മതേതര ജനാധിപത്യ രാജ്യത്തിനകത്ത് മത റിപ്പബ്ലിക്കുകള്‍ അനുവദനീയമല്ല

ഡോ. ആസാദ്

മതേതര ജനാധിപത്യ ഭരണഘടനയും അതനുവദിക്കുന്ന ജീവിതവും നമുക്കു പ്രധാനമാണ്. മതവിശ്വാസം പൊതു കാര്യമല്ല. ആത്മീയമായ സ്വാതന്ത്ര്യമാണ്. അതു വ്യക്തിയുടെ സ്വകാര്യ ലോകമാണ്. പൊതു നിയമങ്ങളും നിര്‍ദ്ദേശങ്ങളും രാജ്യത്തിന്റെ പൊതുരാഷ്ട്രീയ താല്‍പ്പര്യമനുസരിച്ചാവണം. രാഷ്ട്രീയ ഭരണ സംവിധാനത്തെ ദുര്‍ബ്ബലമാക്കുന്ന സമാന്തരാധികാര ശക്തികളായി മത സാമുദായിക വികാരം വളര്‍ന്നുകൂടാ. മതേതര ജനാധിപത്യ രാജ്യത്തിനകത്ത് മത റിപ്പബ്ലിക്കുകള്‍ അനുവദനീയമല്ല.  

മൂന്നു തലാഖും ഒന്നിച്ചു ചൊല്ലി വിവാഹബന്ധം ഒഴിയാമെന്ന ആണ്‍വഴക്കം ലിംഗനീതിയുടെ നിഷേധംതന്നെയാണ്. അത് നിയമവിരുദ്ധമായി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാട്ടിയതുമാണ്. അതനുസരിച്ച് പരാതിയുള്ള സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ കിട്ടുന്ന സ്ഥിതിവന്നു.

മുത്തലാഖ് ചൊല്ലി ബന്ധമൊഴിയാന്‍ വിവാഹ ബന്ധത്തിലേര്‍പ്പെട്ട രണ്ടുപേര്‍ക്കും തുല്യാവകാശം നല്‍കുന്നില്ല മത നിയമം. അതൊരു ആണവകാശമാണ്. പെണ്ണിനു നീതിവേണം. തോന്നുമ്പോഴൊഴിവാക്കാം പെണ്ണിനെയെന്ന രീതി ചെറുക്കപ്പെടണം. അതിനു നിയമമുണ്ടാക്കുമ്പോള്‍ ഏകീകൃത സിവില്‍കോഡിലേക്കുള്ള ചുവടുവെപ്പ് അതിലുണ്ടാകും.

ഏകീകൃത സിവില്‍കോഡിലേക്കു കടക്കുംമുമ്പ് സമൂഹത്തിലെ മുഖ്യധാരയില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും അംഗീകരിക്കപ്പെടണം. മര്‍ദ്ദിത സമൂഹങ്ങളായി തുടരാനും ഒരു കീഴ്പ്പെടുത്തലിനു വിധേയമാക്കാനുമുള്ള ഉപാധിയാവരുത് പൊതു പൗരനിയമം. സ്വന്തം മതത്തില്‍ ഊറ്റംകൊള്ളുന്ന, ഹിന്ദുരാഷ്ട്രമാക്കി രാജ്യത്തെ പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരുരാഷ്ട്രീയ പ്രസ്ഥാനത്തിനോ സര്‍ക്കാറിനോ ആ വിശാലവീക്ഷണം സാധ്യമാവില്ല.

മതേതര ജനാധിപത്യ ഭരണഘടനയും അതനുവദിക്കുന്ന ജീവിതവും നമുക്കു പ്രധാനമാണ്. മതവിശ്വാസം പൊതു കാര്യമല്ല. ആത്മീയമായ സ്വാതന്ത്ര്യമാണ്. അതു വ്യക്തിയുടെ സ്വകാര്യ ലോകമാണ്. പൊതു നിയമങ്ങളും നിര്‍ദ്ദേശങ്ങളും രാജ്യത്തിന്റെ പൊതുരാഷ്ട്രീയ താല്‍പ്പര്യമനുസരിച്ചാവണം. രാഷ്ട്രീയ ഭരണ സംവിധാനത്തെ ദുര്‍ബ്ബലമാക്കുന്ന സമാന്തരാധികാര ശക്തികളായി മത സാമുദായിക വികാരംവളര്‍ന്നുകൂടാ. മതേതര ജനാധിപത്യ രാജ്യത്തിനകത്ത് മത റിപ്പബ്ലിക്കുകള്‍ അനുവദനീയമല്ല.

ജാതിഹിന്ദുത്വ രാഷ്ട്രീയത്തിനും അതിന്റെ അധികാര സംവിധാനത്തിനും ഹിന്ദുത്വ സിവില്‍കോഡിനപ്പുറം കാഴ്ച്ചയെത്തുകയില്ല. അവരുടെ കുപ്രസിദ്ധമായ മുസ്ലീം വിരോധത്തിന്റെ പ്രകടനമല്ല ഇപ്പോഴത്തെ മുത്തലാഖ് നിയമമെന്ന് കരുതാന്‍ ന്യായമില്ല. മുസ്ലീം പുരുഷനെ ജാമ്യമില്ലാ കേസില്‍ കുരുക്കാനും മൂന്നു വര്‍ഷം തടവിലിടാനുമുള്ള ആവേശമല്ല കാണേണ്ടത്.

സുപ്രീംകോടതി വിധിയുടെ നിയമപരിരക്ഷ സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍വേണ്ട ബോധവത്ക്കരണമാണ് ആദ്യമുണ്ടാവേണ്ടത്. ന്യൂനപക്ഷാവകാശങ്ങളില്‍ ജാതിഹിന്ദുത്വ ശക്തികളുടെ കടന്നുകയറ്റം എന്ന ഭീതിയുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ധൃതിപിടിച്ച നിയമ നിര്‍മ്മാണം. അതു ഗുണകരമാവില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വായനശാലകളുടെ പ്രാധാന്യം കലാരൂപത്തിലാക്കി ശുഭഗി റാവു

ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്‌മ: സീനത്ത്