ഗുണ്ട- മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് 

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഗുണ്ട- മയക്ക് മരുന്ന് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ് . അടിയന്തിര നടപടി സ്വീകരിക്കാന്‍ സൗത്ത് സോണ്‍ എഡിജിപി. മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ കെ.സഞ്ചയ്കുമാര്‍ ഗുരുദ്ദിന്‍ ആണ് പദ്ധതി ആവിഷ്‌കരിച്ചത്.

നഗരത്തിലെ മുഴുവന്‍ സാമൂഹ്യ വിരുദ്ധരേയും ഇല്ലായ്മ ചെയ്ത് നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കുകയാണ്  ആദ്യ പരിഗണന. അതിനായി നഗരത്തില്‍ കൂടുതല്‍ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനം നടത്തി വരുന്ന 210 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍  അറിയിച്ചു.  തുടര്‍ച്ചയായി  പരിശോധന നടത്തി  പ്രശ്‌നക്കാരെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടി സ്വീകരിക്കും. ഇത്തരക്കാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കും.  സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള  വകുപ്പുകള്‍ ചുമത്തും. സ്ഥിരം പ്രശ്‌ന ബാധിത പ്രദേശങ്ങളിലും ചേരി പ്രദേശങ്ങളിലും  പോലീസ് നിരീക്ഷണം കര്‍ശനമാക്കുവാനും,  രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് കൂടുതല്‍ ശക്തമാക്കുവാനും തീരുമാനിച്ചു. 

തലസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന മയക്ക് മരുന്ന് , കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുവാനും ഓപ്പറേഷന്‍ ബോള്‍ട്ട് തീരുമാനിച്ചു.  അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയും പ്രത്യേകം നിരീക്ഷിക്കും. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍  ചെയ്യുന്ന ഡ്രഗ്‌സ് കേസുകളെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ  പ്രത്യേകം നിരീക്ഷിക്കും.  150 ഓളം ഡ്രഗ്‌സ് വില്‍പ്പനക്കാര്‍ ജില്ലയിൽ  ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇവരെ കസ്റ്റഡിയില്‍ എടുക്കാൻ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തും. നഗരത്തില്‍  മയക്ക് മരുന്ന്- കഞ്ചാവ്  വ്യാപാരം നടത്തുന്നത്  പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ സിറ്റിസണ്‍ പൊലീസ് വിജില്‍ എമര്‍ജന്‍സി നമ്പറിൽ  (9497975000 ) വിളിച്ച് വിവരം പോലീസിന് കൈമാറണമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയത്തിന്‍റെ നേര്‍ക്കാഴ്ചയുമായി ബംഗ്ലാദേശി ആര്‍ട്ടിസ്റ്റ് മര്‍സിയ ഫര്‍ഹാന

ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കീർത്തി