വേട്ടയാടുന്നത് ജനാധിപത്യാവകാശങ്ങളുടെ അവസാന കണ്ണികളെ 

രാജ്യത്തെ പ്രമുഖ ഇടത്, ദളിത് , മനുഷ്യാവകാശ പ്രവർത്തകർ  സുധ ഭരദ്വാജ്, വെർനോൻ ഗോൺസാൽവസ്, വരാവര റാവു, ഗൗതം നവലാഖ, സ്റ്റാൻ സ്വാമി തുടങ്ങിയവരുടെ  വസതികളിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്  റെയ്ഡ് നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു.

സംഘപരിവാർ ശക്തികളുടെ  ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളതെന്നും കോർപറേറ്റ് ഹിന്ദുത്വ സർക്കാരുകൾ രാജ്യമാസകലം എഴുത്തുകാരെയും മനുഷ്യാവകാശ പ്രവർത്തകരെയും വേട്ടയാടുകയാണെന്നും വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

ഡൽഹി, തെലങ്കാന, ജാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നവരിൽ പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുമുണ്ട്. ആദിവാസികൾക്കും ദളിതർക്കും വേണ്ടി ശബ്‌ദിക്കുന്നവർക്കെതിരെ നരേന്ദ്ര മോദി സർക്കാർ പകപോക്കുകയാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അവർ പറഞ്ഞു. രാജ്യത്ത് ഭീകരാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ഫാസിസ്റ്റു ഭീഷണിക്കെതിരെ ജനാധിപത്യ വിശ്വാസികൾ മുഴുവൻ  ഐക്യപ്പെടേണ്ട സമയമാണ് സംജാതമായിട്ടുള്ളതെന്നും ആനന്ദ് പട്വർദ്ധൻ അഭിപ്രായപ്പെട്ടു.

റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ഉൾപ്പെടെ നിരവധി പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത് . സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയൊരു  ക്യാമ്പയിൻ തന്നെ രൂപം കൊള്ളുന്നുണ്ട്. വരും ദിവസങ്ങളിൽ  കൊച്ചിയിലും കോഴിക്കോട്ടും  തൃശ്ശൂരിലും മനുഷ്യാവകാശ പ്രവർത്തകരും ഇടതുപക്ഷ ചിന്തകരും നിരവധി  പ്രക്ഷോഭ പരിപാടികൾക്കാണ് രൂപം കൊടുക്കുന്നത്.

ഈ പശ്ചാത്തലത്തിൽ പ്രമുഖ ഇടതു ചിന്തകൻ

പ്രമോദ് പുഴങ്കര 

എഴുതിയ കുറിപ്പ് താഴെ:

ഭരണകൂടഭീകരതയുടെ നഗ്നമായ വേട്ട മോദി സർക്കാർ കൂടുതൽ രൂക്ഷമാക്കുകയാണ്. മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകരും അഭിഭാഷകരുമൊക്കെയായ ആറു പേരെയാണ് – സുധ ഭരദ്വാജ്, വെർനോൻ ഗോൺസാൽവസ്, വരാവര റാവു, ഗൗതം നവലാഖ, സ്റ്റാൻ സ്വാമി –  പോലീസ് ഒരു വിധത്തിലുള്ള തെളിവും കൂടാതെ അറസ്റ്റു ചെയ്തിരിക്കുന്നത്. ആദിവാസികളുടെയും രാഷ്ട്രീയത്തടവുകാരുടെയുമൊക്കെ അവകാശങ്ങൾക്കും കോർപ്പറേറ്റ്-ഭരണകൂട ഭീകരതയ്‌ക്കെതിരെയുമുള്ള പോരാട്ടങ്ങളിൽ ഏർപ്പെടുന്ന സകലരെയും നിശ്ശബ്ദരാക്കാനുള്ള, ജനാധിപത്യ വിരുദ്ധ വേട്ടയാണ് നടക്കുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അങ്ങനെയൊന്നില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങളെ നിശ്ശബ്ദരാക്കേണ്ടത് ഈ കോർപ്പറേറ്റു-ഹിന്ദുത്വ ഭീകരവാദികളുടെ സർക്കാരിന് അത്ര നിർണായകമല്ല എന്നതുകൊണ്ടാണ്.

ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിൽ നടന്ന ഭീമ കൊറെഗോവ് സംഘർഷത്തിന്റെയും -അത് സൃഷ്ടിച്ചത് ഹിന്ദുത്വ രാഷ്ട്രീയക്കാരാണ് എന്ന് തെളിഞ്ഞതാണ്- അതിന്റെ പേരിൽ മധ്യ, വടക്കേ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും മോദി സർക്കാരും മഹാരാഷ്ട്ര പോലീസും കഴിഞ്ഞ കുറച്ചു മാസങ്ങളായി പിടികൂടുകയാണ്.

ഷോമ സെൻ, റോണാ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംഗ്, സുധീർ ധവാലെ, മഹേഷ് റൗത് എന്നിവരെ പൊലീസ് ജൂൺ 6-നു അറസ്റ്റ് ചെയ്തിരുന്നു. മോദിയെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും അതൊക്കെ ലാപ്ടോപ്പിൽ സൂക്ഷിക്കുകയും ചെയ്ത വലിയ ഗൂഡാലോചനയാണ് തങ്ങൾ പിടികൂടിയതെന്ന് പൊലീസ് അവകാശപ്പെടുന്നു. ഇതിലും വലിയ നുണകൾ ഉപയോഗിച്ചു അധികാരം പിടിച്ചെടുത്തവരാണ് രാജ്യം ഭരിക്കുന്നത്.

രാജ്യത്തെമ്പാടും നടത്തിയ പരിശോധനകളും അറസ്റ്റുകളും സൂചിപ്പിക്കുന്നത് പൊതുതെരഞ്ഞെടുപ്പിനു മുമ്പായി urban naxal എന്ന പേരിൽ മോദി സർക്കാർ നടപ്പാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളാണ് ഇതെന്നാണ്. നിശബ്ദരായിരിക്കാൻ നമുക്കവകാശമില്ല. തട്ടിയെടുക്കുന്നത് ജനാധിപത്യാവകാശങ്ങളുടെ അവസാന കണ്ണികളാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിദ്യാലയങ്ങള്‍ ശുചീകരിക്കാന്‍ അധ്യാപകരും

ഒടുവിലത്തെ സ്വതന്ത്ര മനുഷ്യനെയും നിങ്ങൾക്ക് വധിക്കാൻ കഴിയും. പക്ഷേ സ്വാതന്ത്ര്യത്തെ കൊല്ലാനാകില്ല