
തിരുവനന്തപുരം: കല്ലിയൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളായണി മൈതാനിയിൽ വച്ച് നടക്കാനിരിക്കുന്ന ദേശീയ വാഴ മഹോത്സവത്തോടനുബന്ധിച്ച് ( NBF -2018 ) ഫോട്ടോഗ്രാഫി മത്സരം ( Photography Contest ) സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (CISSA ) നേതൃത്വത്തിൽ ഫെബ്രുവരി 17 മുതൽ 21 വരെയാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
വാഴ മുഖ്യ വിഷയമാകുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ കർഷകർ, കൃഷിസ്ഥലം, ഉപോല്‍പ്പന്നം, മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, ടിഷ്യൂകൾച്ചർ, ജൈവവൈവിദ്ധ്യം, വിളകൾ തുടങ്ങിയ വിഷയങ്ങളിലുള്ള ചിത്രങ്ങളാണ് മത്സരത്തിനായി ക്ഷണിച്ചിരിക്കുന്നത്. മത്സരത്തിനായുള്ള ചിത്രങ്ങൾ ഫെബ്രുവരി പത്തിന് മുൻപ് സമർപ്പിക്കേണ്ടതുണ്ട്.
ഫെബ്രുവരി 13-ന് വിധി നിർണ്ണയവും 17 മുതൽ 21 വരെ ചിത്രങ്ങളുടെ പ്രദർശനവും നടത്തും. നേച്ചർ ഫോട്ടോഗ്രാഫി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ അഗ്രഗണ്യരായ വ്യക്തികളാവും മത്സരത്തിൽ വിധികർത്താക്കളാകുക.
മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിയ്ക്ക് 10000 രൂപയും, രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കുന്നവർക്ക് 7000 രൂപ, 5000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ഇതിനു പുറമെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.കൂടാതെ 2000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന രണ്ട് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
കളറിലോ ബ്ലാക്ക് ആൻഡ് വൈറ്റിലോ ഉള്ള പത്ത് ചിത്രങ്ങളാണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. 12 x18 ഇഞ്ച് സൈസിലുള്ള ചിത്രങ്ങൾ ഡിവിഡിയിലോ പ്രിൻറ് രൂപത്തിലോ നൽകാവുന്നതാണ്. അയയ്ക്കുന്ന ചിത്രങ്ങൾ 1400 x1600 പിക്സലിലും ജെപിഇജി ഫോർമാറ്റിലും ആർജിബി കളറിലുമുള്ളവയായിരിക്കണം.
അതേസമയം ചിത്രത്തിന്റെ പരമാവധി സൈസ് മൂന്ന് എംബിയിൽ അധികം ആകാനും പാടില്ല. അയക്കുന്ന ചിത്രത്തിൽ വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ കളർ കറക്ഷൻ, ഷാർപ്പനിങ്ങ് തുടങ്ങിയ മാറ്റങ്ങൾ വരുത്തുവാൻ പാടുള്ളു. അധികം മാറ്റങ്ങൾ വരുത്താത്ത യഥാർത്ഥ ചിത്രങ്ങൾ അയക്കുവാൻ മത്സരാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
ഡിവിഡിയോടൊപ്പം www.bananafest.in. എന്ന വെബ്സൈറ്റിലൂടെ ലഭ്യമായിട്ടുള്ള പ്രവേശന ഫോമിൽ
മത്സരാർത്ഥികളുടെ പേര്, മേൽവിലാസം, ചിത്രങ്ങളുടെ തലക്കെട്ട് , സീരിയൽ നമ്പർ എന്നിവ രേഖപ്പെടുത്തി ഓരോ എൻട്രിയോടൊപ്പവും സമർപ്പിക്കണം. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്ന അപേക്ഷകൾ മാത്രമാകും സ്വീകരിക്കുക.