in ,

യുവനിരയുടെ പടയോട്ടം; അഭ്രപാളി വിഭവ സമൃദ്ധം


ഓണത്തിന് ഇത്തവണ അനവധി ചിത്രങ്ങൾ 


എത്രയൊക്കെ കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളിലും ഓണാഘോഷത്തിന് മലയാളികൾ യാതൊരു കുറവും വരുത്താറില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലിനെ നാം അന്വർത്ഥമാക്കുന്നു. ഓണക്കോടി, പ്രഥമനുൾപ്പെടുന്ന വിഭവസമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, ഓണപ്പാട്ട് എന്നിങ്ങനെ ആഘോഷത്തിന് മാറ്റ് കൂട്ടുവാൻ വ്യത്യസ്ത ഘടകങ്ങൾ കാലങ്ങളായി നാം തുടർന്ന് പോരുന്നു. മറ്റേതിനേക്കാളും സമയത്തിന് ഏറെ മൂല്യമുള്ള ഈ കാലത്ത് ഓണക്കളികളും പാട്ടുകളും കുറേശ്ശയായി മറഞ്ഞു തുടങ്ങുന്നുവെങ്കിലും ആഘോഷങ്ങളിൽ നിർബന്ധ ഘടകമായി ഒന്നുണ്ട്  – ചലച്ചിത്രം.സിനിമയില്ലാതെ എന്ത് ഓണം എന്ന തരത്തിലേക്ക് ചൊല്ലുകൾ പരിഷ്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

എല്ലാ ഓണക്കാലത്തും തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങളോടൊപ്പം ഓണം ആഘോഷിച്ച് ശീലമാക്കിയ മലയാളികളെ നിരാശപ്പെടുത്താനില്ലാതെ ഇത്തവണയും താരസമ്പന്നത തിയേറ്ററുകളിലുണ്ടാകും.

താരരാജാക്കന്മാരും യുവ തലമുറയുമെല്ലാം പ്രതീക്ഷകളോടെ തയ്യാറെടുക്കുന്നത് ഹിറ്റുകൾക്ക് വേണ്ടി മാത്രമല്ല, മറിച്ച് അണിയറയിലെ ഇരുണ്ട അധ്യായങ്ങളിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് നഷ്‌ടമായ പ്രഭാവം വീണ്ടെടുക്കാൻ കൂടി വേണ്ടിയാണ്.

പ്രശസ്ത നടി ആക്രമിക്കപെട്ടതും നടൻ അറസ്റ്റ് ചെയ്യപ്പെട്ടതും സംഘടനകളിലെ അഭിപ്രായ വ്യത്യാസങ്ങളും പരസ്യ പ്രസ്താവനകളുമെല്ലാം പ്രേക്ഷകരുടെ രൂക്ഷ പ്രതികരണങ്ങൾക്ക് വഴി തെളിച്ചെങ്കിലും സിനിമയുടെ വിജയ പരാജയങ്ങളെ അവയൊന്നും  സ്വാധീനിക്കില്ലെന്ന വിശ്വാസത്തിലാണ് സംവിധായകരും നിർമ്മാതാക്കളും മറ്റ് അണിയറ പ്രവർത്തകരുമെല്ലാം.

ഒരു കുട്ടനാടൻ ബ്ലോഗ് 

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രമാണ് ഇത്തവണ ഓണം ലക്ഷ്യമാക്കിയെത്തുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സച്ചി- സേതു  കൂട്ടുകെട്ടിലെ  സേതു സ്വന്തന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.അനു സിതാര, ഷംന കാസിം, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടനാട്ടിലെ ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടൻ ഉണ്ണി മുകുന്ദൻ ചത്രത്തിന്റെ സഹ സംവിധായകനായി പ്രവർത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

മെമ്മറീസിനു ശേഷം അനന്ത വിഷന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിന് ആദ്യം കോഴി തങ്കച്ചൻ എന്ന പേരാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട ഒരു കുട്ടനാടൻ ബ്ലോഗ് എന്നാക്കുകയായിരുന്നു.  പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്  ബിജിപാലാണ്. മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ സേതുവിന്റെ സംവിധായകനായുള്ള അരങ്ങേറ്റം സിനിമ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.

കായംകുളം കൊച്ചുണ്ണി 

യുവ നായകരിൽ ഏറെ ശ്രദ്ധേയനായ നിവിൻ പോളിയുടെ വ്യത്യസ്തമായ ചുവടു വയ്പാണ് കായംകുളം കൊച്ചുണ്ണി.  മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെടാനൊരുങ്ങുന്ന ഈ ചരിത്ര സംഭവത്തിൽ   മോഹൻലാൽ ഇത്തിക്കര പക്കിയായി അതിഥി വേഷത്തിലെത്തുന്നു എന്നതും പ്രേക്ഷക പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ഹിറ്റ് കൂട്ടുകെട്ടായ ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസാണ്.

പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്തനി ജോസഫ് എന്നിങ്ങനെ വൻ താര നിര ചിത്രത്തിലുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതം പല തവണ അഭ്രപാളികളിൽ അവതരിപ്പിക്കപെട്ടിട്ടുള്ളതിനാൽ ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. പുറത്ത് വന്നിട്ടുള്ള ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ചിത്രീകരണ രംഗങ്ങളും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ശ്രീകാർ പ്രസാദാണ്.

തീവണ്ടി

പ്രതിനായകനായി കടന്ന് വന്ന് മലയാള ചലച്ചിത്ര മേഖലയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ടോവിനോ തോമസ്. കഥാപാത്രത്തിന്റെ ദൈർഘ്യത്തെക്കാൾ അഭിനയത്തിന് പ്രാമുഖ്യം നൽകുന്ന ടോവിനോയുടെ ഓണം റിലീസാണ് തീവണ്ടി. നിരവധി റിലീസ് തീയതികൾ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം വൈകിയ ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ഫെലിനിയാണ് സംവിധാനം ചെയ്യുന്നത്.

ആക്ഷേപ ഹാസ്യ ചിത്രമാണ് തീവണ്ടിയെന്ന് ട്രെയ്‌ലറും ഗാനങ്ങളും സൂചിപ്പിക്കുന്നു.  ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്. സെക്കന്റ് ഷോ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന് തിരക്കഥയൊരുക്കിയ വിനി വിശ്വാലാണ് തീവണ്ടിയുടെയും തിരക്കഥയ്ക്ക് പിന്നിൽ. പുതുമുഖം സംയുക്ത മേനോൻ നായികയാകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്,  സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് അപ്പു ഭട്ടതിരിയാണ്. കൈലാസ് മേനോൻ സംഗീതം നൽകിയിരിക്കുന്നു. ആഗസ്റ്റ് 24ന് ചിത്രം തിയേറ്ററുകളിലെത്തും. ടോവിനോ നായകനായ മറഡോണ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിന് പുറമെയാണ് തീവണ്ടിയുമെത്തുന്നത്.

വരത്തൻ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് ഫഹദ് ഫാസിൽ എന്നിവരൊന്നിക്കുന്ന ചിത്രമാണ് വരത്തൻ. നസ്രിയ ഫഹദ് നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തിറക്കിയിരുന്നു. കാഴ്ചയിലെ വ്യത്യസ്തത തന്നെയാണ് ചിത്രത്തിന്മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നത്. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.  പറവ, കൂടെ എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ ലിറ്റിൽ സ്വയംപ്  ഛായാഗ്രഹണം നിർവഹിക്കുന്ന വരത്തന്റെ എഡിറ്റിംഗ്, ദേശിയ പുരസ്‌കാര ജേതാവ് വിവേക് ഹർഷൻ കൈകാര്യം ചെയ്യുന്നു. സുഷിന് ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിങ്ങനെ കഴിഞ്ഞ ചിത്രങ്ങളെല്ലാം മികച്ചതാക്കിയ ഫഹദിന്റെ ചിത്രത്തെ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നത് ടീസറിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നു. ഷറഫുദീൻ, അർജുൻ അശോകൻ, വിജിലേഷ്, ദിലീഷ് പോത്തൻ, മാസ്റ്റർ ചേതൻലാൽ, എന്നിങ്ങനെ വൻ താര നിര തന്നെയുണ്ട്.

പടയോട്ടം   

ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം ഒരുക്കുന്ന ചിത്രമാണ് പടയോട്ടം. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ചെങ്കൽ രഘു എന്ന ഗുണ്ടയായി പ്രത്യക്ഷപ്പെടുകയാണ് ബിജു മേനോൻ. സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, ബേസിൽ ജോസഫ്, ദിലീഷ് പോത്തൻ എന്നിവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം ഗ്യാങ്സ്റ്റർ കോമഡി വിഭാഗത്തിലുള്ളതാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകുന്നു.

അനു സിതാര നായികയായെത്തുന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോഡേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഹരീഷ് കണാരന്‍, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എ.ആർ.അരുണ്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പടയോട്ടത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സമീപ കാല ബിജു മേനോൻ ചിത്രങ്ങളെല്ലാം കുടുംബ പ്രേക്ഷകരിൽ നിന്നും ഗംഭീര സ്വീകരണം ഏറ്റു വാങ്ങിയ സാഹചര്യത്തിൽ പടയോട്ടവും മികച്ച പ്രതികരണം നേടുമെന്ന വിശ്വാത്തിലാണ് അണിയറ പ്രവർത്തകർ.

രണം സെപ്റ്റംബർ 6ന്

ഓണത്തിനെത്തുന്ന ചിത്രങ്ങളുടെ പട്ടികയിൽ തുടക്കത്തിൽ ചേർക്കപ്പെട്ടിരുന്ന പേരായിരുന്നു രണം.  സിനിമയ്ക്കുള്ളിലും പുറത്തും തന്റേതായ നിലപാടുകൾ സ്വീകരിക്കുന്ന പ്രിഥ്വിരാജിന് വലിയൊരു ആരാധക സമൂഹം തന്നെയുണ്ട്. ആരാധകരെ സംതൃപ്തിപ്പെടുത്തിന് ഉപരിയായി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ തന്റേതായ മുദ്ര പതിപ്പിക്കുകയാണ് അദ്ദേഹം. ഏറ്റവും ഒടുവിൽ അണിയറയിൽ നിന്നുള്ള വാർത്തകളനുസരിച്ച് രണം സെപ്റ്റംബർ 6ന് മാത്രമേ തീയേറ്ററുകളിലെത്തുകയുള്ളു.  ഹേയ് ജൂഡ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിൽ റഹ്മാൻ, ഇഷ തൽവാർ തുടങ്ങിയവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. യുവ പ്രതിഭ ജേക്സ് ബിജോയ് ചിത്രത്തിന് സംഗീതം നൽകുന്നു.

മറ്റേതൊരു വർഷവും പോലെ 2018ഉം വ്യത്യസ്ത പ്രമേയങ്ങളുമായെത്തുന്ന ചലച്ചിത്രങ്ങളാൽ സമ്പന്നമാണ്. എന്നാൽ ഇത്തവണ ചലച്ചിത്ര മേഖലയ്ക്ക് ഇത് പുനരുജ്ജീവനത്തിന്റെ പരീക്ഷണമാണ്. ഉള്ളിലെ കലഹങ്ങളും ഭിന്നതകളുമെല്ലാം ഓണ ചിത്രങ്ങളുടെ വിജയാഘോഷത്തോടെ മറികടക്കാമെന്ന ശുഭാപ്തി വിശ്വാസത്തോടെ ചലച്ചിത്ര മേഖലയും തങ്ങളുടെ ദേശിയ ഉത്സവത്തെ ഉച്ചസ്ഥായിയിലെത്തിക്കാൻ അഭ്രപാളികളിൽ തങ്ങളുടെ പ്രിയ താരങ്ങൾക്ക് കഴിയുമെന്ന പ്രതീക്ഷയിൽ മലയാളികളും തയ്യാറെടുത്തു കഴിഞ്ഞു.

–  പ്രശാന്ത്.എസ്.കുമാർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലഹരി മുക്ത നവകേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

കർക്കടക വാവ്: സ്വകാര്യ സംഘടനകൾക്കു നിയന്ത്രണം