വൃദ്ധ മന്ദിരങ്ങളുടെ നവീകരണം ഈ വർഷം പൂർത്തിയാകും

 തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വൃദ്ധ മന്ദിരങ്ങളുടെ നവീകരണം ഈ വർഷം പൂർത്തിയാക്കുമെന്ന് ആരോഗ്യ – സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പണം നൽകി താമസിക്കാൻ കഴിയുന്ന വൃദ്ധ മന്ദിരങ്ങൾ തുടങ്ങുന്ന കാര്യം ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ വയോമധുരം പദ്ധതി പ്രകാരം നൽകുന്ന ഗ്ലൂക്കോ മീറ്ററുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മാതാപിതാക്കൾ വാർധക്യത്തിൽ മക്കൾക്കൊപ്പം തന്നെ കഴിയേണ്ടവരാണ്. എന്നാൽ മക്കളുടെ വിദേശ തൊഴിൽ അടക്കമുള്ള സാഹചര്യങ്ങളാൽ ചിലർക്കെങ്കിലും ഇതു കഴിയുന്നില്ല.

അത്തരക്കാരെ ഉദ്ദേശിച്ചാണ് പണം നൽകി താമസിക്കാൻ കഴിയുന്ന വൃദ്ധമന്ദിരങ്ങൾ തുടങ്ങുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. വീട്ടിൽ താമസിക്കുന്നതുപോലെ കഴിയാവുന്ന സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ദമ്പതികൾക്ക് ഒന്നിച്ചു നിൽക്കാനുള്ള സൗകര്യമടക്കമാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സായംപ്രഭ പദ്ധതിയിൽപ്പെടുത്തി ഒരു ജില്ലയിൽ ഒന്ന് എന്ന നിലയിൽ വൃദ്ധമന്ദിരങ്ങളുടെ നവീകരണം നടക്കുകയാണ്. നവീന സൗകര്യങ്ങളോടെയാണ് വൃദ്ധമന്ദിരങ്ങൾ പുതുക്കിപ്പണിയുന്നത്. എക്‌സർസൈസ് ചെയ്യുന്നതിനുള്ള സൗകര്യം, ആരോഗ്യ സംരക്ഷണത്തിനുള്ള സൗകര്യം, ലൈബ്രറി, വിനോദത്തിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഇവിടങ്ങളിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വയോമധുരം പദ്ധതിയിൽപ്പെടുത്തി ആദ്യ ഘട്ടത്തിൽ 400 ഗ്ലൂക്കോമീറ്ററുകളാണ് വിതരണം ചെയ്തത്. വിപണിയിൽ 2200 രൂപ വിലയുള്ള ഉപകരണം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയാണ് സൗജന്യമായി നൽകിയത്. ആകെ ആയിരം പേർക്കാണ് മൂന്നു ഘട്ടങ്ങളിലായി ജില്ലയിൽ ഗ്ലൂക്കോമീറ്റർ നൽകുന്നത്.

കോട്ടയ്ക്കകം പ്രിദയർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫിസർ സബീന ബീഗം അധ്യക്ഷത വഹിച്ചു. ഡോ. ശ്യാംസുന്ദർ, സീനിയർ സൂപ്രണ്ട് ജി. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ക്ലാസും പ്രമേഹ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവത്കരണവും സംഘടിപ്പിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

റ്റെഡ്-എക്സ് തിരുവനന്തപുരം  മൂന്നാം എഡിഷൻ  ജനുവരി 20 ന് യു എസ് ടി ഗ്ലോബൽ കാമ്പസിൽ

പുരോഹിതർക്കെതിരെയുള്ള പീഡന പരാതികൾ പരിശോധിക്കാൻ സീറോ മലബാർ സഭ ആഭ്യന്തര സമിതി