സ്റ്റാര്‍ട്ടപ്: ആശയങ്ങളുടെ മികവല്ല, എങ്ങനെ പ്രാവര്‍ത്തികമാകുമെന്നത് പ്രധാനം

കൊച്ചി: ആശയങ്ങള്‍ മികച്ചതായതുകൊണ്ട് കാര്യമില്ല, അവ എങ്ങനെ  നടപ്പാക്കുന്നുവെന്നതിലാണ് സ്റ്റാര്‍ട്ടപ്പുകളുടെ വിജയമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വിദഗ്ധോപദേശകസമ്മേളനം അഭിപ്രായപ്പെട്ടു.

നിലവിലെ ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ് മേഖലയിലേയ്ക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യബോധം പകര്‍ന്നുകൊടുക്കാനായി ‘സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിര്‍ണായക വിജയ ഘടകങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തിയ മാര്‍ഗനിര്‍ദ്ദേശക സമ്മേളനത്തില്‍ നിരവധി വിദഗ്ധരാണ് പങ്കെടുത്തത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ഗോഡ്സ് ഓണ്‍ ഫുഡ് സൊല്യൂഷന്‍സ് സിഇഒയും സ്ഥാപകനുമായ ജെയിംസ് ജോസഫ്, മെന്‍റര്‍ ഗുരു പ്രൊഫഷണല്‍ സര്‍വീസസ് ഡയറക്ടര്‍ എസ് ആര്‍ നായര്‍, കെപിഎംജി ഡയറക്ടര്‍ ആനന്ദ് ശര്‍മ്മ, ഐഐഎം കോഴിക്കോട് അധ്യാപകന്‍  രാജേഷ് ഉപാധ്യായുളള, എസ്എസ് കണ്‍സല്‍ട്ടിംഗ് സിഇഒ ശൈലന്‍ സഗുണന്‍ എന്നിവരാണ് നൂറോളം വരുന്ന  സംരംഭകര്‍ക്ക് വിദഗ്ധോപദേശം നല്‍കാനെത്തിയത്.

മികച്ച സ്റ്റാര്‍ട്ടപ് ഉത്പന്നങ്ങളാണ് പലപ്പോഴും പരാജയപ്പെടുന്നതെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. മികച്ച ആശയങ്ങള്‍ പരിതാപകരമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് പലപ്പോഴും പരാജയ കാരണമാവുന്നത്.  സംസ്ഥാനത്തെ 80 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഇന്നും ശൈശവ ദശയിലാണ്. സേവനത്തിനുവേണ്ടി പണം നല്‍കുന്ന ഉപഭോക്താവിനെയാണ് എല്ലാ സ്റ്റാര്‍ട്ടപ്പുകളും ഉന്നം വയ്ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്പന്നത്തിന്‍റെ സ്വാഭാവിക ഉപഭോക്താവിനു പുറത്തുള്ളവരെ ഉത്പന്നത്തിലേക്കാകര്‍ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിപണി നേതൃത്വം നേടുകയെന്നത് പലപ്പോഴും ആകസ്മികമായി സംഭവിക്കുന്നതാണെന്ന് രാജ്യത്ത് പച്ചച്ചക്ക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പിന്‍റെ സ്ഥാപകനായ ജെയിംസ് ജോസഫ് പറഞ്ഞു. ഉത്പന്നത്തിന്‍റെ യഥാര്‍ത്ഥ ഉപയോഗം എന്താണെന്നു കണ്ടെത്തുന്നതും പ്രധാനമാണ്. മാത്രമല്ല, സ്വന്തം ഉത്പന്നത്തെക്കുറിച്ച് പൂര്‍ണമായും മനസിലാക്കണം. നിക്ഷേപകരെ സ്വീകരിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ നിക്ഷേപം നടത്തുന്നവര്‍ പലപ്പോഴും ഉത്പന്നത്തിന്‍റെ മുന്നോട്ടുള്ള പോക്കിനെ അവഗണിക്കുമെന്നും സ്വന്തം അനുഭവം മുന്‍നിറുത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.

പരമ്പരാഗത ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്നതായാല്‍ മാത്രമെ ഏതൊരു ഉത്പന്നവും വിജയിക്കുകയുള്ളൂവെന്ന് എസ് ആര്‍ നായര്‍ പറഞ്ഞു. ടെക്കികള്‍ പലപ്പോഴും സാങ്കേതിക വിദ്യയിലൂന്നിയുള്ള ഉത്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വലിയ വിജയം നേടുമെങ്കിലും ഇത് നിലനിറുത്തി കൊണ്ടുപോകാന്‍ പലര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

എളുപ്പം പകര്‍ത്താന്‍ പറ്റില്ലാത്ത ഉത്പന്നങ്ങളോ സേവനങ്ങളോ ആണ് രംഗത്തിറക്കേണ്ടതെന്ന് പ്രൊഫ. രാജേഷ് ഉപാധ്യായുള്ള പറഞ്ഞു. സ്വന്തം ഉത്പന്നത്തിന്‍റെ പ്രത്യേകത എന്തെന്നുള്ളത് സ്വയം കണ്ടെത്തണം. അത് പകര്‍ത്താന്‍ കഴിയാത്ത വിധം വികസിപ്പിച്ചെടുക്കുന്നതിലാണ് ശ്രദ്ധ നല്‍കേണ്ടത്. പുതിയ ഏറ്റെടുക്കല്‍ നടത്തുമ്പോഴും സ്വന്തം ഉത്പന്നത്തിന്‍റെ മേډ നിലനിറുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംരംഭങ്ങളുടെ ഭരണ നിര്‍വ്വഹണം ഉത്പന്നം പോലെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണെന്ന് ശൈലന്‍ സഗുണന്‍ ചൂണ്ടിക്കാട്ടി. തുടക്കം മുതല്‍ തന്നെ നികുതി, നിയമസഹായം എന്നീ മേഖലകളില്‍ ആദ്യം തന്നെ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുകള്‍ ചേര്‍ന്ന് സംരംഭം തുടങ്ങുന്നത് ഇന്ന് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തുടക്കം മുതല്‍ അവരവരുടെ ചുമതലകള്‍ സംബന്ധിച്ച് രേഖാമൂലമുള്ള വ്യക്തത ഉണ്ടാകണമെന്ന് അദ്ദേഹം സംരംഭകരെ ഓര്‍മ്മിപ്പിച്ചു.

സംരംഭങ്ങളുടെ നികുതി ബാധ്യതയും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ചുമാണ് ആനന്ദ് ശര്‍മ്മ സംസാരിച്ചത്. സംഭാഷണത്തിനു ശേഷം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിദഗ്ധര്‍ വിശദമായ മറുപടി നല്‍കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്യുഎം-ന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഭാവിയിലെ എല്ലാ പരിപാടികളെക്കുറിച്ചും മനസിലാക്കാവുന്നതാണ്.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷവും സെമിനാർ കൊച്ചിയിൽ