in ,

നിപ വൈറസ് ഉന്മൂലനം ആരോഗ്യ മേഖലയുടെ ശക്തി തെളിയിച്ചു: ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയുടെ ശക്തി തെളിയിച്ച സംഭവമാണ് നിപ വൈറസിന്‍റെ ഉന്മൂലനമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു.

രോഗം പടര്‍ന്നുപിടിക്കുന്നതു തടഞ്ഞുവെന്നുമാത്രമല്ല, അതിന്‍റെ വേരറുക്കുന്ന ജാഗ്രതയാണ് തുടര്‍ന്നുണ്ടായത്. നാടിനെയൊന്നാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ തടഞ്ഞതുവഴി കേരളത്തിലെ ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ആരോഗ്യസര്‍വകലാശാലാ സ്റ്റുഡന്‍റ്സ് മെഡിക്കല്‍ റിസര്‍ച്ച് 2018ന്‍റെ ദ്വിദിന ദേശീയ സമ്മേളനം മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിശുമരണനിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തിനായതും പ്രധാനപ്പെട്ട നേട്ടമാണ്. ആര്‍ദ്രം പദ്ധതി പോലെ ആരോഗ്യമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുകയും അവ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. പരിസര ശുചീകരണത്തിലെ പാളിച്ച ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കിടയാക്കുന്നതിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. സാമൂഹിക വിപത്തായ പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്യാനുള്ള പരിശ്രമം തുടര്‍ന്നും ഉണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനം നേരിട്ട വലിയൊരു വിപത്തായ നിപയെ ഗവേഷണ വിഷയമാക്കിയതിനെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം ചെയ്യാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം കെ സി നായര്‍ ആമുഖപ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആരോഗ്യസര്‍വകലാശാല ഡീന്‍ (റിസര്‍ച്ച്) ഡോ ഹരികുമാരന്‍ നായര്‍ ആശംസാപ്രസംഗം നടത്തി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു സ്വാഗതവും മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് അതാതുരംഗത്തെ വിദഗ്ധര്‍ നയിച്ച ക്ലാസുകളും പ്രബന്ധാവതരണവും നടന്നു.

അച്യുതമേനോന്‍ സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് (ശ്രീചിത്ര) മേധാവി ഡോ വി രാമന്‍കുട്ടി, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ ബി ഇക്ബാല്‍, കൊച്ചി എ ഐ എം എസിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ കെ വിജയകുമാര്‍ എന്നിവരുടെ അധ്യക്ഷതയിലാണ് പ്രബന്ധാവതരണങ്ങള്‍ നടന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹെല്‍ത്ത്) ഡോ രാജീവ് സദാനന്ദന്‍ ഐ എ എസ്, സോഷ്യല്‍ പ്രോഗ്രസ് അന്താരാഷ്ട്ര പാനല്‍ അംഗമായ ഡോ കെ പി കണ്ണന്‍, സെന്‍റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് മേധാവി ഡോ പി ഒ നമീര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ ആര്‍ എല്‍ സരിത, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി ഡോ വിനോദ് എബ്രഹാം, കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ എ എസ് അനൂപ് കുമാര്‍, ഡോ ജി അരുണ്‍കുമാര്‍ (മണിപ്പാല്‍ സെന്‍റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച്), ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ കെ ജെ റീന തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മെഡിക്കല്‍, ഡെന്‍റല്‍, നേഴ്സിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 215 ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. അവസാനദിനമായ ശനിയാഴ്ച പേപ്പര്‍ പ്രസന്‍റേഷനും റിസര്‍ച്ച് പേപ്പറുകളുടെ പ്രസിദ്ധീകരണം സംബന്ധിച്ച് പ്രൊഫ. ഡോ വി രാമന്‍കുട്ടി നയിക്കുന്ന ക്ലാസും ഉണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

3 ആശുപത്രികളുടെ വികസനത്തിന് 28.05 കോടി രൂപയുടെ ഭരണാനുമതി

സൈൻസ് 2018 ലെ പുരസ്കാര ചിത്രങ്ങൾ തൃശൂർ പ്രസ്ക്ലബിൽ പ്രദർശിപ്പിക്കും