പ്രതിപക്ഷ മഹാറാലിയിൽ വിരണ്ടു; മോദിയുടെ കൊൽക്കത്ത പരിപാടി ഉപേക്ഷിച്ചു 

നേരത്തേ പ്രഖ്യാപിച്ചിരുന്ന ഫെബ്രുവരി 8 ലെ കൊൽക്കത്ത റാലിയും സമ്മേളനവുമാണ്  റദ്ദാക്കിയത്.

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും എന്ന് വലിയ തോതിൽ പ്രചരണം നടത്തിയിരുന്ന കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ സമ്മേളനം ബി ജെ പി വേണ്ടെന്നുവച്ചു. മമതാ ബാനർജി നേതൃത്വം നൽകി പ്രതിപക്ഷ ഐക്യ നിരയിലെ ഭൂരിപക്ഷം പേരും അണിനിരന്ന കഴിഞ്ഞയാഴ്ചത്തെ മഹാ റാലിയുടെ വിജയമാണ് ബി ജെ പി യെ ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചതെന്ന്  കരുതുന്നു. 

രാജ്യത്തെ ഇരുപത്തി മൂന്നോളം  പ്രതിപക്ഷ പാർട്ടി നേതാക്കൾ അണിനിരന്ന മമതയുടെ റാലിയിൽ 40 ലക്ഷം പേർ പങ്കെടുത്തെന്നാണ് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന  ബ്രിഗേഡ്  ഗ്രൗണ്ട് പോലൊരു പടുകൂറ്റൻ മൈതാനിയിൽ വിജയകരമായി ഒരു സമ്മേളനം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ കക്ഷികളെ  സംബന്ധിച്ച എന്നും ഒരു തലവേദനയാണ്.  ആള് കുറഞ്ഞാൽ എതിരാളികൾ അത് രാഷ്ട്രീയ ആയുധമാക്കും. പ്രതിപക്ഷകക്ഷികളുടെ റാലി വൻ വിജയമാവുകയും പ്രധാനമന്ത്രിയുടെ റാലിക്ക് ആളില്ലാതാവുകയും ചെയ്താൽ അതിന്റെ നാണക്കേട് ചില്ലറയല്ല. 

ബി ജെ പി പ്രസിഡന്റ് ദിലീപ് ഘോഷാണ് കൊൽക്കത്ത റാലി റദ്ധാക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിൽ മൂന്ന് റാലികൾ അഭിസംബോധന ചെയ്യുമെന്നും ജനുവരി 28 ന് ബൊൻഗാവോണിലെ താക്കൂർ നഗറിലാണ് ആദ്യ റാലിയെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 2 ന്  ഉത്തര ബംഗാളിലെ സിലിഗുരിയിൽ നടക്കുന്ന റാലിയിലും അദ്ദേഹം സംസാരിക്കും.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ റാലി റദ്ദാക്കി. പകരം പാർട്ടി എം പി ബാബുൽ സുപ്രിയോയുടെ മണ്ഡലമായ അസൻസോളിൽ നടക്കുന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.  നേരത്തേ നിശ്ചയിച്ച കൊൽക്കത്ത റാലി റദ്ദാക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റിടങ്ങളിൽ മൂന്നു റാലികൾ നടക്കുന്നതുകൊണ്ടാണ് കൊൽക്കത്ത റാലി മാറ്റിവെച്ചത് എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്.

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയും ശക്തിപ്രകടനവും ബി ജെ പി യുടെ ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംസ്ഥാനത്തെ 42 ലോക് സഭാ മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളെങ്കിലും നേടണമെന്ന കണക്കുകൂട്ടലിലാണ്  സംസ്ഥാന ബി ജെ പി ഘടകം. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കർണാടക എം എൽ എ

തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ കൊണ്ടു വരുമെന്ന് ഗൂഗ്ൾ