്ങൾ

Neyyappam , junk food , children, health, school, bakery, packed food,

ഭക്ഷണത്തിന്റെ രുചിയും ആകർഷണവും കൂട്ടാനായി ചേർക്കുന്ന കൃത്രിമ നിറങ്ങളും പൂപ്പൽ ഒഴിവാക്കാൻ ചേർക്കുന്ന സോഡിയം ബെൻസൊയേറ്റ്, പൊട്ടാസ്യം ബെൻസൊയേറ്റ് എന്നിവയൊക്കയും ജങ്ക് ഫുഡിൽ അടങ്ങിയിട്ടുണ്ട്.

സംസ്കരിച്ച മാംസാഹാരത്തിലെ സോഡിയം നൈട്രേറ്റും വില്ലൻ തന്നെ. ഭക്ഷണസാധങ്ങൾ വറുക്കുവാനും പൊരിക്കുവാനും ഉപയോഗിക്കുന്ന എണ്ണ പാത്രത്തിൽ നിന്നു മാറ്റാതെ വീണ്ടും വീണ്ടും ചൂടാമ്പോൾ അടിഞ്ഞുകൂടുന്ന പദാർത്ഥങ്ങളും ആരോഗ്യത്തിന് ഭീഷണിയാണ്.

ഹോർമോൺ കുത്തി വച്ചു വളർത്തുന്ന കോഴികളുടെയും മറ്റും മാംസം നിരന്തരം കഴിക്കുമ്പോൾ ആ വളർച്ചാ ഹോർമോണുകൾ മനുഷ്യശരീരത്തിൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നു.

പായ്ക്ക് ചെയ്തു വരുന്ന ചില മായം കലർന്ന ഭക്ഷണങ്ങളിലും ചില റസ്റ്ററന്റുകളിൽ നിന്നു വാങ്ങുന്ന വിഭവങ്ങളിലുമെല്ലാം രുചി വർദ്ധിപ്പിക്കുവാനായി ‘അജിനോമോട്ടോ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മോണാ സോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) ഉപയോഗിക്കുന്നുണ്ട്.

ആരോഗ്യത്തിന് വില്ലനായി ജങ്ക് ഫുഡ്

കലോറി കൂടിയ ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നതുമൂലം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയായതായി അടുത്തിടെ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

കൊച്ചി ആസ്‌ഥാനമായുള്ള മീഡിയ റിസർച്ച് ഫൗണ്ടേഷനാണ് തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്‌ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ച് പഠനം നടത്തിയ ശേഷം സുപ്രധാനമായ ഈ റിപ്പോർട് പുറത്തിറക്കിയത്.

പായ്ക്ക് ചെയ്ത പാനീയങ്ങളുടെ വിപണിയും മുഖ്യമായും കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. കഞ്ഞിവെള്ളം, സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവയെ വെല്ലുന്ന ഒരു എനർജി ഡ്രിങ്കുമില്ലെന്നിരിക്കെയാണ് കൃത്രിമ നിറങ്ങളും രാസപദാർത്ഥങ്ങളും കലക്കിയ പായ്ക്ക് ചെയ്ത പാനീയങ്ങൾക്ക് പിന്നാലെ യുവ തലമുറ പായുന്നത്.

ഒന്നര ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്നിരിക്കെ നമ്മുടെ കുട്ടികൾ വാട്ടർ ബോട്ടിലിൽ കൊണ്ടു പോകുന്ന വെള്ളവും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാകുന്നു.

കുട്ടികളുടെ വളർച്ചയ്ക്കു വേണ്ട സമീകൃതാഹാരം

വാഴപ്പഴം, ചക്കപ്പഴം, മാമ്പഴം, പേരയ്ക്ക എന്നിങ്ങനെ ഓരോ സമയത്തും ലഭ്യമായ പഴങ്ങൾ നൽകുന്നതിലൂടെ കുട്ടികൾക്ക് വൈറ്റമിൻ ലഭ്യമാക്കാം.

ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ പച്ചക്കറിയിൽ നിന്നും അവർക്ക് ലഭിക്കും.

അരി, ഗോതമ്പ് എന്നിവയാൽ തയ്യാറാക്കിയ ആഹാരങ്ങൾ നൽകുന്നതിലൂടെ അന്നജവും ( കാർബോ ഹൈഡ്രേറ്റ്), ആവശ്യമായത്ര ഊർജ്ജവും ലഭ്യമാകും.

പയറും കടലയും പാലും ഉൾപ്പെടെയുള്ളവ നൽകിക്കൊണ്ട് അവരുടെ ശരീരത്തിനു വേണ്ട പ്രോട്ടീൻ ലഭ്യമാക്കാവുന്നതാണ്. മുളപ്പിച്ച പയറായാൽ ഏറെ ഉത്തമം.

ജങ്ക് ഫുഡ് അധികം കഴിക്കുന്നവരില്‍ പൊണ്ണത്തടി, പ്രമേഹം, മലബന്ധം, ഹോർമോൺ വ്യതിയാനം എന്നിങ്ങനെ അനവധി ആരോഗ്യ പ്രശ്നങ്ങൾ
ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ ലോക പ്രശസ്ത ആരോഗ്യപ്രവർത്തകർ പോലും സാക്ഷ്യപ്പെടുത്തിയിട്ടും ഒരു മാറ്റത്തിന് നാം തയ്യാറാകാത്തത് മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തിയാണ്.

‘ഓ, എപ്പോഴുമില്ലല്ലോ, വല്ലപ്പോഴുമല്ലേ? ഒന്നും കഴിക്കാതിരുന്നാൽ തളർന്നു വീഴില്ലേ?’ എന്നിങ്ങനെ ഒട്ടനവധി ന്യായീകരണങ്ങളുണ്ടാകും നമുക്ക് നിരത്താൻ. ഒരിക്കലും ഒഴിയാത്ത തിരക്കിൻറെ കാരണം നിരത്തി കുട്ടികൾക്ക് ഇഷ്ടമാകുന്ന വിധത്തിൽ വീട്ടിൽ തന്നെ ഭക്ഷണമുണ്ടാക്കാൻ മടി കാരണമോ അനാരോഗ്യം കാരണമോ നമ്മിൽ പലരും തയ്യാറാകാറില്ലെന്നതാണ് വാസ്തവം.

ബ്രാൻഡഡ് സ്നാക്സുകൾ, ബേക്കറി വിഭവങ്ങൾ എന്നിവയ്ക്ക് അടിമപ്പെട്ട ഭാവി തലമുറയെ അതിൽ നിന്ന് പിന്തിരിപ്പിച്ച് നല്ല ഭക്ഷണശീലം പരിചയപ്പെടുത്തിക്കൊണ്ട് ആരോഗ്യത്തോടെ സംരക്ഷിക്കേണ്ട ബാധ്യത രക്ഷാകർത്താക്കൾക്കും അധികൃതർക്കും ഒരുപോലെയുണ്ടെന്നതിൽ ആർക്കുമില്ല തർക്കം.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടിയുമാകണം: മന്ത്രി

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

നിതാന്ത ദുരിതത്തിന് അന്ത്യമോ? ശുഭ പ്രതീക്ഷയോടെ ഇന്ത്യൻ കർഷകർ