നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്

പെരുങ്കടവിള: പദ്ധതി വിഹിതത്തിന്റെ നൂറു ശതമാനവും ചെലവഴിച്ചതിന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് വീണ്ടും അംഗീകാരം.  2017-18 സാമ്പത്തിക വർഷം ഏഴു കോടിയോളം വരുന്ന പദ്ധതി വിഹിതം പൂർണമായി ഉപയോഗിച്ചതിനാണ് തദ്ദേശസ്വയംഭരണ വകുപ്പ്  മന്ത്രി കെ.ടി. ജലീലിൽ നിന്നും പുരസ്‌കാരവും പ്രശസ്തി പത്രവും ലഭിച്ചത്.

ഇതിനു മുൻപും  ഇതേ അംഗീകാരം ബ്ലോക്കിന് ലഭിച്ചിരുന്നു.  സോളാർ പവർ പ്ലാന്റ് സ്ഥാപിക്കൽ, പ്ലാസ്റ്റിക് സംഭരണ യൂണിറ്റിന്റെയും  ഷ്രഡിംഗ് മെഷിനുകളുടെയും നിർമാണം, വയോജനങ്ങൾക്കുള്ള പകൽ വീടുകൾ, ക്ഷീര കർഷകർക്കുള്ള മിൽക് ഇൻസെന്റീവ് വിതരണം എന്നിവയാണ് പദ്ധതി വിഹിതം ചെലവഴിച്ച് ബ്ലോക്ക് കൈവരിച്ച പ്രധാന നേട്ടങ്ങൾ.

ഒരു കോടിയോളം രൂപ നിർമാണ ചെലവിൽ ബ്ലോക്ക് ഓഫീസ്, സി.എച്ച്.സി. പെരുങ്കടവിള, പി.എച്ച്.സി. വെള്ളറട എന്നിവിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു.  അനർട്ടിന്റെയും കെൽട്രോണിന്റെയും സാങ്കേതിക സഹായത്തോടെ നിർമിച്ച  സോളാർ പവർ പ്ലാന്റുകളിൽ നിന്നും ദിനംപ്രതി 42 കിലോവാട്ട്  വൈദ്യുതി ഉത്്പാദിപ്പിക്കുന്നുണ്ട്. മാലിന്യ നിർമാർജനം ലക്ഷ്യം വച്ച് നാലു പ്ലാസ്റ്റിക് സംഭരണ യൂണിറ്റുകളും രണ്ടു ഷ്രഡിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്.  പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്നതിന് ഹരിത കർമസേനയ്ക്കും രൂപം നൽകി.

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നതും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്താണ്.  പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷീര കർഷകർക്ക് ഇൻസെന്റീവ് ഇനത്തിൽ ഒരു ലിറ്ററിന് നാലു രൂപയും നൽകുന്നുണ്ട്.

വയോജനങ്ങൾക്കുള്ള പകൽ വീട് നിർമാണവും ബോക്ക് പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ആറു ഗ്രാമ പഞ്ചായത്തുകളിൽ പകൽ വീടുകളുടെ നിർമ്മാണം പൂർത്തികരിച്ചു. രണ്ടു പഞ്ചായത്തുകളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പകൽ വീടുകളിൽ ഫർണിച്ചറുകൾ, ലൈബ്രറി, ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ബ്ലോക്കിലെ മുഴുവൻ തരിശിടങ്ങളും കൃഷിയോഗ്യമാക്കുന്നതിനും ജലസംരക്ഷണത്തിനും  മാലിന്യ നിർമാർജനത്തിനും വൃദ്ധജനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി. സുജാതകുമാരി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉണക്കി പൊടിച്ച ചാണകം ഇനി പരിസ്ഥിതിസൗഹൃദ പാക്കറ്റിൽ 

മെഡിക്കല്‍ കോളേജ്  എം.എം.ബി.എസ് പ്രവേശനം