ഒരു വിശ്വാസമുദ്രയും കുറ്റകൃത്യത്തെ സാധൂകരിക്കാനുള്ള സമ്മതപത്രമല്ല  

 

ജപം പ്രാർത്ഥനയാണ്. പതുക്കെയുള്ള ഉച്ഛാരണം ഘോഷമെന്നത് ഉച്ചത്തിലുള്ള ശബ്ദമാണ്.ജപത്തെ ഘോഷമാക്കുന്നത് ജപോദ്ദേശ്യത്തെ റദ്ദാക്കുന്നു. അത് ഒരസംബന്ധ ചേരുവയാകുന്നു. നാമജപം മുഴങ്ങില്ല. ഘോഷമാവില്ല. അതിനാല്‍ നാമജപ ഘോഷയാത്ര പ്രാര്‍ത്ഥനയല്ല. ജപം നിര്‍ത്തി വഴിയാത്രികരെ തടയുമ്പോള്‍ ദൈവത്തെ വഴിയിലിറക്കി കുറ്റകൃത്യത്തിനൊരുങ്ങുന്ന വെറും ക്രിമിനലുകളായി മാറും. സമരം ഒരു രാഷ്ട്രീയ പ്രയോഗമാണ്.സമരം സംഘര്‍ഷാത്മകമാണ്. നാമജപം ശാന്തവും.തുറന്നു പറയാന്‍ കഴിയണം, നാമജപസമരമെന്ന അസംബന്ധ സംയുക്തത്തെ ആരാണ് നയിച്ചതെന്ന്.ദൈവത്തെയും രാഷ്ട്രീയത്തെയും കബളിപ്പിക്കുന്ന യുക്ത്യാഭാസം ശബരിമലയില്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. നാമജപഘോഷയാത്രയിലാണോ പങ്കെടുത്തത് എന്നതിനെക്കാള്‍ അനുഷ്ഠാന ഭംഗം നടത്തി തെരുവുയുദ്ധത്തിനു പോയോ എന്നന്വേഷിക്കണം. ഉണ്ടെങ്കില്‍ രാഷ്ട്രീയ പരിഹാരക്രിയകളിലൂടെ കടന്നുപോയേ തീരൂ.

ഡോ.ആസാദ് എഴുതുന്നു 

ഈശ്വരനാമം പതുക്കെ ഉച്ചരിക്കലാണ് നാമജപം. ജപം എന്ന വാക്കിന് പ്രാര്‍ത്ഥനയോ വേദവാക്യമോ മന്ത്രമോ നാമമോ ഉച്ചരിക്കല്‍ എന്നുമര്‍ത്ഥം. ദേവന്‍ പ്രസാദിപ്പാനുത്തമം ജപയജ്ഞം എന്നു ശിവപുരാണം. പതുക്കെയുള്ള ഉച്ചാരണം മറ്റുള്ളവര്‍ കേള്‍ക്കാനുള്ളതല്ല. ദൈവവുമായി നടത്തുന്ന സൗമ്യസംവേദനമാണത്. അത് ആഘോഷമാക്കുമ്പോള്‍ അതിന്റെ ദൈവഛായ നഷ്ടമാകുന്നു.

ഘോഷമെന്നത് ഉച്ചത്തിലുള്ള ശബ്ദമാണ്. ഇരമ്പലും മുഴക്കവുമാണ്. ജപത്തെ ഘോഷമാക്കുന്നത് ജപോദ്ദേശ്യത്തെ റദ്ദാക്കുന്നു. ജപമാലയെന്നൊക്കെ പറയാറുണ്ട്. ജപഘോഷം ശബ്ദതാരാവലിയിലും കാണില്ല. അത് ഒരസംബന്ധ ചേരുവയാകുന്നു. നാമജപം മുഴങ്ങില്ല. ഘോഷമാവില്ല. അതിനാല്‍ നാമജപ ഘോഷയാത്ര പ്രാര്‍ത്ഥനയല്ല.

സമരം ഒരു രാഷ്ട്രീയ പ്രയോഗമാണ്. നാമജപം പ്രാര്‍ത്ഥനയും. സമരം അവകാശങ്ങളുടെ ഓര്‍മ്മപ്പെടുത്തലും വീണ്ടെടുപ്പുമാണ്. നാമജപ പ്രാര്‍ത്ഥന സമര്‍പ്പണത്തിന്റെ ആവിഷ്കാരവും. സമരം പുറത്തേക്കുള്ള കുത്തിയൊഴുക്കാണ്. പ്രാര്‍ത്ഥന അകത്തേയ്ക്കുള്ള നീരൊഴുക്കും. സമരം സംഘര്‍ഷാത്മകമാണ്. നാമജപം ശാന്തവും.

ഒററയില്‍നിന്നു കൂട്ടത്തിലേക്കുള്ള പ്രവാഹമാണ് ഘോഷവും സമരവും രാഷ്ട്രീയ പ്രയോഗങ്ങളും.. ഘോഷയാത്രകള്‍ ആഡംബരമോ അവകാശ പ്രൗഢിയോ കാണിക്കലാണ്. നാമജപമാകട്ടെ കൂട്ടത്തില്‍ ഒറ്റയാവലാണ്. ബഹളത്തിലെ ഏകാന്തതയാണ്. താനും ദൈവവും മാത്രമുള്ള ആത്മീയാനന്ദത്തിന്റെ കണ്ടെടുപ്പാണ്. അത് ആഘോഷമാക്കാനാവില്ല. നാമജപവും നാമപ്രചാരണവും രണ്ടാണ്. ‘തിരുനാമ കീര്‍ത്തനം’ ഘോഷത്തിലാവാം. ശരണംവിളികള്‍ ദൈവത്തില്‍ സ്വയം സമര്‍പ്പിച്ചതിന്റെ ഉന്മത്തവിളംബരമാണ്. അതിലും ദൈവവും താനുമല്ലാതെ മറ്റൊന്നും കടന്നുവരില്ല.

നാമജപ ഘോഷങ്ങളുയരാം. നാമജപയാത്രകള്‍ ശാന്തമായി കടന്നുപോവാം. ആളുകള്‍ ആദരവോടെ നോക്കിക്കാണും. എന്നാല്‍ നാമജപത്തിനിടെ എതിരെ വരുന്ന കാറിലാരാണെന്നു തെരയലും ആളുകളുടെ ലിംഗമേതെന്നു തേടലും പ്രാര്‍ത്ഥനക്കു ഭംഗം വരുത്തും. ശ്രദ്ധ ദൈവത്തിലല്ല ഭൗതികത്തിലാണ് എന്നു വെളിപ്പെടും. നാമജപം ഒരു മുഖംമൂടിയാണെന്ന് ആരും സംശയിക്കും.

സമരമെന്ന പേരില്‍ നാമജപം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അവ നല്ല നേരവും സ്ഥലവും നിശ്ചയിച്ചു വൈദികക്രിയപോലെ സമരം ഒരു അനുഷ്ഠാനമാക്കാറുണ്ട്. അതുപോലെ വിശ്വാസികളില്‍ ചിലരൊക്കെ നാമജപത്തെ സമരമാക്കി ആത്മീയതയുടെ ,അതിര്‍ത്തി ഭേദിക്കും. അങ്ങനെ വരുമ്പോള്‍ ഏതു സമരത്തോടും കൈക്കൊള്ളുന്ന സര്‍ക്കാര്‍ നിലപാടിന് നാമജപ സംഘവും വിധേയമാവും. അതില്‍ പരിഭവിക്കാനില്ല.

സമരം നാമജപ പ്രാര്‍ത്ഥനയല്ലാത്തതുപോലെ നാമജപ പ്രാര്‍ത്ഥന സമരവുമല്ല. ജപം നിര്‍ത്തി വഴിയാത്രികരെ തടയുമ്പോള്‍ ദൈവത്തെ വഴിയിലിറക്കി കുറ്റകൃത്യത്തിനൊരുങ്ങുന്ന വെറും ക്രിമിനലുകളായി മാറും. ഒരു വിശ്വാസമുദ്രയും കുറ്റകൃത്യത്തെ സാധൂകരിക്കാനുള്ള സമ്മതപത്രമല്ല. ജനാധിപത്യ വ്യവസ്ഥയെയും അതിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളെയും തള്ളി ഒന്നിനും ഒരസ്തിത്വവും ആധുനിക സമൂഹത്തിലില്ല. തൊഴിലിനിടയില്‍ പ്രാര്‍ത്ഥനാ വേളകളില്ല. പ്രാര്‍ത്ഥന ഒരു തൊഴിലുമല്ല.

പൊതുസമൂഹം അനുവദിച്ചുതന്ന ഒരാനുകൂല്യമാണ് പാതയോരത്തുകൂടി നടത്താം ഘോഷയാത്രകളെന്നത്. സമരഘോഷയാത്രയോ നാമജപയാത്രയോ ആകട്ടെ, അതത്രയേ പാടുള്ളു. സമരയാത്രയില്‍ അല്‍പ്പം ഒച്ചപ്പാടും അസഹിഷ്ണുതയും കാണും. കാരണം അത് രാഷ്ട്രീയാവകാശഘോഷമാണ്. നാമജപം ആത്മാവിലെ ഭാഷണമാണ്. അതു ദൈവത്തോടാണ്. പൊതുനിയമങ്ങളെ വെല്ലുവിളിക്കലല്ല. രാഷ്ട്രീയ ഘടന ഇളക്കി മറിക്കലല്ല. ശബരിമലയില്‍ നാമജപമല്ല ദൈവത്തെ ദുരുപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംഘര്‍ഷമാണ് കണ്ടത്. അതിനു രാഷ്ട്രീയ പരിഹാരവും വേണം.

തുറന്നു പറയാന്‍ കഴിയണം. നാമജപസമരമെന്ന അസംബന്ധ സംയുക്തത്തെ ആരാണ് നയിച്ചതെന്ന്. ശരിയായ വിശ്വാസികള്‍ സമരം ചെയ്യാറുണ്ട്. പക്ഷെ നാമജപത്തെ സമരമുദ്രാവാക്യമാക്കാറില്ല. ആത്മിയാനന്ദത്തെ തെരുവില്‍ കളങ്കപ്പെടുത്താറില്ല. ദൈവത്തെയും രാഷ്ട്രീയത്തെയും കബളിപ്പിക്കുന്ന യുക്ത്യാഭാസം ശബരിമലയില്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. നാമജപഘോഷയാത്രയിലാണോ പങ്കെടുത്തത് എന്നതിനെക്കാള്‍ അനുഷ്ഠാന ഭംഗം നടത്തി തെരുവുയുദ്ധത്തിനു പോയോ എന്നന്വേഷിക്കണം. ഉണ്ടെങ്കില്‍ രാഷ്ട്രീയ പരിഹാരക്രിയകളിലൂടെ കടന്നുപോയേ തീരൂ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘പാടും ക്രൂര’നായ പാവം ഉമ്മുക്ക   

സംരംഭക പ്രിയര്‍ക്കായി സ്റ്റാര്‍ട്ടപ് ഇന്ത്യ – കെ എസ് യു എം ‘സ്റ്റാര്‍ട്ടപ് യാത്ര’