‘പെപ്പര്‍’ പദ്ധതിയുടെ രണ്ടാം ഘട്ടം 12 കേന്ദ്രങ്ങളില്‍ കൂടി 

തിരുവനന്തപുരം: ഉത്തരവാദിത്ത വിനോദ സഞ്ചാരത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള ജനകീയ ആസൂത്രണ, ശാക്തീകരണ പദ്ധതിയായ പെപ്പര്‍-ന്‍റെ  രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 12 കേന്ദ്രങ്ങളില്‍ കൂടി ഈ മാസത്തോടെ ആരംഭിക്കുമെന്ന് സഹകരണ- ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കര്‍ഷകര്‍, കരകൗശല നിര്‍മാതാക്കള്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ ടൂറിസം വ്യവസായവുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ട ടൂറിസം വകുപ്പിനു കീഴിലുള്ള വിവിധ  ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഇ-ബ്രോഷര്‍ പ്രകാശനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വൈക്കത്തിനുസമീപം  രണ്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലുമായിരിക്കും പദ്ധതി നടപ്പാക്കുക. ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, തദ്ദേശ ഗ്രാമ വികസനം എന്നിവക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ 2017 ഓഗസ്റ്റ് മുതല്‍ 2018 ഒക്ടോബര്‍ വരെ 11532 യൂണിറ്റുകള്‍  രൂപീകൃതമായി. ഈ കാലയളവില്‍ 5.35 കോടിരൂപ വരുമാനമായി ലഭിച്ചു.

ആകെ 477 പാക്കേജുകള്‍ ഒരു വര്‍ഷം കൊണ്ട് മിഷന്‍ നടപ്പിലാക്കിയപ്പോള്‍ 30,422 വിനോദസഞ്ചാരികള്‍ ഈ പാക്കേജുകളുടെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ എത്തുകയും അതിലൂടെ 48 ലക്ഷം രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികള്‍ക്ക് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിലുള്ള യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍വഴി വിറ്റഴിക്കുന്നതിന് കേരള റെസ്പോണ്‍സിബിള്‍ ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കും കലാകാരന്‍മാര്‍ക്കായി ആര്‍ട്ടിസ്റ്റ് ഡയറക്ടറിയും വിവിധ തൊഴില്‍ വിഭാഗത്തിലുള്ളവരെ കോര്‍ത്തിണക്കി ഓണ്‍ലൈന്‍ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറിയും അടുത്തമാസം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രളയം വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഹര്‍ത്താലുകളും മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച വമ്പന്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമ്പോള്‍ ഉയരുന്ന പ്രാദേശിക എതിര്‍പ്പുകളുമാണ്  വിനോദസഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നതെന്ന്  ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

മാസ്‌ക്കറ്റ്  ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദേശീയ ടൂറിസം ഉപദേശക സമിതി അംഗം  ഇഎം നജീബ്, സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം പികെ അനീഷ് കുമാര്‍, ടൂറിസം വകുപ്പ് ഹോസ്പിറ്റാലിറ്റി അഡിഷണല്‍ ഡയറക്ടര്‍ എം.രഘുദാസന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 12 ജില്ലകളിലെ  തെരഞ്ഞെടുത്ത യൂണിറ്റുകളിലെ പ്രതിനിധികളും ചടങ്ങില്‍പങ്കെടുത്തു.

വിനോദസഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തുടനീളം സാധാരണക്കാരിലെത്തിക്കുകയും ദുരന്തങ്ങളില്‍ സംസ്ഥാനത്തിന് കൈത്താങ്ങാവുകയും ചെയ്ത  ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വീടില്ലാത്ത എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും വീട്

ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു