ആ നർത്തകൻ യേശുദാസല്ല, ശിവശങ്കരനെന്ന് രവി മേനോൻ 

വാട്സപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങളായി  പ്രചരിപ്പി ച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്. ഭാസ്കരൻ മാഷ് രചിച്ച് ദേവരാജൻ മാഷ് ഈണം പകർന്ന ഡോക്ടർ എന്ന ചിത്രത്തിലെ  ഒരു ഗാനരംഗം. 1963 ലാണ് വൈക്കം ചന്ദ്രശേഖരൻ നായർ എഴുതി  എം എസ് മണി സംവിധാനം ചെയ്ത ആ  സിനിമ  പുറത്തിറങ്ങിയത്. സത്യനും ഷീലയും തിക്കുറിശ്ശിയുമെല്ലാം അഭിനയിച്ച ചിത്രം.  അതിൽ ” വരണൊണ്ട് വരണൊണ്ട് മണവാളൻ ” എന്ന പാട്ടു പാടി അഭിനയിക്കുന്നത് ഗാനഗന്ധർവൻ യേശുദാസാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്.

തഴക്കവും പഴക്കവും കൈവന്ന ഒരു പ്രൊഫഷണൽ നർത്തകന്റെ മെയ്‌വഴക്കത്തോടെ  നൃത്തം ചെയ്യുന്ന ആൾ സാക്ഷാൽ  യേശുദാസാണെന്ന് അറിയുമ്പോൾ അന്തം വിടുന്ന  ആരാധകർ ‘ ഗാനഗന്ധർവന്റെ അറിയപ്പെടാത്ത മറ്റൊരു മുഖം ‘ എന്ന മട്ടിൽ വീഡിയോക്ക്  പരമാവധി പ്രചാരണം നൽകാനും  മടിക്കുന്നില്ല.

എന്നാൽ യേശുദാസല്ല  പ്രൊഫഷണൽ ഡാൻസർ ശിവശങ്കരനാണ് ആ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് എന്ന്  രവിമേനോൻ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് രവിമേനോൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

രവി മേനോന്റെ ഫേസ്‌ബുക് പോസ്റ്റ്

ഗായകൻ, ശാസ്ത്രീയ സംഗീതജ്ഞൻ, സംഗീതസംവിധായകൻ, നടൻ… പദ്മവിഭൂഷൺ കെ ജെ യേശുദാസിന് അങ്ങനെ വിശേഷണങ്ങൾ നിരവധി. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു പദവി കൂടി — നർത്തകൻ.

1963 ൽ പുറത്തിറങ്ങിയ “ഡോക്ടർ” എന്ന ചിത്രത്തിൽ “വരണൊണ്ട് വരണൊണ്ട് മണവാളൻ” (പി ഭാസ്കരൻ — ദേവരാജൻ) എന്ന ഗാനരംഗത്ത് പാടിയും ആടിയും അഭിനയിക്കുന്നത് ഗാനഗന്ധർവൻ ആണെന്നാണ് വാട്സാപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന കൗതുകമാർന്ന “വിജ്ഞാന ശകലം.” ഗായകനായ യേശുദാസിലെ മെയ്‌വഴക്കമുള്ള നർത്തകനെ “തിരിച്ചറിഞ്ഞു” അന്തം വിടുന്നു പലരും.

യഥാർത്ഥത്തിൽ ഈ നാടോടി നൃത്ത രംഗത്ത് അഭിനയിക്കുന്നത് ശിവശങ്കരൻ നായർ എന്ന പ്രൊഫഷണൽ നർത്തകനാണ്. ഒപ്പം ചെന്നൈ സ്വദേശിനി സരോജ എന്ന നടിയും. “ഡോക്ടർ” എന്ന ചിത്രത്തിന്റെ നൃത്ത സംവിധായകനായ ഗുരു ഗോപാലകൃഷ്ണന്റെ ഡാൻസ് ഗ്രൂപ്പിലെ അംഗമാണ് തൃശൂർ സ്വദേശി ശിവശങ്കരൻ നായർ . ഒപ്പം നൃത്തമാടുന്ന സരോജയാകട്ടെ, തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി നൃത്ത രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള കലാകാരിയും.

കായംകുളം കൊച്ചുണ്ണിയിലെ “സുറുമ നല്ല സുറുമ” എന്ന ഗാനരംഗത്ത് ചില്ലറ ചുവടുകൾ പരീക്ഷിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു മുഴുനീള നൃത്തരംഗത്ത് അഭിനയിക്കുക എന്ന അതിസാഹസികതക്ക് ഇത് വരെ മുതിർന്നു കണ്ടിട്ടില്ല മലയാളികളുടെ ദാസേട്ടൻ. എന്നിട്ടും വിധി അദ്ദേഹത്തെ “നർത്തക”നാക്കി; ഈ എഴുപത്തെട്ടാം വയസ്സിൽ.ആദരണീയ സുഹൃത്ത് കൂടിയായിരുന്ന വിഖ്യാത നൃത്താധ്യാപകൻ കൊടുങ്ങല്ലൂർ സ്വദേശി ഗുരു ഗോപാലകൃഷ്ണനെ വീണ്ടും ഓർക്കാൻ ഇടയാക്കി ഈ ഗാനരംഗം.

ഗുരു ഗോപിനാഥിന്റെ ശിഷ്യനായ ഗോപാലകൃഷ്ണനാണ് ഈ ചിത്രത്തിലെ ഗാന — നൃത്ത രംഗങ്ങൾ മുഴുവൻ ചിട്ടപ്പെടുത്തിയത്. ചെന്നൈ ന്യൂട്ടോൺ സ്റ്റുഡിയോയിൽ ചിത്രീകരിച്ച “വിരലൊന്ന് മുട്ടിയാൽ” എന്ന നൃത്തരംഗവും പീച്ചി ഡാം പശ്ചാത്തലമായ കൽപ്പനയാകും യമുനാ നദിയിലെ എന്ന യുഗ്മഗാനവും ഒന്നിനൊന്ന് ഹൃദ്യം.

വരണൊണ്ട് വരണൊണ്ട് (യേശുദാസ്, സുശീല) എന്ന നാടോടി നൃത്തരംഗവും ചിത്രീകരിച്ചത് പീച്ചി ഡാം പരിസരത്തുവെച്ചു തന്നെ.ജെമിനിയുടെ പ്രശസ്തമായ ചന്ദ്രലേഖ (1948) എന്ന ചിത്രത്തിലെ നൂറു കണക്കിന് “ഡ്രം ഡാൻസർമാ”രിൽ ഒരാളായി സിനിമയിൽ അരങ്ങേറിയ ഗോപാലകൃഷ്ണൻ പിൽക്കാലത്ത് നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ നർത്തകനും കൊറിയോഗ്രാഫറുമായി. മലയാളത്തിൽ തുടക്കം കുറിച്ചത് “അമ്മ ” (1952) യിൽ. “ജീവിത നൗക”യിലെ മഗ്ദലനമറിയം നൃത്തനാടകരംഗത്ത് ഗുരുവായ ഗോപിനാഥിനൊപ്പം പ്രത്യക്ഷപ്പെട്ട ഗോപാലകൃഷ്ണൻ പിൽക്കാലത്ത് കൊറിയോഗ്രാഫി നിർവഹിച്ച ഗാനരംഗങ്ങളിൽ നീലക്കുയിലിലെ ജിഞ്ചകം താരോ, മുടിയനായ പുത്രനിലെ പൊട്ടിച്ചിരിക്കരുതേ ചിലങ്കേ, പരീക്ഷയിലെ ഒരു പുഷ്പം മാത്രമെൻ, നിണമണിഞ്ഞ കാൽപ്പാടുകളിലെ മേ തോ ഗുംഗ്രൂ…എന്നിവ ഉൾപ്പെടുന്നു.

വാഹിനി സ്റ്റുഡിയോയിലെ സെറ്റിൽ മൂന്ന് ദിവസമെടുത്താണ് ജിഞ്ചകം താരോ ചിത്രീകരിച്ചതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞതോർമ്മയുണ്ട്. 2012 ൽ ഗുരു ഗോപാലകൃഷ്ണൻ അന്തരിച്ചു. അനുഗൃഹീത നർത്തകിയായ കുസുമം ആണ് ഗോപാലകൃഷ്ണന്റെ പത്നി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9-ന്

ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥയുമായി ദീപിക