മുഖ്യമന്ത്രിക്കും കോടിയേരിക്കും സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി

 കാസർഗോഡ്‌: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘപരിവാര്‍ മനസാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന് തെളിവ്. ജനമഹായാത്രയോടനുബന്ധിച്ച് കാസര്‍ഗോഡ് ഡി.സി.സിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം വീണ്ടും വരണമെന്ന് സി.പി.എം  ആഗ്രഹിക്കുന്നു. കര്‍ണ്ണാടകയിലും ഗോവയിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന കുതിരക്കച്ചവടത്തെ സി.പി.എം അപലപിക്കാത്തത് അതിന്റെ ഭാഗമാണ്. ജനാധിപത്യ മതേതര ചേരികളെ അണിനിരത്തി ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നും ഒഴിവാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ത്യാഗങ്ങള്‍ സഹിക്കുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ കക്ഷിയായിട്ടും സഖ്യകക്ഷിക്ക് ഭരിക്കാന്‍ അവസരം നല്‍കിയതും അതിന് തെളിവാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാര തുക നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും ഇതുവരെ അവര്‍ക്ക് ഈ തുക നല്‍കാന്‍ പിണറായി സര്‍ക്കാരിനായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിച്ച സര്‍ക്കാര്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കാണിച്ച ശുഷ്‌കാന്തിയുടെ പിന്നിലെ ആത്മാര്‍ഥത കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കല്‍ക്കട്ടയില്‍ പ്രതിപക്ഷ ഐക്യറാലി സംഘടിപ്പിച്ച മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്. മമതാ സര്‍ക്കാരിന് കേരളാ പ്രദേശ് കോണ്‍ഗ്രസ് എല്ലാ പിന്തുണയും  പ്രഖ്യാപിച്ചു. ബംഗാളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ അപലപിക്കാന്‍ സി.പി.എം. എന്തുകൊണ്ട് തയ്യാറാകുന്നില്ല.

42,000 കോടിയുടെ കടത്തിലാണ്, പാപ്പരായി പ്രഖ്യാപിക്കണമെന്ന് കോടതിയെ സമീപിച്ച അനില്‍ അംബാനിയുടെ പൊളിഞ്ഞ കമ്പനിക്ക് എന്തിനാണ് റാഫേല്‍ ഇടപാട് നടത്താന്‍ കരാര്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സി.പി.എമ്മും ബി.ജെ.പിയുമാണ്. ബി.ജെ.പി ഈ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. കോണ്‍ഗ്രസ് പോരാട്ടം പ്രമുഖ പാര്‍ട്ടിയായ സി.പി.എമ്മിനോടാണ്.  കോണ്‍ഗ്രസ് ഏറ്റവും അനുയോജ്യരായ നേതാക്കളെയായിരിക്കും മത്സര രംഗത്തിറക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദന്തരോഗങ്ങൾ അൽഷിമേഴ്‌സിന് കാരണമാകാമെന്ന് പഠനം 

1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന ‘കാഴ്ച’: പരിശീലനം ചൊവ്വാഴ്ച മുതൽ