Nipah virus , facebook post, Shiju Divya , Non-kerala labourers, social media, fever, bats, 
in ,

പ്രതിരോധിക്കേണ്ടതുണ്ട്; ഭീതിയുടെ വൈറസുകളെ, അപര വിദ്വേഷത്തിന്റെയും; ഷിജു ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയം

കോഴിക്കോട്: നിപ വൈറസിന്റെ ( Nipah virus ) മറവിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ അധ്യാപകനും എഴുത്തുകാരനുമായ ഷിജു ദിവ്യ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷിജു മലയാളിയുടെ ദയാരഹിതമായ മനസികാവസ്ഥകൾക്കെതിരെ പ്രതികരിക്കുന്നത്.

വവ്വാലുകളും പഴങ്ങളും മനുഷ്യരുമടങ്ങുന്ന ഈ ചംക്രമണ ചക്രത്തിൽ എവിടെയാണ് ‘ഇതര സംസ്ഥാന തൊഴിലാളി’ എന്നൊരു വിഭാഗമുള്ളതെന്ന് അദ്ദേഹം ആരായുന്നു.

മനുഷ്യരെന്ന സംവർഗ്ഗത്തിൽ തദ്ദേശവാസികൾക്കൊപ്പം ഇടമുണ്ടെന്നല്ലാതെ സവിശേഷമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ പ്രതിസന്ധി സൃഷ്ടിച്ചതിൽ എന്തു പങ്കാണ് അധികമുള്ളതെന്നും ഷിജു ചോദിക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് പല മാറാരോഗങ്ങളും ഉണ്ടെന്നും അവരെ അകറ്റി നിർത്തണമെന്നുമുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറസ് ആയി പടരുകയാണ്.

കേരളത്തിൽ എവിടെ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്താലും പീഡനകഥകൾ പരന്നാലും സംശയത്തിന്റെ മുനകൾ ആദ്യമായി നീളുന്നത് ആ പ്രദേശത്ത് തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളിലേക്കാണെന്നും ഇതൊരു സാംക്രമിക രോഗം പോലെ ആയെന്നും വന്നു വന്ന് പകർച്ച വ്യാധികൾ പോലും ഇവരുടെ തലയിൽ വച്ച് കെട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഷിജു ആരോപിക്കുന്നു.

ഷൂസെ സാരമാഗോവിന്റെ ‘അന്ധത’ എന്ന പ്രശസ്തമായ നോവലിനെ പരാമർശിച്ചു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.

അന്ധ വിശ്വാസങ്ങളും അനാവശ്യ ഭീതികളും മലയാളിയുടെ കൊട്ടിഘോഷിക്കപ്പെട്ട പ്രബുദ്ധതയിൽ പുഴുക്കുത്തുകൾ ഏൽപ്പിക്കുമ്പോൾ ഒരു ജനതയിലാകെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അണുക്കൾ പടർന്നു കയറുകയാണെന്നും ഇതൊരു സാംക്രമിക രോഗമായി മാറുകയാണെന്നുമുള്ള മുന്നറിയിപ്പാണ് ഷിജു നൽകുന്നത്.

ഷിജു ദിവ്യയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ രൂപം:

“ഷൂസെ സാരമാഗോവിന്റെ വിഖ്യാത നോവലായ അന്ധതയിൽ സാംക്രമിക രോഗ ഭീതിയിൽ തകർന്നടിഞ്ഞു പോവുന്ന സംസ്കാരത്തിന്റെയും നാഗരികതയുടെയും ഭീതിതമായ ചിത്രണമുണ്ട്. (ആ നോവലിലെ അന്ധതയെന്ന സാംക്രമിക രോഗാവസ്ഥയ്ക്ക് വേറെയും മാനങ്ങളുണ്ട് ). രോഗബാധയേറ്റവരെ പുറംതള്ളുന്നതിന്റെ ദയാരഹിതമായ സാമൂഹ്യനീതി (അനീതി ) വളരെ സ്വാഭാവികമാക്കപ്പെടുന്നു ആ നോവലിൽ.

നാൽപതുകളിൽ വസൂരിപോലുള്ള പല സാംക്രമിക രോഗങ്ങളും രോഗത്തിന്റെ മാരകത്വത്തെക്കാൾ, അതിനോടുള്ള സാമൂഹ്യഭീതികൊണ്ടുണ്ടായ ഈ പുറംതള്ളൽ യുക്തികൊണ്ടു ഭീകരമായതാണ്. ഞങ്ങളുടെ നാട്ടിൽ വസൂരിഭീതി കെട്ടിയുണ്ടാക്കിയ മാറ്റിപ്പാർപ്പ്‌ പുരകളിൽ പുറംതള്ളിയ മനുഷ്യരെ തേടി കുറച്ചുപേർ ചെന്നു.

അവർക്ക് വെള്ളവും മരുന്നും കൊടുത്തു. മരിച്ചുവെന്ന് കരുതിയ പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. അന്ധവിശ്വാസങ്ങൾക്കും അനാവശ്യ ഭീതികൾക്കും കുറുകെയാണ് മണ്ടോടി കണ്ണനും സഖാക്കളും കമ്മ്യൂണിസത്തിന്റെ ചൂട്ടു വീശി വന്നത്. അക്കാലത്തിനു സാക്ഷിയായ പെണ്ണുങ്ങൾ കെട്ടിയുണ്ടാക്കിയ മണ്ടോടിക്കണ്ണനെ കുറിച്ചുള്ള നാട്ടിപ്പാട്ടു കേട്ടാണ് ഞങ്ങളുടെ തലമുറ വളർന്നത്.

പേരാമ്പ്ര മേഖലയിൽ പടർന്നു പിടിച്ച ആളെക്കൊല്ലുന്ന പനി നിപ്പാ വൈറസ് പനിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ആരോഗ്യ വകുപ്പ്‌, ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ തുടങ്ങിയവർ പറയുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭയപ്പെടുത്തുന്ന ഊഹാപോഹങ്ങൾക്കല്ല കാത്തുകൊടുക്കേണ്ടത്.

പഴംതീനി വവ്വാലുകളാണ് ഈ വൈറസുകളുടെ വാഹകരെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവ കടിച്ചു ബാക്കിയായ മാമ്പഴങ്ങളോ മറ്റു ഫലങ്ങളോ ആഹരിക്കുന്നതിലൂടെയോ അവയുടെ വിസർജ്ജ്യങ്ങൾ, ഉമിനീർ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയോ അസുഖം പടരാമെന്നു ശാസ്ത്രലോകം പറയുന്നു. രോഗബാധയേറ്റു ചികിത്സ എന്നതിനെക്കാൾ വരാതിരിക്കാനുള്ള മുൻകരുതലുകളാണ് സാധ്യമാവുക.

ശുചിത്വ പാലനവും രോഗ ബാധ ഉണ്ടാവാനിടയുള്ള സാഹചര്യത്തിൽ നിന്നും വിട്ടു നിൽക്കുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടത്. എന്താണ് രോഗമെന്ന് നിർണ്ണയിക്കാൻ കഴിയും മുൻപേ ഒരു കുടുംബത്തിലെ അഞ്ചു ജീവനാണ് പൊലിഞ്ഞു പോയത്. ജീവിച്ചിരിക്കുന്നവർ അഭിമുഖീകരിക്കാൻ പോവുന്ന ഏകാന്തതയും അനാഥത്വവും എത്ര ഭീകരമായിരിക്കും ?

രോഗികളുടെ ശുശ്രൂഷയ്ക്കിടയിൽ രോഗ ബാധയേറ്റ് മരണമടഞ്ഞ നേഴ്സ് മറ്റൊരു വേദനയാണ്. നമ്മുടെ ആതുര ശുശ്രൂഷാ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളുടെ രക്തസാക്ഷിയാണവർ. അവരുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ നിന്നും മായില്ല കുറെ നാളുകളെങ്കിലും. അവസാനമായി ബന്ധുക്കൾക്ക് ഒരു നോക്കു കാണാൻ പോലും കഴിയാതെ അവരെ അടക്കം ചെയ്യേണ്ടി വന്നിരിക്കുന്നു.

വവ്വാലുകളും പഴങ്ങളും മനുഷ്യരുമടങ്ങുന്ന ഈ ചംക്രമണ ചക്രത്തിൽ എവിടെയാണ് ‘ഇതര സംസ്ഥാന തൊഴിലാളി’ എന്നൊരു വിഭാഗമുള്ളത്. മനുഷ്യരെന്ന സംവർഗ്ഗത്തിൽ തദ്ദേശവാസികൾക്കൊപ്പം ഇടമുണ്ടെന്നല്ലാതെ സവിശേഷമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ പ്രതിസന്ധി സൃഷ്ടിച്ചതിൽ എന്തു പങ്കാണ് അധികമുള്ളത് ? ഇതര സംസ്ഥാന തൊഴിലാളികൾക്ക് പല മാറാരോഗങ്ങളും ഉണ്ടെന്നും അവരെ അകറ്റി നിർത്തണമെന്നുമുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വേറൊരു വൈറസ് ആയി പടരുന്നുണ്ട്.

തീർച്ചയായും അവർക്ക് ശുചിത്വമുള്ള താമസം, ആരോഗ്യ പരിപാലനം, മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. ( നാം എല്ലാവർക്കുമെന്ന പോലെ ) തൊഴിലുടമകൾ, സർക്കാർ, തൊഴിലാളി യൂണിയൻ എന്നിവയ്‌ക്കൊക്ക അത് ഉറപ്പുവരുത്താൻ ബാധ്യതയുണ്ട്.

എന്നാൽ അതിനപ്പുറം എല്ലാ മോഷണക്കേസുകൾക്കും പീഡനങ്ങൾക്കും പിറകിൽ ഇതര സംസ്ഥാന തൊഴിലാളികളെന്ന പ്രചരണം പോലെ, രോഗം പരത്തുന്നവരായി, അവരെ മൊത്തം മുദ്ര കുത്തുന്നത് അസംബന്ധം മാത്രമല്ല, അപര വിദ്വേഷത്തിന്റെ വൈറസ് ബാധയാണ്.

ഇതര സംസ്ഥാന തൊഴിലാളികളിൽ അതിന്റെ വിശപ്പടങ്ങില്ല, ചേരിയിൽ താമസിക്കുന്നവർ, കീഴാളർ തുടങ്ങി നിങ്ങളുടെ ഏത് തന്മയും വിദ്വേഷത്തിന്റെ കാരണമാക്കി മാറ്റാനുള്ള ശേഷിയുണ്ടതിന്. ലോകത്തേറ്റവും കൂടുതൽ പ്രവാസികളെ കയറ്റി അയക്കുന്ന, പ്രവാസി വരുമാനം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഒരു ജനത എങ്ങനെയാണ് ഇങ്ങനെ വകതിരിവില്ലാതെ പെരുമാറുക?”

പ്രതിരോധിക്കേണ്ടതുണ്ട് ; ഭീതിയുടെ വൈറസുകളെ, അപര വിദ്വേഷത്തിന്റെയും…

Posted by ഷിജു ദിവ്യ on Sunday, 20 May 2018

Leave a Reply

Your email address will not be published. Required fields are marked *

College students , India, check, smartphones ,over 150 times ,a day,Study, use,phones, call, accessing ,social networking sites,Google searches,entertainment ,movies,Aligarh Muslim University, Indian Council of Social Science Research ,ICSSR,

കോളേജ് വിദ്യാർത്ഥികൾക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

Deepika Padukone,Bollywood, actress , no films,Sanjay Leela Bhansali, magnum opus, Padmaavat, marriage, reasons

പത്മാവതിന് ശേഷം ദീപികയെ കാണാനില്ല; ഊഹാപോഹങ്ങൾ തുടരവെ കാരണമിതാണെന്ന് വെളിപ്പെടുത്തൽ