പാറശ്ശാല കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത മണ്ഡലം 

പാറശ്ശാല: ഹരിത കേരള മിഷനും കേരള കൃഷി വകുപ്പും സംയുക്തമായി പാറശാല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമ്പൂർണ്ണ തരിശ് നിർമ്മാർജന ജൈവ കാർഷിക കർമ്മ പദ്ധതിയായ തളിരിന്റെ ഭാഗമായി മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെയും തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

ഈ മാസം 29 ന് പാറശ്ശാല മണ്ഡലം സമ്പൂർണ്ണ തരിശു വിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്നും  ഇതിനുമുന്നോടിയായി എല്ലാ  പഞ്ചായത്തുകളിലും തരിശ് രഹിത പ്രഖ്യാപനം നടത്തുമെന്നും സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.  കുന്നത്തുകാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സമ്പൂർണ്ണ തരിശ് നിർമാർജന പദ്ധതിയായ തളിരിന്റെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.12 ഹെക്ടർ മാത്രമുണ്ടായിരുന്ന നെൽ കൃഷി നാൽപതിലേറെ ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനായത്  പദ്ധതിയുടെ സമ്പൂർണ വിജയമാണെന്നും എം.എൽ.എ പറഞ്ഞു.

മണ്ഡലത്തിലെ മുഴുവൻ തരിശിടങ്ങളും പഞ്ചായത്ത് കൃഷി ഓഫീസുകളുടെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നു. ഇത് പ്രകാരം 40 ഹെക്ടർ സ്ഥലത്ത് പുതുതായി കൃഷി ആരംഭിച്ചു. നെൽകൃഷിയ്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് പദ്ധതി നടപ്പിപിലാക്കിയത്. മറ്റ് കൃഷികൾക്കായി ഉപയോഗിച്ചിരുന്ന പാഠശേഖരങ്ങളിൽ  നെൽകൃഷി പുനരാരംഭിച്ചു.

നെൽകൃഷിയ്ക്ക് പുറമെ പച്ചക്കറി കൃഷിയും, വാഴയും ഒപ്പം ജലസേചനം കുറവുള്ള പ്രദേശങ്ങളിൽ ഫലവൃക്ഷതൈകളും നട്ടുപിടിപ്പിച്ചു.  മണ്ഡലത്തിലാകെ പത്ത് ലക്ഷം  പച്ചക്കറി, കറിവേപ്പില, ഫലവൃക്ഷ തൈകൾ എന്നിവ തളിരിന്റെ ഭാഗമായി വിതരണം ചെയ്തു.  ആർ.ടി.ടി.സിയുടെ സഹായത്തോടെ ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ആധുനിക കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നൽകി.

കുളങ്ങൾ, നീർച്ചാലുകൾ പാരമ്പര്യ ജലസ്രോതസ്സുകൾ എന്നിവ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചു. ജൈവകൃഷി നടത്തുന്നതിനും കാർഷികമേഖലയിലെ നൂതന സങ്കേതികവിദ്യങ്ങളെ കുറിച്ച് കർഷകർക്ക് അറിവ് പകരുന്നതിനുമായി കാർഷിക വിജ്ഞാന സെമിനാറുകളും സംഘടിപ്പിച്ചു.

കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.എസ്. അരുൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുങ്കടവിള  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുജാതകുമാരി,പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ ആർ സുനിത അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. ഷാജി, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ശോഭകുമാരി, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ, തളിര് മണ്ഡലം കൺവീനറും കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ  പി. വിനയചന്ദ്രൻ, ഹരിത കേരളം മിഷൻ  ജില്ലാ കോ ഓർഡിനേറ്റർ ഹരിപ്രിയ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ ജില്ലാ ലാൻഡ് ബോർഡ് പ്രതിനിധി അജി, തളിര് നിയോജകമണ്ഡലം കോ ഓർഡിനേറ്റർ അജിത് സിംഗ്, കൃഷി ഓഫീസർമാർ, ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്‌കൂളുകളിൽ മഴവെള്ള സംപോഷണ പദ്ധതി

മുനമ്പത്തിന് സമീപം ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം