രാജ്യത്തെ അസമത്വം അമ്പരപ്പിക്കുന്നതെന്ന് ഓക്സ് ഫാം റിപ്പോർട്ട്

അസമത്വത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളുമായി ഓക്സ് ഫാം 2019 റിപ്പോർട്ട് പുറത്തിറങ്ങി.ദേശീയ സമ്പത്തിന്റെ 51.53 ശതമാനവും കയ്യടക്കി വച്ചിരിക്കുന്നത് കേവലം ഒരു ശതമാനം വരുന്ന അതി സമ്പന്നരാണ്.

അതേ  സമയം  ഏറ്റവും അടിത്തട്ടിലുള്ള 60 ശതമാനത്തിന്റെ മൊത്തം സമ്പത്ത് കേവലം  4.8 ശതമാനവും. സാമ്പത്തിക അസമത്വം ജനാധിപത്യത്തെ തുരങ്കം വെയ്ക്കുന്നതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

രാജ്യത്തെ അതിസമ്പന്നരുടെ കൈകളിലേക്ക് ദേശീയ സമ്പത്ത് മുഴുവൻ കേന്ദ്രീകരിക്കുന്നു. സമ്പന്നർ കൂടുതൽ  സമ്പന്നരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.

ലോകമെങ്ങും ഈ പ്രവണതയാണ് കാണുന്നത്. ലോക  ജനസംഖ്യയുടെ പകുതിയോളം വരുന്ന (3.8 ബില്യൺ )  ആഗോള ദരിദ്രരുടെ സമ്പത്ത് ഒരു വർഷത്തിനുള്ളിൽ  11 ശതമാനം കുറവ് രേഖപ്പെടുത്തി. അതേ  സമയം  കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഓരോ രണ്ടു ദിവസത്തിലും പുതിയൊരു ശതകോടീശ്വരൻ ലോകത്ത് ഉയർന്നു വരുന്നുണ്ട്. 

2018 ൽ രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്ത് 39 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ അടിത്തട്ടിലുള്ള 50 ശതമാനം പേരുടെ സമ്പദ് വളർച്ച  കേവലം 3 ശതമാനം മാത്രമാണ്.

ലോക ജനസംഖ്യയുടെ പകുതിയോളം വരുന്ന 3.8 ബില്യൺ ആളുകളുടെ മൊത്തം സമ്പത്തിന്റെ അത്രതന്നെ വരും ലോകത്തെ 26 ധനാഢ്യരുടെ കൈകളിൽ കേന്ദ്രീകരിച്ചിട്ടുള്ള സമ്പത്തെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊട്ടു മുൻപത്തെ വർഷം  ഈ ധനാഢ്യരുടെ  എണ്ണം 43 ആയിരുന്നു.

രാജ്യത്തെ സ്ത്രീകൾ അങ്ങേയറ്റം ഭീകരമായ സാമ്പത്തിക അസമത്വമാണ് അനുഭവിക്കുന്നത് എന്ന്  സെക്സിസ്റ്റ് അസമത്വം എന്ന തലക്കെട്ടിൽ വിശദീകരിക്കുന്നു.  ഒരേ ജോലി ചെയ്യുന്ന പുരുഷന്മാരെ അപേക്ഷിച്ച് 34 ശതമാനം കുറവ് വേതനമാണ് സ്ത്രീകൾക്ക്   ലഭിക്കുന്നത്.

കണക്കാക്കപ്പെടാത്തതും അംഗീകരിക്കപ്പെടാത്തതും വേതനം നൽകാത്തതുമായ സേവനങ്ങൾ കണക്കിലെടുത്താൽ ലോകത്തെ സ്ത്രീകൾ ഒരു വർഷം 10 ട്രില്യൺ ഡോളറിന്റെ ജോലി ചെയ്യുന്നുണ്ട്.  അത് ആഗോള ടെക് ഭീമനായ ആപ്പിളിന്റെ  മൊത്തം വിറ്റുവരവിന്റെ 43 മടങ്ങായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ പത്തുവർഷക്കാലത്തെ  ഏറ്റവും താഴ്ന്ന നിരക്കിലുള്ള നികുതിയാണ്  രാജ്യത്തെ അതി സമ്പന്നരും കോർപറേറ്റ് ഭീമന്മാരും കഴിഞ്ഞ വർഷം നൽകിയത്  .നികുതിവെട്ടിപ്പ് മുൻപെങ്ങുമില്ലാത്ത വിധം ശക്തിയാർജ്ജിച്ചിരിക്കുന്നു. കോർപറേറ്റ് സമ്പത്ത് വിദേശ രാജ്യങ്ങളിലേക്ക് രഹസ്യമായി കടത്തുന്ന പ്രവണത കൂടിയിരിക്കുന്നു.

ഇന്ത്യയിൽ പോയവർഷം 18 പുതിയ സഹസ്ര കോടീശ്വരന്മാർ രംഗപ്രവേശം ചെയ്തു. രാജ്യത്തെ മൊത്തം ബില്യണയർമാരുടെ  എണ്ണം 119 ആയി വർധിച്ചു. 2018-2019  വർഷത്തെ കേന്ദ്ര ബജറ്റ് 24,422 ബില്യൺ ആയിരുന്നെങ്കിൽ അതിനേക്കാൾ അധികമാണ് സഹസ്ര കോടീശ്വരന്മാരുടെ സമ്പത്ത്.

പൊതുജനാരോഗ്യം, സാനിറ്റേഷൻ, കുടിവെള്ള വിതരണ മേഖലകളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മൊത്തം ചിലവഴിക്കുന്ന തുകയേക്കാൾ കൂടുതലാണ് മുകേഷ് അംബാനിയുടെ സമ്പത്തെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. അസമത്വത്തിന്റെ അടിസ്ഥാനം വർഗം മാത്രമല്ല.

ജാതി, ലിംഗം, സാമൂഹ്യ നില എന്നിവയും സാമ്പത്തികാസമത്വത്തെ  നിർണയിക്കുന്നുണ്ട്. ഒരു ദളിത് സ്ത്രീയുടെ ശരാശരി ആയുർ ദൈർഘ്യം ഉന്നത ജാതി സ്ത്രീയുടേതിനേക്കാൾ 14.6 വർഷം വരെ കുറവാണ്.

പൊതു മേഖലാ നിക്ഷേപങ്ങളിൽ വന്ന ഭീമമായ കുറവ്, വർധിച്ചുവരുന്ന സ്വകാര്യവൽക്കരണം, ലിംഗ അസമത്വം മൂലം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വന്ന  വർദ്ധനവ്, വേതനം ഇല്ലാത്ത തൊഴിൽ , ബജറ്റിൽ സ്ത്രീകളുടെയും  പാർശ്വ വത്കൃത ജന വിഭാഗങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക്  മതിയായ തുക  വകയിരുത്താത്തത് , അഴിമതി എന്നിവയാണ് രാജ്യത്തെ വർധിച്ചു വരുന്ന അസമത്വങ്ങളുടെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഗ്രാമീണ മേഖലയിൽ ഡോക്ടർമാരുടെ സേവനം പരിമിതമാണ്. ആയിരം പേർക്ക് 0.7  ഡോക്റ്ററാണ് ഉള്ളത്. ബ്രിട്ടനിൽ ഇത് 2.8  ആണ്. ” കുറഞ്ഞ ചിലവിൽ ലോക നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളെ ”  കുറിച്ച് ഊറ്റം കൊളളുന്ന രാജ്യം ആഗോളതലത്തിൽ 145 ആം സ്ഥാനത്താണെന്ന് റിപ്പോർട്ട് പരിഹസിക്കുന്നു.  പട്ടികയിൽ ആകെ  ഉള്ളത് 195 രാജ്യങ്ങളാണ്. രാജ്യത്ത് പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം വർഷം ചെല്ലുംതോറും കുറഞ്ഞു വരുന്നതായി  കണക്കുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചുവരുന്നു. പൊതുമേഖലയോടുള്ള സർക്കാരിന്റെ അവഗണനയുടെ ഉദാഹരണമായി ഇത് ചൂണ്ടിക്കാട്ടാം.

ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ സർക്കാർ നിയന്ത്രണം പരാജയപ്പെട്ടെന്ന് എടുത്തു പറയുന്നുണ്ട്. സാധാരണക്കാരുടെ വിദ്യാഭ്യാസ -ചികിത്സാ ചിലവുകൾ വർഷം തോറും കൂടിവരുന്നു. വലിയൊരു വിഭാഗം ജനങ്ങൾ ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്.

ആശങ്കയുളവാക്കുന്ന ഭീകരമായ ഈ അസമത്വങ്ങളെ നേരിടാൻ ചില നിർദേശങ്ങൾ കൂടി ഓക്സ് ഫാം  മുന്നോട്ടു വെക്കുന്നുണ്ട്. അതിസമ്പന്നരുടെ സമ്പത്തിനു മേൽ 0.5 ശതമാനം അധിക നികുതി ചുമത്തണം. പൊതുജനാരോഗ്യ മേഖലയിൽ 50 ശതമാനം അധികം തുക വകയിരുത്താൻ  ഇതുവഴി സർക്കാരിനാവും. സ്‌കൂൾ വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കണം .

ജി ഡി പി യുടെ 6 ശതമാനം വിദ്യാഭ്യാസ രംഗത്തും 3.5 ശതമാനം പൊതുജനാരോഗ്യ മേഖലയിലും ചെലവഴിക്കണം. പൊതുജനാരോഗ്യ മേഖല സുശക്തമാക്കണം. വിദ്യാഭ്യാസ അവകാശ നിയമം കൂടുതൽ  കാര്യക്ഷമമായി നടപ്പിലാക്കണം. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ വാണിജ്യവൽക്കരണം തടയണം. ജെൻഡർ ബഡ്ജറ്റിങ്ങിൽ ഊന്നൽ നൽകണം. 

സാമ്പത്തിക അവലോകന റിപ്പോർട്ടുകളെല്ലാം അവഗണിക്കുന്ന വീട്ടുജോലിയെപ്പറ്റി  ശ്രദ്ധേയമായ ചില  നിരീക്ഷണങ്ങൾ കാണാം. വേതനം നൽകാത്ത ജോലികളെല്ലാം സാമ്പത്തിക മേഖലയിലെ സബ്സിഡികളാണ് എന്ന പരാമർശം  എടുത്തുപറയേണ്ടതാണ്. നാഷണൽ സാമ്പിൾ സർവ്വേ പ്രകാരമുള്ള   ‘ തൊഴിൽ ‘ നിർവചനം പരിഷ്കരിക്കണമെന്നും  റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെടുന്നു. വീട്ടുവേല  തൊഴിൽ നിർവചനത്തിന്റെ ഭാഗമാകേണ്ടതുണ്ട്.

സർക്കാർ തലത്തിൽ ഇതിനുള്ള നയരൂപീകരണം നടത്തണം. ജാതി, വർഗം, ലിംഗം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥയെ നേരിടാൻ സർക്കാർ  യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ കൈക്കൊള്ളണം . അതിസമ്പന്നരിൽ നിന്നും കോർപറേറ്റുകളിൽനിന്നും നീതിയുക്തമായ നികുതി പിരിച്ചെടുക്കാനുള്ള നടപടികൾ ഉണ്ടാവണം 

ആനുകൂല്യങ്ങൾ വേണ്ടതിലേറെ അനുഭവിക്കുന്ന ഒരു ചെറു വിഭാഗത്തിന് മാത്രമായല്ല , മറിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും ശോഭനമായ ഭാവിയാണ്  സർക്കാർ ലക്ഷ്യമാക്കേണ്ടത് എന്ന്  ഓർമിപ്പിച്ചുകൊണ്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കമായി: തനതു നൃത്തരൂപങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍

അരവിന്ദൻ എന്ന അനശ്വര പ്രതിഭ