യജമാന സ്നേഹത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വളർത്തു മൃഗമാണ് നായ. അതുകൊണ്ട് തന്നെ, നായ്ക്കളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. സ്നേഹിച്ചും സംരക്ഷിച്ചും കൂടെ വളർത്തുമ്പോൾ അവ നമ്മുടെ ഉറ്റമിത്രങ്ങൾ ആയി മാറാറുണ്ട് .
ചിലർ തങ്ങളുടെ കുഞ്ഞുങ്ങളെ പോലെ തന്നെ നായ്ക്കളെ പരിപാലിക്കുന്നു. കാര്യം ഇതൊക്കെയാണെങ്കിലും വളർത്തുനായ്ക്കൾ നമുക്ക് ആരോഗ്യം നേടിത്തരുമെന്ന് പറഞ്ഞാൽ ചിലപ്പോൾ നാമൊന്ന് മുഖം ചുളിച്ചേക്കാം.
സംശയിക്കേണ്ട. വളർത്തുനായ്ക്കൾ ആരോഗ്യവും കൊണ്ടുവരുമെന്നാണ്
ഈയിടെ പുറത്തുവന്ന ഒരു സ്വീഡിഷ് പഠന റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. വളർത്തുനായ്ക്കൾ ഉള്ളവരിൽ മിക്കവരിലും ഹൃദയ സംബന്ധമായ അസുഖങ്ങൾ വളരെ കുറവായിരിക്കും. 40 നും 80 നും ഇടയിൽ പ്രായമുള്ള 3.4 ദശലക്ഷം ആളുകളിലാണ് പഠനം നടത്തിയത്.
നായ്ക്കളെ വളർത്തിയും നിരന്തരം പരിചരിച്ചും ശീലമുള്ളവരിൽ, ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ 23 ശതമാനവും മറ്റ് അസുഖങ്ങൾ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിൽ 20 ശതമാനവും കുറവുണ്ടെന്നാണ് പഠനം പറയുന്നത്.
എടുത്ത് പറയേണ്ട കാര്യം വളർത്തുനായ്ക്കളോട് ഇടപഴകുന്നത് നമ്മുടെ മാനസ്സിക പിരിമുറുക്കം ഗണ്യമായ അളവിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നുള്ളതാണ്. പൾസ്റേറ്റും രക്ത സമ്മർദ്ദവും നിയന്ത്രിക്കാൻ കഴിയുന്നതിനൊപ്പം കായിക ക്ഷമതയും കൈവരുന്നു.വളർത്തുനായ്ക്കൾ ഉള്ളവരുടെയും ഇല്ലാത്തവരുടെയും നിലവിലെ ആരോഗ്യപ്രശ്നങ്ങൾ, ജീവിതചര്യയിലെ വ്യത്യാസങ്ങൾ എന്നിവ നീരീക്ഷിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

അതിരാവിലെയും വൈകുന്നേരങ്ങളിലും വളർത്തു നായ്ക്കളുമായി നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പിരിമുറുക്കം കുറയ്ക്കാനും മാനസികമായ ഉണർവും ഉന്മേഷവും നൽകാനും പ്രഭാത സവാരി സഹായിക്കും. ഇത്തരം അവസരങ്ങളിൽ കേവലമായ ശാരീരിക വ്യായാമത്തിനു പുറമേ സാമൂഹിക ഇടപെടലിനുള്ള അവസരമായി കൂടി നടത്തം മാറുന്നുണ്ട് . കൂടുതൽ ആളുകളുമായി സൗഹൃദം സ്ഥാപിക്കാനും നടത്തം ഒരു ശീലമായി മാറ്റാനും ഇതുവഴി സാധിക്കും.
Comments
0 comments