
തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ (National Disaster Management Authority) മുന്നില്‍ മത്സ്യത്തൊഴിലാളികൾ (fishermen) പ്രതിഷേധ പ്രകടനം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്.
സര്‍ക്കാരിനും ദുരന്തനിവാരണ അതോറിറ്റിക്കുമെതിരെ പ്രതിഷേധക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങൾ ഉയര്‍ത്തി. ദുരന്തനിവാരണ അതോറിറ്റി (NDMA) ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം അന്വേഷണ വിധേയമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉച്ചക്കടയില്‍ മത്സ്യത്തൊളിലാളികള്‍ റോഡ് ഉപരോധിച്ചു.
അതേസമയം കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നേവിയും കോസ്റ്റ് ഗാര്‍ഡും ഇന്നും തിരച്ചിൽ തുടരുകയാണ്.
കൂടാതെ വിഴിഞ്ഞത്തു നിന്ന് 20 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയില്‍ തിരച്ചിലിനായി കടലിലേക്ക് യാത്ര തിരിച്ചു.
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് പന്ത്രണ്ട് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 30 ആയി.
103 ബോട്ടുകളിലും വള്ളങ്ങളിലുമായി 1100 ഓളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 400 പേരെ ശനിയാഴ്ച്ചയും , 183 പേരെ ഇന്നലെയും രക്ഷപ്പെടുത്തി. കടല്‍ ക്ഷോഭത്തില്‍പ്പെട്ട 49 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കാതിരുന്നതാണ് മരണസംഖ്യ കൂടാനിടയാക്കിതെന്ന് ആരോപണമുണ്ട്. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അതേസമയം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുവാനായി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ്. അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. വിഴിഞ്ഞം മേഖലയിലും വി.എസ് സന്ദര്‍ശനം നടത്തുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പൂന്തുറ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വിഴിഞ്ഞത്തുണ്ടായതിനു സമാനമായ പ്രതിഷേധം പൂന്തുറയിലുമുണ്ടാകുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യാത്ര റദ്ദാക്കിയത്.