പാകിസ്താൻ ദേശീയ ദിനാഘോഷങ്ങൾ അതിഥികളെ തടഞ്ഞതായി പരാതി 

ന്യൂഡൽഹി: ന്യൂഡൽഹിയിലെ  പാകിസ്താനി ഹൈകമ്മീഷനിൽ നടന്നുവരുന്ന ദേശീയ ദിനാഘോഷങ്ങളിൽ സംബന്ധിക്കാനെത്തിയ ഇന്ത്യക്കാരായ അതിഥികളെ ഡൽഹി പൊലീസ് തടഞ്ഞതായി പരാതി.മാധ്യമപ്രവർത്തകർ അടക്കമുള്ള അതിഥികളെയാണ് പൊലീസ്  തടഞ്ഞത്.

ഹൂറിയത്ത് കോൺഫറൻസ് നേതാക്കൾക്കും ക്ഷണക്കത്ത് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ത്യ ചടങ്ങ് ബഹിഷ്കരിക്കുകയാണ്. അതിനു പിന്നാലെയാണ് ചടങ്ങിനെത്തിയ അതിഥികളെ  തടഞ്ഞതായി ആരോപണം ഉയർന്നിരിക്കുന്നത്.  ക്ഷണക്കത്തു ലഭിച്ചിട്ടും ഹുറിയത്ത് നേതാക്കളാരും ചടങ്ങിൽ പങ്കെടുക്കുന്നില്ല.

1940 മാർച്ച് 23 ന് ലാഹോർ പ്രമേയം അംഗീകരിച്ചതും 1956 ൽ അന്നേ ദിവസം ഭരണഘടന നിലവിൽ വന്നതും അടിസ്ഥാനമാക്കിയാണ്  മാർച്ച് 23 ദേശീയ ദിനമായി ആഘോഷിക്കുന്നത്.

ഡൽഹി പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ചിലർ തന്നെയും മുതിർന്ന രണ്ടു പത്രപ്രവർത്തകരെയും തടഞ്ഞു നിർത്തിയെന്ന് ഫ്രീപ്രസ് ജേണൽ റിപ്പോർട്ടർ തൃപ്തിനാഥ്‌ ആരോപിച്ചു. ” ക്ഷണക്കത്തുകൾ കാട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. ഇത്തരം കല്പനകൾ മാധ്യമപ്രവർത്തകരാരും അനുസരിക്കില്ലെന്ന് ബോധ്യമായതോടെ അവർ പിന്മാറുകയായിരുന്നു “

ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടറെ തടഞ്ഞുനിർത്തി ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ കാരണം തിരക്കിയെന്നും പേരും വിലാസവും ഫോൺ നമ്പറും അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ വാങ്ങിയെന്നും  പറയുന്നു. സാധാരണ നിലയിൽ ഹൈക്കമീഷനിൽ എത്തുന്ന അതിഥികളുടെ വാഹന നമ്പർ മാത്രമാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇന്ന് ഫോൺ നമ്പറുകൾ നല്കാൻ വിസമ്മതിച്ചവരെ തടഞ്ഞു നിർത്തിയതായും നമ്പർ നൽകിയതിന് ശേഷം മാത്രമാണ് കടത്തിവിട്ടതെന്നും പി ടി ഐ റിപ്പോർട് ചെയ്യുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

10 വർഷം, ലോകത്തെ നടുക്കിയ 11 ഭീകരാക്രമണങ്ങൾ 

ഒഴിവുകാലം ആഘോഷിക്കാന്‍ നെയ്യാര്‍ഡാം, കാപ്പില്‍, ആക്കുളം