നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി: തനതു നൃത്തരൂപങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍

????????????????????????????????????

തിരുവനന്തപുരം:  ഇന്ത്യയിലെ തന്നെ മികച്ച നടനോത്സവങ്ങളിലൊന്നായി വളര്‍ന്ന നിശാഗന്ധി നൃത്തോത്സവത്തിനു തലസ്ഥാന നഗരിയില്‍ തിരി തെളിഞ്ഞു. ഇനി അനന്തപുരിയില്‍ നൃത്തനൂപുരധ്വനികളുടെ രാവുകള്‍. പത്തു ദിവസത്തെ വസന്തോത്സവത്തിന്‍റെ സമാപന ദിനത്തില്‍ തന്നെ നൃത്തോത്സവത്തിന് തിരശീല ഉയര്‍ന്നതോടെ കനകക്കുന്നില്‍ ആഘോഷം തുടരുകയാണ്.

 സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വാര്‍ഷിക നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച്ച  വൈകിട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍  ജസ്റ്റിസ് (റിട്ട.)പി. സദാശിവമാണ് നിര്‍വഹിച്ചത്. വേദിയിലെത്തിയെ ഏഴു നര്‍ത്തകിമാര്‍ കൈയിലേന്തിയ താലത്തില്‍  ദീപം തെളിച്ചാണ് ഗവര്‍ണര്‍ മേള ഉദ്ഘാടനം ചെയ്തത്. 

മേയര്‍ അഡ്വ. വി.കെ പ്രശാന്ത്,  കെ മുരളീധരന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  വി കെ മധു, കെടിഡിസി ചെയര്‍മാന്‍  എം വിജയകുമാര്‍,  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും, ടൂറിസം ഡയറക്ടര്‍  പി ബാലകിരണ്‍ നന്ദിയും പറഞ്ഞു.

 നൃത്തരംഗത്ത് സമഗ്ര സംഭാവന നല്‍കിയിട്ടുള്ള പ്രഗത്ഭര്‍ക്ക്  നല്‍കിവരുന്ന നിശാഗന്ധി പുരസ്കാരം പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതിക്ക് ഗവര്‍ണ്ണര്‍  സമ്മാനിച്ചു. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്  പുരസ്കാരം. നര്‍ത്തകിയെന്ന നിലയിലും അദ്ധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന്  നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ്  പുരസ്കാര സമര്‍പ്പണം.

 വസന്തോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ഗവര്‍ണര്‍ ഈ വേദിയില്‍വച്ചുതന്നെ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

 ഒഡീസിയുടെ തനതുനൃത്തരൂപമായ  ഗോട്ടിപുവയാണ് ഇത്തവണത്തെ നിശാഗന്ധി നൃത്തോത്സവത്തിന്‍റെ  പ്രധാന ആകര്‍ഷണം. സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായി  ഡോ.നര്‍ത്തകി നടരാജ്  എന്ന ഭിന്നലിംഗത്തില്‍പ്പെട്ട കലാകാരി ഭരതനാട്യം അവതരിപ്പിക്കുന്നു എന്നതും   ഇക്കൊല്ലത്തെ നിശാഗന്ധി  നൃത്തോത്സവത്തിന്‍റെ പ്രത്യേകതയാണ് .

 രാജ്യത്തെ ഏറ്റവും മികച്ച നര്‍ത്തകരാണ് ഇത്തവണയും വേദിയിലെത്തുക. യുവനര്‍ത്തകര്‍ക്കും പ്രാമുഖ്യം നല്‍കുന്നുണ്ട്. ഡോ. നീന പ്രസാദ് , രശ്മി  മേനോന്‍  എന്നിവര്‍  മോഹിനിയാട്ടവും ക്രിസ്റ്റഫര്‍ ഗുരുസാമി, ആദിത്യ പി വി  എന്നിവര്‍  ഭരതനാട്യവും അവതരിപ്പിക്കും.  വൈജയന്തി കാശി, റെഡ്ഡി ലക്ഷ്മി  എന്നിവര്‍  കുച്ചിപ്പുഡിയും മഞ്ജുശ്രീ പാണ്ഡ, രമിന്ദര്‍ ഖുറാന എന്നിവര്‍ ഒഡിസ്സിയും അവതരിപ്പിക്കും.   നമ്രത റായ്, മോണിസ നായക്  എന്നിവരുടെ കഥക്, സുദിപ്  കുമാര്‍ ഘോഷും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി എന്നിവയാണ് മറ്റ്  പ്രധാന പരിപാടികള്‍. ഒഡീസി നൃത്തത്തിന്‍റെ തനതു രൂപമായ ‘ഗോട്ടിപുവ’ ആദ്യമായാണ് കേരളത്തില്‍ അവതരിപ്പിക്കുന്നത്. ഒഡിഷയില്‍ നിന്നുമുള്ള ‘നൃത്യ നൈവേദ്യ ‘ എന്ന സംഘടനയാണ് ഗോട്ടിപുവയെ അരങ്ങിലെത്തിക്കുന്നത്.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എസ് എ ടി. ആശുപത്രി നവീകരണം: 5 കോടിയുടെ ഭരണാനുമതി

രാജ്യത്തെ അസമത്വം അമ്പരപ്പിക്കുന്നതെന്ന് ഓക്സ് ഫാം റിപ്പോർട്ട്