പ്രിയ മുല്ലപ്പള്ളീ, അങ്ങ് ചെത്താൻ പോകരുത്, കെ പി സി സി പ്രസിഡന്റാകണം

KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

ആചാരത്തിനാണ് പരമാധികാരമെങ്കിൽ താങ്കൾ ഇന്നും തെങ്ങു ചെത്താൻ പോകേണ്ടി വരുമായിരുന്നു. സർക്കാർ ജോലി ആവശ്യപ്പെട്ട ഡോക്റ്റർ പല്പുവിനോട് അന്നത്തെ ഭരണാധികാരി കുലത്തൊഴിലായ തെങ്ങു ചെത്താൻ പോകാനാണ് പറഞ്ഞത്. താങ്കളുടെ പാർട്ടിയുടെ മുതിർന്ന നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ ആചാര സംരക്ഷണ സമിതിക്കു രൂപം നല്കുന്നു ! മറ്റൊരു നേതാവായ സുധാകരൻ നാണത്തിന്റെ ലവലേശമില്ലാതെ ആർത്തവം അശുദ്ധിയാണെന്നു വിളിച്ചു കൂകുന്നു !! രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ഉണ്ണിത്താൻ തുടങ്ങിയവർ സുപ്രീം കോടതി വിധിയും ലിംഗനീതിയും ശബരിമലക്ക് പുറത്ത് എന്ന് പറഞ്ഞ് ആചാര സംരക്ഷണത്തിന് രംഗത്തിറങ്ങുന്നു!!! ആചാരം പാലിച്ചിരുന്നെങ്കിൽ ഗാന്ധിജിക്ക് കടൽ കടന്ന് വിദേശപഠനത്തിന് പോകാൻ കഴിയില്ലായിരുന്നുവെന്നും, അങ്ങനെയെങ്കിൽ ഒരു കച്ചവടക്കാരൻ മോഹൻദാസല്ലാതെ ഗാന്ധിജി ഉണ്ടാകുമായിരുന്നില്ല എന്നും ഞാനങ്ങയെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ. ഹിന്ദു മതാചാരങ്ങളെ ഗാന്ധിജി തകർക്കും എന്ന ബോധ്യത്തിൽ നിന്നാണല്ലോ ഗോഡ്സെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്. 

പി ജെ ബേബി എഴുതുന്നു

 പ്രിയ മുല്ലപ്പള്ളീ, അങ്ങ് ചെത്താൻ പോകരുത്, കെ.പി.സി.സി പ്രസിഡന്റാകണം.  അങ്ങയുടെ പാർട്ടിയുടെ മുഖപത്രമായ വീക്ഷണം വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അപേക്ഷ. 16-ാം തിയതി മുതൽ “ഗാന്ധിജിയെ അറിയുക, ഗാന്ധിഘാതകർക്കെതിരെ അണിനിരക്കുക” എന്ന ആഹ്വാനവുമായി താങ്കളുടെ പാർട്ടി പ്രചരണ പരിപാടി നടത്തുന്ന കാര്യമറിഞ്ഞു. താങ്കളുടെ പാർട്ടി നേതാവായ പ്രയാർ ഗോപാലകൃഷ്ൻ രാഹുൽ ഈശ്വറിന്റെ കൂടെ കൂടി ആചാര സംരക്ഷണ സമിതി രൂപീകരിച്ച കാര്യവുറിഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വീക്ഷണം എഡിറ്റോറിയലും വായിച്ചു.

ഗാന്ധിജിയും നെഹ്റുവും നേതൃത്വം കൊടുത്ത ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റ കേരളത്തിലെ അദ്ധ്യക്ഷനാണ് താങ്കൾ. കേരളത്തിലെ ഗാന്ധിജിയുടെ ആദ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തനം വൈക്കത്തെ വഴികളിലൂടെ വഴി നടക്കാൻ വേണ്ടി കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിന് മാർഗ്ഗ നിർദ്ദേശം നല്കലായിരുന്നു എന്നങ്ങേക്ക് ഞാൻ പറയാതെ തന്നെ അറിയാമല്ലോ ? 1950 ൽ ഒരു ഭരണഘടനക്ക് രൂപം നല്കിക്കൊണ്ട് രാജ്യത്തെ ഒരു റിപ്പബ്ലിക്ക് ആയി മാറ്റിയത് കോൺഗ്രസ് രാജ്യത്തിനു നല്കിയ ഏറ്റവും വലിയ സംഭാവനയാണെന്നും ഞാൻ കരുതുന്നു.

ഭരണഘടന പ്രകാരം ഭരണഘടന നല്കുന്ന മൗലികാവകാശങ്ങൾ വ്യാഖ്യാനിക്കാനും തീരുമാനിക്കാനുമുള്ള അന്തിമ അധികാരം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിൽ നിക്ഷിപ്തമാണ്. അതനുസരിച്ച് ശബരിമല സ്ത്രീ പ്രവേശന കാര്യത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് വിധി പ്രസ്താവിച്ചു. അത്തരമൊരു വിധിക്കെതിരെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും ഇന്ത്യൻ ഭരണഘടനക്കു പകരം ഹിന്ദു രാഷ്ട്ര ഭരണഘടന നടപ്പാക്കാനും ലക്ഷ്യം വയ്ക്കുന്ന ഹിന്ദുത്വ ശക്തികൾ (രാഷ്ട്രീയ ഹിന്ദുത്വം) രംഗത്തിറങ്ങുന്നതു ശരിയല്ലെങ്കിലും നമുക്കവരുടെ ദുഷ്ടലാക്ക് മനസ്സിലാക്കാൻ പറ്റും. പക്ഷേ താങ്കളുടെ പാർട്ടിക്കാരും വീക്ഷണം പത്രവുമെടുക്കുന്ന നിലപാട് ഗാന്ധിജിയെയല്ല, പോയകാല  ഇണ്ടൻതുരുത്തി നമ്പൂരിയെയാണ് പിൻപറ്റുന്നത് എന്നു പറയേണ്ടി വന്നതിൽ ക്ഷമിക്കുക.

വീക്ഷണം പത്രം എഴുതുന്നു: “കോടതിയിൽ പുനഃപരിശോധനാ ഹർജിയുമായി പോകാൻ സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണ്. വിവിധ കേസുകളിൽ എത്രയോ തവണ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ പിണറായി സർക്കാരിന് കോടതി വിമർശനത്തെ ഭയക്കേണ്ടതില്ല.”  ഭരണഘടനാപരമായി ഭരിക്കുന്ന സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കേണ്ട കടമ പ്രതിപക്ഷത്തിന്റേതാണ്. ആ പ്രതിപക്ഷത്തിന്റെ നേതൃത്വം താങ്കളുടെ പാർട്ടിക്കാണ്. സുപ്രീം കോടതിയിൽ പോയി വിമർശനവും പരിഹാസവും ഏറ്റുവാങ്ങൂ എന്ന് പറയുമ്പോൾ എന്തു വികാരമാണ് താങ്കളുടെ പാർട്ടിയെ ഭരിക്കുന്നത്? സത്യത്തിന്റെ പാതയിൽ നിർഭയമായി ചരിക്കാൻ ആഹ്വാനം ചെയ്ത ഗാന്ധിജിയെ ഇതിൽ കൂടുതൽ അവഹേളിക്കാൻ സാധിക്കുമോ?

ആ മുഖപ്രസംഗത്തിലെ മറ്റു ഭാഗങ്ങൾ അതിനേക്കാൾ അപമാനകരമാണ്. ഒരിടത്ത് അത് പറയുന്നു: “ജനാധിപത്യത്തിൽ കോടതിക്കുള്ള പ്രാധാന്യം പോലെ പ്രധാനമാണ് മത വിശ്വാസത്തിൽ ആചാരത്തിനുള്ള പ്രസക്തി… നിയമങ്ങളിലൂടെ ആചാരങ്ങളെ പ്രതിരോധിക്കുന്നതിനു പകരം അതാതു മതങ്ങളിൽ ആധികാരിക പരിജ്ഞാനമുള്ള പണ്ഡിതന്മാരുടെയും സാമൂഹ്യ പരിഷ്കർത്തക്കളുടെയും ഉപദേശപ്രകാരമായിരിക്കണം ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഷ്കരിക്കേണ്ടത്”.

മതവിശ്വാസമെന്നത് ജനാധിപത്യത്തിനു പുറത്തുള്ള മറ്റൊരു ലോകമാണോ? അവിടെ ആചാരത്തിനാണോ പരമാധികാരം?

ഇവിടെയാണ് തുടക്കത്തിലെ അപേക്ഷ പ്രസക്തമാകുന്നത്. ആചാരത്തിനാണ് പരമാധികാരമെങ്കിൽ താങ്കൾ ഇന്നും തെങ്ങു ചെത്താൻ പോകേണ്ടി വരുമായിരുന്നു. സർക്കാർ ജോലി ആവശ്യപ്പെട്ട ഡോക്റ്റർ പല്പുവിനോട് അന്നത്തെ ഭരണാധികാരി കുലത്തൊഴിലായ തെങ്ങു ചെത്താൻ പോകാനാണ് പറഞ്ഞത്.

താങ്കളുടെ പാർട്ടിയുടെ മുതിർന്ന നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ ആചാര സംരക്ഷണ സമിതിക്കു രൂപം നല്കുന്നു ! മറ്റൊരു നേതാവായ സുധാകരൻ നാണത്തിന്റെ ലവലേശമില്ലാതെ ആർത്തവം അശുദ്ധിയാണെന്നു വിളിച്ചു കൂകുന്നു !! രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ഉണ്ണിത്താൻ തുടങ്ങിയവർ സുപ്രീം കോടതി വിധിയും ലിംഗനീതിയും ശബരിമലക്ക് പുറത്ത് എന്ന് പറഞ്ഞ് ആചാര സംരക്ഷണത്തിന് രംഗത്തിറങ്ങുന്നു !!!

ആചാരം പാലിച്ചിരുന്നെങ്കിൽ ഗാന്ധിജിക്ക് കടൽ കടന്ന് വിദേശപഠനത്തിന് പോകാൻ കഴിയില്ലായിരുന്നുവെന്നും, അങ്ങനെയെങ്കിൽ ഒരു കച്ചവടക്കാരൻ മോഹൻദാസല്ലാതെ ഗാന്ധിജി ഉണ്ടാകുമായിരുന്നില്ല എന്നും ഞാനങ്ങയെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ. ഹിന്ദു മതാചാരങ്ങളെ ഗാന്ധിജി തകർക്കും എന്ന ബോധ്യത്തിൽ നിന്നാണല്ലോ ഗോഡ്സെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചത്.

ആ അക്രമാസക്ത ഹിന്ദുത്വത്തിന്റെ, ആചാര ബദ്ധ ഹിന്ദുത്വത്തിനെ ആ സവർണാധിപത്യ ഹിന്ദുത്വത്തിന്റെ, വക്താക്കളുടെ അഴിഞ്ഞാട്ടമാണിന്നു കേരളത്തിൽ നടക്കുന്നത്. അത് താങ്കൾ തിരിച്ചറിയണം.

ചെന്നിത്തല – സുധാകര- ഉണ്ണിത്താൻ -പ്രയാർ നേതൃത്യത്തിന്റെ ആചാരണ സംരക്ഷണ ആഹ്വാനം കേട്ട് താങ്കൾ കൂടി ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കരുത്.

താങ്കൾ ചെത്താൻ പോകരുത്. താങ്കൾ ഗാന്ധിജിയും നെഹ്റുവും നയിച്ച കോൺഗ്രസിന്റെ കേരളാ പ്രദേശ് പ്രസിഡന്റാകണം.

ഈ എളിയ അപേക്ഷ ചവറ്റുകൊട്ടയിലെറിയപ്പെടില്ല എന്നാശിക്കട്ടെ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സൗജന്യ സി സി ടി വി സുരക്ഷയൊരുക്കി നവകേരള നിർമാണത്തിൽ പങ്കാളിയാവാൻ യുഎഇ കമ്പനി 

റെഡി ടു വെയ്റ്റ് ടീമിലെ ആളല്ല അംശി നാരായണപിള്ള