ദൃശ്യാനുഭവങ്ങള്‍ വിവരിച്ച് വിഖ്യാത ഫോട്ടോഗ്രാഫര്‍ വിക്കി റോയി

കൊച്ചി: ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തെ സുരക്ഷ ജോലിക്കാരുടെ സ്ഥിരം തലവേദനയായിരുന്നു ഈ തൊപ്പി പിന്നോട്ട് വച്ച ചെറുപ്പക്കാരന്‍. വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ പുനര്‍ നിര്‍മ്മാണം ദൃശ്യങ്ങളിലൂടെ ഒപ്പിയെടുക്കാന്‍ ചുമതലപ്പെട്ട വിക്കി റോയിയായിരുന്നു ആ ചെറുപ്പക്കാരന്‍.

സുരക്ഷാ മേഖലയില്‍ വയ്ക്കേണ്ട തൊപ്പി ഫോട്ടോയെടുക്കാനുള്ള സൗകര്യമോര്‍ത്താണ് തിരിച്ചു വച്ചത്. പക്ഷെ അതുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോയ്ക്കുവേണ്ടി  മനസ് ഏകാഗ്രമാക്കുമ്പോഴൊക്കെ ആരെങ്കിലും സുരക്ഷയുടെ പേരില്‍ അറിയാതെയെങ്കിലും ശ്രദ്ധ തിരിക്കാന്‍ നോക്കും.  തൊപ്പിയിലെ മുന്‍ഭാഗത്തെ സുരക്ഷാചിഹ്നം തിരിച്ചുവയ്ക്കുമ്പോള്‍ പുറകിലായതുകൊണ്ടായിരുന്നു ഇത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട്കൊച്ചി പെപ്പര്‍ ഹൗസില്‍ സംഘടിപ്പിച്ച ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 12 ന് തുടങ്ങുന്ന കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്‍ കൂടിയാണ് അദ്ദേഹം. ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ അനിത ദുബെയും പരിപാടിയില്‍ പങ്കെടുത്തു.

തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ വ്യക്തിയാണ് വിക്കി റോയി. അമേരിക്കയില്‍ ചെന്നപ്പോള്‍ മുറി ഇംഗ്ലീഷ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ തന്‍റെ കൂടെ ഇതേ പ്രോജക്ടിലേയ്ക്ക് ജപ്പാനില്‍നിന്നും യൂറോപ്പില്‍നിന്നും വന്നതവരുടെ  ഇംഗ്ലീഷ് ഇതിലും പരിതാപകരമായിരുന്നെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ബംഗാളിലെ പുരുലിയ ഗ്രാമത്തില്‍ നിന്നും വീടുവിട്ടോടി ഡല്‍ഹിയിലെത്തിയ വിക്കിയുടെ ബാല്യം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ആക്രി പെറുക്കി നടന്ന ബാലനെ സലാം ബാലക് എന്ന സന്നദ്ധ സംഘടന ഏറ്റെടുത്താണ് വളര്‍ത്തിയത്. തുടര്‍ന്ന് ഫൊട്ടോഗ്രഫിയില്‍ കമ്പം മൂത്ത് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ത്രിവേണി കലാ സംഗത്തിലാണ് അദ്ദേഹം ഫൊട്ടോഗ്രഫി പഠിച്ചത്. പിന്നീട് ഫാമിലി ഫോട്ടോകളെടുക്കുന്നതില്‍ പ്രശസ്തനായ അനായ് മാനിനൊപ്പം പരിശീലനം നടത്തി.

അമേരിക്കിയിലെ റെസിഡന്‍സി പരിപാടി ലഭിക്കുന്നതിനു മുമ്പ് തന്നെ വിക്കി റോയിയുടെ സൃഷ്ടികള്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരുന്നു. സ്വന്തം ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ ചെയ്ത വ്യക്തിഗത പ്രദര്‍ശനത്തില്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനും പങ്കാളിയായി. സ്ട്രീറ്റ് ഡ്രീംസ്(തെരുവു സ്വപ്നങ്ങള്‍) എന്നായിരുന്നു അതിന്‍റെ പേര്.

മാതാപിതാക്കളുടെ ക്രൂര ശിക്ഷയെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ വിക്കിയുടെ ഫോട്ടോകളെല്ലാം തന്‍റെ ജീവിതാനുഭവങ്ങളുടെ പരിച്ഛേദമായിരുന്നു. 2013 ലെ ഡല്‍ഹി ഫോട്ടോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഹോം സ്ട്രീറ്റ് ഹോം എന്ന ഫോട്ടോ ഏറെ പ്രശംസ പിടിച്ചു പറ്റി.  ഒരു വര്‍ഷം കഴിഞ്ഞ് എംഐടി മീഡിയ ഫെല്ലോഷിപ്പിന് അദ്ദേഹത്തെ തെരഞ്ഞെടുത്തു.

ഫോബ്സ് മാസിക 30 വയസില്‍ താഴെയുള്ള പ്രശസ്തരുടെ പട്ടിക തയ്യാറാക്കിയതിലും വിക്കി റോയി ഇടംനേടി. 2017 ല്‍ ഡല്‍ഹിയിലെ വധേര ആര്‍ട്ട്ഗാലറിയില്‍ നടത്തിയ ദിസ് സ്കാര്‍ഡ് ലാന്‍റ്, ന്യൂ മൗണ്ടന്‍ സ്കേപ് എന്ന പ്രദര്‍ശനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശ്രീധരൻ പിള്ളയുടെ പ്രസ്താവന പൊതുസമൂഹത്തോടുള്ള വെല്ലുവിളി: കടകംപള്ളി സുരേന്ദ്രൻ

ദുരിതാശ്വാസ ധനസമാഹരണം: ഹാഫ് മാരത്തോണുമായി പ്രവാസി മലയാളി