അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷനും ഇതര ആനുകൂല്യങ്ങളും നല്‍കും: മന്ത്രി 

തിരുവനന്തപുരം: അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷനും ഇതര ആനുകൂല്യങ്ങളും മുടക്കമില്ലാതെ നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.

കേരള തയ്യല്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണത്തോടനുബന്ധിച്ച് ക്ഷേമനിധി ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടിയെടുത്തുവരികയാണ്.  സാമൂഹ്യസുരക്ഷാപെന്‍ഷന്‍ അടക്കമുള്ള എല്ലാ ആനുൂകല്യങ്ങളും താമസിയാതെ ഗുണഭോക്താക്കളുടെ കൈയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

അനര്‍ഹരായ ഒട്ടേറെ പേര്‍ സാമൂഹ്യസുരക്ഷാപദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവ അത്തരക്കാരെ ഒഴിവാക്കി അര്‍ഹതയുള്ളവര്‍ക്ക്  ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന്  ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുവരുത്തണം. അര്‍ഹതയുള്ള എല്ലാവരെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കാന്‍ ട്രേഡ്‌യൂണിയനുകള്‍ ഉള്‍പ്പെടെ പ്രത്യേക ശ്രദ്ധിക്കണം. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്താനും ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതസുരക്ഷ ലക്ഷ്യമിട്ട്  സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിച്ചും തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തിയും രണ്ടു വര്‍ഷത്തിനിടയില്‍ തൊഴില്‍മേഖലയില്‍ സംതൃപ്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇപ്പോഴത്തെ കേരള സര്‍ക്കാരിന് കഴിഞ്ഞു.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള കേരളം തൊഴിലാളിക്ഷേമനടപടികളിലും രാജ്യത്തിന് മാതൃകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും കേരളത്തില്‍ സാമൂഹ്യസുരക്ഷാപദ്ധതികളുടെ സംരക്ഷണമുണ്ട്.  തൊഴിലും തൊഴില്‍സുരക്ഷിതത്വവും തൊഴിലവകാശങ്ങളും കവര്‍ന്നെടുക്കപ്പെടുന്ന ദേശീയസാഹചര്യം മറികടന്നാണ് ബദല്‍നയങ്ങളുമായി കേരളം തൊഴിലാളിക്ഷേമ നടപടികളില്‍ മുന്നിട്ടു നില്‍ക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എട്ടു ലക്ഷത്തിലധികം തയ്യല്‍ തൊഴിലാളികള്‍ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം  124 കോടിയോളം രൂപ പെന്‍ഷന്‍ ഇനത്തിലും മറ്റ് ആനുകൂല്യങ്ങളായും വിതരണം ചെയ്തു കഴിഞ്ഞു. പെന്‍ഷന്‍ ഇനത്തില്‍ 89 കോടി രൂപയാണ് നല്‍കിയത്.

പെന്‍ഷനുപുറമെ ചികിത്സാധനസഹായം, വിവാഹം, പ്രസവം എന്നിവക്ക് സഹായം, കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയും നല്‍കുന്നുണ്ട്. നാല്‍പ്പത്തിനാലായിരത്തോളം തൊഴിലാളികള്‍ക്ക് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് 600 രൂപയായിരുന്ന പെന്‍ഷന്‍  1100 രൂപയിലേക്ക്  ഉയര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.

തയ്യല്‍തൊഴിലാളികളുടെയും തയ്യല്‍ സ്വയംതൊഴിലായി സ്വീകരിച്ചവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധിബോര്‍ഡ് ഏര്‍പ്പെടുത്തുന്ന പെയ്‌മെന്റ് ഗേറ്റ്‌വേ, എസ്എംഎസ് സംവിധാനം എന്നിവ നിലവില്‍ വരികയാണ്. അംഗീകൃത ട്രേഡ് യൂണിയനുകളുടെ സഹായത്തോടെ തയ്യല്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംശദായം അടയ്ക്കാന്‍ സൗകര്യം ഒരുക്കുകയാണ് ട്രേഡ്‌യൂണിയനുകള്‍ക്കുള്ള പേയ്‌മെന്റ് ഗേറ്റ്‌വേയുടെ ഉദ്ദേശ്യം.

ക്ഷേമനിധി ഓഫീസുകളില്‍ പോകാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനായോ നിലവില്‍ പണമടയ്ക്കാം. ഇനിമുതല്‍ ട്രേഡ്‌യൂണിയനുകള്‍ക്കും തൊഴിലാളികളെ ഇക്കാര്യത്തില്‍ സഹായിക്കാനാകും.  രജിസ്‌ട്രേഷന്‍ അപേക്ഷയും ഇത്തരത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ചാലും അംശദായം അടച്ചാലും വ്യക്തിഗത എസ്എംഎസ് മുഖേന തൊഴിലാളികളെ വിവരമറിയിക്കുന്ന സംവിധാനവും നിലവില്‍ വരികയാണ്.

വര്‍ഷത്തില്‍ എല്ലാ ദിവസവും 24 മണിക്കൂറും അംശദായം അടയ്ക്കുന്നതിനും രജിസ്‌ട്രേഷന് അപേക്ഷിക്കുന്നതിനും തൊഴിലാളികള്‍ക്ക് അവസരമുണ്ട്.  അപേക്ഷയുടെയും അംശദായം അടച്ചതിന്റെയും വിവരങ്ങള്‍ ക്ഷേമനിധിബോര്‍ഡിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കാനും സംവിധാനമുണ്ട്.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് എല്ലാ ജില്ലകളിലെയും അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയക്കുകയാണ്. ആനുകൂല്യവിതരണം പൂര്‍ണമായും ഓട്ടോമേഷന്‍ രീതിയിലാക്കുന്നതിന് കെല്‍ട്രോണുമായി സഹകരിച്ച് ഹോസ്റ്റ് ടു ഹോസ്റ്റ് ഇന്റഗ്രേഷന്‍ സംവിധാനം പൂര്‍ത്തിയാക്കിവരികയാണ്.

ക്ഷേമനിധിബോര്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്ത് തൊഴിലാളികള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളാണ് ക്ഷേമനിധി ബോര്‍ഡ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മരണം 29; നാലു പേരെ കാണാതായി

കേരള പൊലീസിന്റെ സൈബര്‍ഡോം ഇനി തെലുങ്കാനയിലേക്കും