എത്ര പെട്ടെന്നാണ് സഖാക്കളേ നിങ്ങളുടെ മനസ്സിൽ ഹിംസ നൂറു ഡിഗ്രിയിൽ  ചൂടുപിടിക്കുന്നത്

കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനം

 കാസർകോട്ടെ പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ സി പി ഐ എമ്മിനെതിരെ രൂക്ഷമായ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. രണ്ടു ചെറുപ്പക്കാർ അതി നിഷ്ടുരമായി കൊല ചെയ്യപ്പെട്ടിട്ടും പ്രതികരിക്കാത്ത ഇടതു ബുദ്ധിജീവികളെ പരിഹസിച്ചും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

കൊലയല്ല, കലയാണ്, ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമെന്ന് എഴുത്തുകാരി കെ ആർ മീര ഫേസ് ബുക്കിൽ കുറിച്ചു. സി.പി.എം ആയാലും ആര്‍.എസ്.എസ്. ആയാലും ലീഗ് ആയാലും ആര്‍.എം.പി. ആയാലും കോണ്‍ഗ്രസ് ആയാലും കൊല്ലപ്പെട്ടവര്‍ മരിക്കുന്നില്ല. അമ്മയുടെ, അനിയന്‍റെ, അനിയത്തിയുടെ, ഭാര്യയുടെ, മക്കളുടെ, കൊലപാതകത്തിനു സാക്ഷ്യം വഹിച്ച മറ്റു മനുഷ്യരുടെ പേടിസ്വപ്നങ്ങളില്‍ അവരുടെ മരണനിലവിളികള്‍ മുഴങ്ങിക്കൊണ്ടിരിക്കും. ഓരോ നരഹത്യയിലും അവര്‍ ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കും.  രണ്ടു വര്‍ഷം മുമ്പുള്ള ഡിസംബര്‍ ഒന്നിന് കോട്ടയം പട്ടണത്തില്‍ ബലിദാന ദിനവുമായി ബന്ധപ്പെട്ടു കണ്ട ഒരു  ഫ്ളക്സിനെ മീര ഓർക്കുന്നു .

ആ ഫ്ലക്സില്‍ രണ്ടു വലിയ മുഖങ്ങളുണ്ടായിരുന്നു – ടി.പി. ചന്ദ്രശേഖരന്‍റെയും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെയും. ‌ ജീവിച്ചിരുന്ന കാലത്തെ രാഷ്ട്രീയ വൈരം അപ്രസക്തമാക്കി ഒരേ എതിരാളികളുടെ കൈകളാല്‍ മരണം വരിച്ച കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററും ടി.പി. ചന്ദ്രശേഖരനും ഒരേ ഫ്ലക്സിലിരുന്ന് ഒരേ നിര്‍വികാരതയോടെ ലോകത്തെ നോക്കുകയായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് താൻ  പഠിച്ച ഏറ്റവും വലിയ ഗുണപാഠകഥ ആ ഫ്ലക്സ് തന്നെയാണ് എന്ന് അവർ എടുത്തുപറയുന്നു . രണ്ടാം നവോത്ഥാന കാലത്ത്, സി.പി.എമ്മിനെ ഓര്‍മ്മിപ്പിക്കാനുള്ളതും ഈ കഥ തന്നെയാണ്. കാസര്‍കോട്ട് തുരുതുരാ വെട്ടു കൊണ്ടു മരിച്ചവര്‍ക്കും അവരുടെ ഉറ്റവരുടെ എന്നേക്കുമായി മാഞ്ഞു പോയ ഗാഢനിദ്രയ്ക്കും നിത്യശാന്തി നേർന്നുകൊണ്ടാണ്  മീരയുടെ കുറിപ്പ് അവസാനിക്കുന്നത്.

ഇടതുപക്ഷം ഭരിക്കുമ്പോൾ കൊല  നടന്നാൽ രണ്ടു കൂട്ടരാണ് ഒളിവിൽ പോകുന്നതെന്ന് പ്രകൃതിനിയമത്തിന്റെ രചയിതാവ്  സി ആർ പരമേശ്വരൻ പരിഹസിക്കുന്നു. ഒന്ന് കൊലയാളികളാണ്. രണ്ടാമത്തേത്, ഇടത് സാംസ്‌കാരിക നായകരാണ്. ഒരാഴ്ച കഴിഞ്ഞു ഇതേ  സാംസ്‌കാരിക നായകർ  ഗാന്ധി- ഗാന്ധിനി വേഷമണിഞ്ഞു വരും. സി പി എമ്മിന്റെ സംഹാരാവശ്യങ്ങൾക്ക് കൊടി  സുനി പോലെയാണ്   സാംസ്‌കാരിക ആവശ്യങ്ങൾക്ക് ഇടതുപക്ഷ സാംസ്‌കാരിക നായകർ പ്രയോജനപ്പെടുന്നത് എന്ന് സി ആർ  ഇടതു ബുദ്ധിജീവികളെ നിശിതമായി വിമർശിക്കുന്നു.

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാൻ വന്ന സാഹിത്യ അക്കാദമി ബുദ്ധിജീവികളൊന്നും നാട്ടിൽ  രണ്ടു നരബലി നടന്നിട്ടും ഉരിയാടാത്തതെന്ത് എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. ഇവർ സാഹിത്യത്തിൽ മാത്രമേ ഇടപെടൂ എന്നാണോ? സാഹിത്യത്തെക്കാൾ വലുതാണ് മനുഷ്യജീവികൾ എന്ന് എന്നാണ് ഈ പരാന്നഭോജികൾ  തിരിച്ചറിയുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ജോയ് മാത്യുവിന്റെ കുറിപ്പ്.

കൊല്ലപ്പെട്ടവർ നാളെ എഴുന്നേറ്റ് വരില്ല എന്ന വരികളോടെയാണ്  അഡ്വ. കുക്കു ദേവകിയുടെ ഫേസ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കൊന്നവരുടെ ആശയങ്ങൾ അവർക്ക് ബാധകമല്ല...19വയസ്സും 24 വയസ്സും മാത്രമുള്ള യുവതയാണ്...പെറ്റവയറുകൾ അവിടെ തന്നെയുണ്ട് “നാൻ പെറ്റ മകനെയെന്ന് “തേങ്ങുന്നുണ്ടാവണം...പ്രാണനാണെടുക്കുന്നത്, തിരികെ കൊടുക്കാനാവാത്ത പ്രാണൻ.ഏത് പാർട്ടിയായാലും ഏത് കൊലയാളിയായാലും തിരികെ കൊടുക്കാവുന്നതെ എടുക്കാവൂ...കൊല്ലപ്പെട്ടവരോട് നിങ്ങൾക്ക് സംവാദം സാധ്യമാണോകാരണം കൊല്ലപ്പെട്ടവർ മരിച്ചവരാണ്  എന്ന് മനുഷ്യാവകാശ പ്രവർത്തകകൂടിയായ  കുക്കു എഴുതുന്നു. 

ഇതിനിടയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന കോടിയേരിയുടെ  പ്രസ്താവനയും വലിയ തോതിൽ വിമർശന  വിധേയമാവുന്നുണ്ട്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നും അവർ ഏതൊക്കെ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരാണെന്നും വ്യക്തമാക്കാമോ എന്ന എൻ ഷംസുദ്ധീൻ എം എൽ എ യുടെ ചോദ്യത്തിന് 11-06-2018 ൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ മറുപടിയുടെ കോപ്പി സഹിതമാണ് കോടിയേരിക്കെതിരെയുള്ള  പ്രചരണം.

പന്ത്രണ്ട് പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നും പ്രതികളെല്ലാം സി പി ഐ എം അനുഭാവികളാണെന്നുമാണ് മുഖ്യമന്ത്രി  അന്ന് നിയമസഭയിൽ രേഖാമൂലം മറുപടി പറഞ്ഞത്.  മുഖ്യമന്ത്രിയുടെ വിശദീകരണവും പാർട്ടി സെക്രട്ടറിയുടെ മറുപടിയും തമ്മിലുള്ള പൊരുത്തമില്ലായ്മ ചൂണ്ടിക്കാട്ടി പ്രശസ്ത പത്രപ്രവർത്തകൻ  ബി ശ്രീജൻ വസ്തുതകളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത നേതൃത്വമാണ് സി പി എമ്മിനുള്ളതെന്നും പച്ചക്കള്ളം ഉളുപ്പില്ലാതെ പറയാൻ ഇവർക്ക് എങ്ങിനെ കഴിയുന്നുവെന്നും അത്ഭുതപ്പെടുന്നു.

പങ്കില്ല, പങ്കില്ല, പാർട്ടിക്കു പങ്കില്ല എന്നാണ് പ്രമുഖ  ഇടതു വിമർശകൻ  അഡ്വ. ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ തലക്കെട്ട്. തുടർന്നുള്ള വരികളിലെല്ലാം കടുത്ത പരിഹാസം ഒളിഞ്ഞിരിപ്പുണ്ട്. അക്രമത്തിൽ  വിശ്വസിക്കാത്ത പാർട്ടിയാണ് സി പി ഐ എം എന്നും ഗൗതമ ബുദ്ധനും ഗാന്ധിയുമാണ് അവരുടെ വഴികാട്ടികൾ എന്നും ആക്ഷേപ ഹാസ്യ രീതിയിലാണ് അദ്ദേഹത്തിന്റെ എഴുത്ത്. കാസർകോട് ജില്ലയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ന്   യാതൊരു പങ്കുമില്ല. പാർട്ടി പ്രവർത്തകർ ആർക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അവരെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാൽ വെള്ളം പോലും കൊടുക്കില്ല. മാന്യരേ, അക്രമത്തിൽ വിശ്വസിക്കാത്ത പാർട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങൾ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികൾ. സത്യമേവ ജയതേ എന്ന് കുറിച്ചുകൊണ്ടാണ് ജയശങ്കറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

കാസർകോട്ടെ  കൊലപാതകങ്ങൾ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നത് എന്ന് ഇടതു ചിന്തകനും സി പി ഐ എം സഹയാത്രികനുമായ സുനിൽ പി ഇളയിടം എഴുതുന്നു. നീതിയുടെയും ധാർമ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടിൽ ഉയർന്നു താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകൾക്ക് മാത്രമേ ഗുണം ചെയ്യൂ എന്ന് സി പി ഐ എമ്മിന്റെ പേരെടുത്തു പറയാതെ തന്നെ അതിന്റെ ചെയ്തികളെ അദ്ദേഹം വിമർശിക്കുന്നുണ്ട് അഭിലാഷ് തിരുവോത്ത് വരച്ച വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ടു മൃതദേഹങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ്  സുനിൽ ഇളയിടം തന്റെ കുറിപ്പ്  പങ്കുവെക്കുന്നത്

കുഞ്ഞനന്തനെ പുറത്താക്കിയിട്ടു പറയൂ, കൊലയാളികളെ സഹായിക്കില്ലെന്ന് എന്ന തലക്കെട്ടോടെ അതി രൂക്ഷമായ വിമർശനമാണ് പ്രമുഖ ഇടത് ചിന്തകൻ ഡോ ആസാദ് ഉയർത്തുന്നത്. 

മഹത്തായ കമ്യൂണിസ്റ്റു പാര്‍ട്ടിയെ അടിമുടി കുറ്റോന്മുഖവും അക്രമോത്സുകവുമാക്കുന്ന ക്രിമിനല്‍ നേതൃത്വം തെറ്റു തിരുത്തണമെന്നും,  അതിനൊന്നും തയ്യാറല്ലെങ്കില്‍ കോടിയേരിയുടെ പ്രസ്താവന ആരും മുഖവിലയ്ക്കെടുക്കില്ല എന്നും  തന്റെ കുറിപ്പിൽ അദ്ദേഹം ഓർമിപ്പിക്കുന്നു. ”കൊലപാതകവും അക്രമങ്ങളും പാര്‍ട്ടി നയമല്ല. ഏതു ഘട്ടത്തിലും സമാധാനം നിലനിര്‍ത്താന്‍ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കുകയാണു വേണ്ടത്. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല”.എന്ന കോടിയേരിയുടെ പ്രസ്താവനയെ അദ്ദേഹത്തിന്റെ തന്നെ ചെയ്തികൾ ഓർമപ്പെടുത്തിക്കൊണ്ടാണ് ആസാദ് വിമർശിക്കുന്നത്.  അക്രമികള്‍ക്കൊപ്പം പാര്‍ട്ടിയില്ല എന്നു പേരിയയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പ്രസ്താവനയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. എന്നാൽ  ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സഹായിക്കാന്‍ ജയിലിലെത്തിയത് സി പിഎം നേതാക്കളാണല്ലോ. അതില്‍ കോടിയേരിയുമുണ്ടായിരുന്നു. കൊലയാളികളെ സഹായിക്കുന്ന നിലപാടെടുത്ത കോടിയേരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പാര്‍ട്ടി എന്തു ശിക്ഷാനടപടിയാണ് സ്വീകരിച്ചത്ആസാദ് ചോദിക്കുന്നു. കൊലയാളിയെന്നു കോടതി വിധിക്കുകയും ശിക്ഷിക്കുകയും ചെയ്ത കുഞ്ഞനന്തനെ ഏരിയാ കമ്മറ്റിയില്‍ നിലനിര്‍ത്തിയ പാര്‍ട്ടിക്ക്  കൊലപാതകങ്ങളോടുള്ള സമീപന മെന്തെന്ന് പകല്‍ പോലെ വ്യക്തം. ശിക്ഷിക്കപ്പെട്ടവര്‍ പാര്‍ട്ടിയുടെ കൊലയാളികളാണെന്നേ ധരിക്കാനാവൂ. കുഞ്ഞനന്തന്‍ പാര്‍ട്ടിക്കൊലയാളികളുടെ നേതാവുമായിരിക്കണം. പാര്‍ട്ടിയുടെ കൊലയാളികള്‍ക്ക് പിന്നെ ഉദാരമായി പരോളും നിയമ സഹായവും ലഭിക്കാതിരിക്കുമോ?

പാര്‍ട്ടി സെക്രട്ടറി ജനസമ്മതി ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം കൊലപാതകങ്ങളെ തള്ളിപ്പറയുന്നു. ഇനി സഹായിക്കില്ലെന്നു വിലപിക്കുന്നു, ഇങ്ങനെ പോകുന്നു  ഡോ  ആസാദിന്റെ വിമർശനം. ഇന്ത്യന്‍ ഭരണഘടനയ്ക്കും നിയമ വ്യവസ്ഥയ്ക്കും കീഴ്പ്പെടാതെ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ രാഷ്ട്രീയ സംഘടനയാണോ സിപിഐഎം എന്നും എങ്കില്‍ അതിനോടെടുക്കേണ്ട നിലപാട് ജനാധിപത്യവാദികള്‍ പരിശോധിക്കണംമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതികളെ സഹായിക്കുകയില്ല എന്ന പ്രസ്താവനയല്ല, പ്രതികളെ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള സന്നദ്ധതയാണ് വേണ്ടത്.

ടി പികേസിലെ പ്രതികളോടെടുത്ത നിലപാടും കൊലക്കേസു പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പരസ്യമായി നല്‍കിയ സ്വീകരണാഭാസവും തെറ്റാണെന്ന് ഏറ്റു പറയണം. കുഞ്ഞനന്തനെ ഏരിയാ കമ്മറ്റിയില്‍നിന്നു പുറത്താക്കണം. സംസ്ഥാനത്തു ഭരണം നടത്തുന്ന പാര്‍ട്ടിയ്ക്കു നിയമവ്യവസ്ഥ സ്വീകാര്യമല്ലെങ്കില്‍ അതു വെട്ടിത്തുറന്നു പറയണം, തന്റെ കുറിപ്പിൽ  ആസാദ് പറയുന്നു. അധികാരവാഴ്ചകളുടെ ദുഷ്ടുകളോട് ഏറ്റുമുട്ടി ചോരചീന്തുന്നത് മനസ്സിലാക്കാം, മാനവികതയുടേയും സമൂഹത്തിൻ്റേയും ശോഭനമായ ഭാവിക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതും മനസ്സിലാക്കാം, എന്നാൽ എന്തിന് വേണ്ടിയാണ് ആർക്കു വേണ്ടിയാണ് ഈ രണ്ട് ചെറുപ്പക്കാരെ അതിക്രൂരമായി കൊത്തിയരിഞ്ഞ് കൊന്നത് എന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ  വി എച്ച് ദിരാർ തന്റെ ഫേസ് ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. 

നവോത്ഥാന മൂല്യങ്ങളുടെ  വീണ്ടെടുപ്പിന് നേതൃത്വം  നൽകുന്ന പാർട്ടിക്ക് സ്വന്തം അണികളെ ആയുധത്തിന് പകരം ആശയപരമായ സംവാദത്തിന് പ്രപ്തമാക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് ? ഹിംസയും ഹിംസയിലൂടെ സംജാതമാകുന്ന ഭീതിയുമാണ് ഫാസിസത്തിൻ്റെ ശക്തമായ ഉപകരണങ്ങൾ എന്ന് ഇന്തൃയിലെ രാഷ്ട്രീയകാലം തെളിയിച്ചുക്കൊണ്ടിരിക്കുമ്പോൾ അതേ ഉപകരണങ്ങൾ നിരന്തരം ഉപയോഗിച്ച് എന്ത് സുന്ദര സുരഭില ലോകമാണ് ഉണ്ടാക്കാൻ പോകുന്നത് ? എത്ര പെട്ടെന്നാണ് സഖാക്കളേ നിങ്ങളുടെ മനസ്സിൽ ഹിംസ നൂറു ഡിഗ്രിയിൽ  ചൂടുപിടിക്കുന്നത്. ഷുഹൈബിൻ്റെ കൂട്ടത്തിലെ ശത്രുസംഹാരത്തിൻ്റെ പേരേടിൽ രണ്ട് ചെറുപ്പക്കാരുടെ പേരുകൾ കൂടി അതിദാരുണമായി ഇപ്പോൾ എഴുതിചേർത്തിരിക്കുന്നതായി ദിരാർ കുറ്റപ്പെടുത്തുന്നു. 

അഭിമനൃു കൊല്ലപ്പെട്ടപ്പോൾ സി.പി എമ്മിനോടൊപ്പം കേരളം മുഴുവൻ വാവിട്ടു കരഞ്ഞിരുന്നു. ആ കരഞ്ഞിലിപ്പോഴും ഇടനെഞ്ചിൽനിന്ന് വിട്ടുപോയിട്ടില്ല. കൃപേഷും ശരത് ലാലും അഭിമനൃുവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന പ്രസക്തമായ ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. എതിരാശയങ്ങളെ വാളുകൊണ്ട് നേരിടുന്നത് അവസാനിപ്പിച്ചേ മതിയാകൂ. 

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നൃായവാദം തീർക്കാൻ എതിർപാർട്ടികൾ നടത്തിയ കൊലപാതകങ്ങൾ ഉദ്ധരിക്കുന്നത് നിർത്തണം  എന്ന അഭ്യർത്ഥനയും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നു. കേരളത്തിലെ ആദൃത്തെ സർവ്വ മത സമ്മേളനത്തിന് നേതൃത്വം കൊടുത്തത് ശ്രീനാരായണ ഗുരുവാണെന്നും  വാദിക്കാനും  ജയിക്കാനുമല്ലഅറിയാനും അറിയിക്കാനുമാണ് എന്നതായിരുന്നു ആ സമ്മേളനത്തിൻ്റെ സന്ദേശമെന്നും നവോത്ഥാനമൂലൃങ്ങൾ ഉയർത്തിപ്പിടിക്കുന്നവർക്കെങ്കിലും ആ സന്ദേശം വെളിച്ചംനൽകട്ടേ എന്നും ആശംസിച്ചുകൊണ്ടാണ്  ദിരാറിന്റെ എഴുത്ത് അവസാനിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എല്ലാ ചികിത്സാ രീതികളും ഒരു കുടക്കീഴില്‍ കൊണ്ടു വരും: മുഖ്യമന്ത്രി

ഫോര്‍ട്ട് കൊച്ചിയെ അനുഭവവേദ്യ ടൂറിസത്തിന്‍റെ കേന്ദ്രമാക്കും