കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ജനലക്ഷങ്ങൾ 

മോദി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടെന്ന് പ്രതിപക്ഷ നേതാക്കൾ

കൊൽക്കത്ത: പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാൻ തൃണമൂൽ കോൺഗ്രസ്സ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി സംഘടിപ്പിച്ച മഹാറാലിയിൽ ജനലക്ഷങ്ങൾ അണിനിരന്നു. റാലി വൻവിജയമാണെന്നാണ്‌ റിപ്പോർട്ടുകൾ. കോൺഗ്രസ് ഉൾപ്പെടെ പ്രധാന പ്രതിപക്ഷ പാർട്ടികളുടെയെല്ലാം നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട് . ഇരുപത്തഞ്ചോളം പ്രതിപക്ഷ നേതാക്കൾ  അഭിവാദ്യം ചെയ്തു സംസാരിച്ച റാലിയിൽ നാൽപതു ലക്ഷം പേർ അണി നിരന്നതായി റിപ്പോർട്ടുകളുണ്ട്.  മഹാസമ്മേളനങ്ങൾ നടക്കാറുള്ള വിശാലമായ കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുന്നത്. 

കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഘഡ്ഗേ, അഭിഷേക് മനു സിംഗ്‌വി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗ് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു, ജമ്മു കശ്‍മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ, ലോക് താന്ത്രിക് ജനത ദൾ നേതാവ് ശരത് യാദവ്, മുൻ ബി ജെ പി നേതാക്കളും കേന്ദ്ര മന്ത്രിമാരും ആയിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, രാഷ്ട്രീയ ലോക് ദളിനെ പ്രതിനിധീകരിച്ച് ജയന്ത് ചൗധരി, അരുണാചൽ പ്രദേശ് മുൻ മുഖ്യ മന്ത്രി ഗെഗോങ് അപാങ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറെൻ, ഗുജറാത്ത് എം എൽ എ യും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സാമി, തേജസ്വിനി യാദവ്, ബഹുജൻ സമാജ് വാദി പാർട്ടിയിൽ നിന്ന് സതീഷ് ചന്ദ്ര മിശ്ര, ശത്രുഘൻ സിൻഹ തുടങ്ങി നേതാക്കളുടെ ഒരു നിര തന്നെ റാലിയെ സമ്പന്നമാക്കുന്നുണ്ട്.

കാർമേഘങ്ങൾ നീങ്ങി ആകാശം തെളിയുകയാണെന്നും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ മഴവില്ലിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അഭിഷേക് മനു സിംഗ്‌വി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ രണ്ടാം  സ്വാതന്ത്ര്യ സമരമാണെന്നാണ്  റാലിയെ അഭിസംബോധന ചെയ്ത എം കെ സ്റ്റാലിൻ  അഭിപ്രായപ്പെട്ടത്. 

ബി ജെ പി മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുകയാണെന്നും വിഭജനത്തിന്റെ ശക്തികളെ ചെറുത്ത് തോൽപ്പിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.  കേന്ദ്രം ഭരിക്കുന്ന സർക്കാർ നശിപ്പിക്കാത്ത ഒറ്റ സ്ഥാപനവും രാജ്യത്ത് അവശേഷിച്ചിട്ടില്ലെന്നാണ് ശരത് യാദവ് പറഞ്ഞത്.

രാജ്യത്തെ മഹത്തായ സ്ഥാപനങ്ങൾ ഈ വിധം തകർത്തെറിയപ്പെട്ട നാളുകൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് അരുൺ ഷൂരി അഭിപ്രായപ്പെട്ടു. ഒരു നേതാവിനെയല്ല , മറിച്ച്  ഒരു പ്രത്യയശാസ്ത്രത്തെ തോൽപ്പിക്കാനുള്ള ഉത്തരവാദിത്തമാണ്  പ്രതിപക്ഷത്തിന് വന്നുചേർന്നിരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 

സർക്കാരിനെ എതിർക്കുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയെല്ലാം സർക്കാർ നാനാവിധമാക്കിയിരിക്കുന്നു, അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമ ബംഗാൾ ഇന്ന് ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കുമെന്നാണ് ജയന്ത് ചൗധരി പറഞ്ഞത്. ഇന്ത്യൻ ജനാധിപത്യം കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് ഗെഗോങ് അപാങ് പറഞ്ഞു.

രാജ്യം അതീവവെല്ലുവിളികളെയാണ് നേരിടുന്നതെന്നും മോദി ഭരണത്തിൽ  ജനാധിപത്യ സ്ഥാപനങ്ങളെല്ലാം അപകട ഭീഷണി നേരിടുകയാണെന്നും ഹേമന്ദ്  സോറെൻ  പറഞ്ഞു. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നമ്മ അഭിമുഖീകരിക്കുന്നതെന്നാണ് ജിഗ്നേഷ് മേവാനി അഭിപ്രായപ്പെട്ടത് . ബി ജെ പി ക്ക് കനത്ത തിരിച്ചടി നൽകണം. 

മോദി സർക്കാരിന്റെ ദിനങ്ങൾ  എണ്ണപ്പെട്ടുകഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻറെ മഹത്തായ ഭരണ ഘടനയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഒന്നിച്ചു നിന്നാൽ രാജ്യത്തെ രക്ഷിക്കാനാവുമെന്നും ഹാർദിക്  പട്ടേൽ പറഞ്ഞു. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിക്കുന്ന ബി ജെപി,  സി ബി ഐ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  എന്നിവയുടെ വിശ്വാസ്യത കളഞ്ഞു കുളിച്ചതായി  തെലുഗു ദേശം പാർട്ടി നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു അഭിപ്രായപ്പെട്ടു.  

എം എൽ എ മാരെ വിലക്കെടുക്കാനാണ് അവർ ശ്രമിക്കുന്നത്. ഇലക്ട്രോണിക്  മെഷീനുകൾ വലിയൊരു തട്ടിപ്പാണെന്നും പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്കു മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.  

പുതു വർഷത്തിൽ പുതിയൊരു പ്രധാനമന്ത്രിയെ  നമുക്ക്  കിട്ടുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ജനങ്ങൾ ആരെ തെരഞ്ഞെടുക്കുന്നോ അയാളായിരിക്കും പ്രധാനമന്ത്രി, അദ്ദേഹം പറഞ്ഞു. വോട്ടിനുവേണ്ടി കള്ളം പറയുന്ന പാർട്ടിയാണ് ബി ജെ പി എന്ന് ബി എസ് പി നേതാവ് സതീഷ് ചന്ദ്ര മിശ്ര കുറ്റപ്പെടുത്തി . കർഷകരെയും തൊഴിലാളികളെയും മത ന്യൂനപക്ഷങ്ങളെയും ദളിതരെയും അവർ വഞ്ചിച്ചു, അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടൂറിസം മേഖലയിലെ  പ്രായോഗിക ബദല്‍ മാതൃക  ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപപ്പെടുത്തി: മന്ത്രി

”ഇരുട്ടിന്‍റെ പ്രഹരമേറ്റ യുവ മലയാളം സിനിമ”  ബിനാലെയില്‍