തോട്ടം മേഖല: നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തോട്ടം നികുതിയും കാര്‍ഷികാദായ നികുതിയും പൂര്‍ണമായി ഒഴിവാക്കുന്നതിനുളള തീരുമാനം പെട്ടെന്ന് നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളെ കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ചട്ടങ്ങളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ഭേദഗതി വരുത്തും.

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, കെ. രാജു എന്നിവരും പങ്കെടുത്തു. എസ്റ്റേറ്റിലെ മരങ്ങള്‍ മുറിച്ചുമാറ്റി പുതിയവ നടുന്നതിനുളള എല്ലാ തടസ്സങ്ങളും നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

സ്വന്തം വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് നിര്‍മിച്ച് നല്‍കും. ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭൂമി വിട്ടു നല്‍കാമെന്ന് പിന്നീട് ചേര്‍ന്ന യോഗത്തില്‍ തോട്ടം ഉടമകള്‍ സമ്മതിച്ചു. വീട് നിര്‍മാണത്തിനുള്ള ചെലവിന്‍റെ 50 ശതമാനം സര്‍ക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ 32,454 തൊഴിലാളികള്‍ക്ക് സ്വന്തമായി വീടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ബാധകമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തില്‍ അറിയിച്ചു. തോട്ടം ഉടമകള്‍ ഇതിലേക്ക് വിഹിതം അടയ്ക്കേണ്ടതുണ്ട്.

ഉപേക്ഷിക്കപ്പെട്ടതോ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുകയോ തൊഴിലാളി സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുകയോ ചെയ്യും. ഇക്കാര്യം തോട്ടം ഉടമകളുമായുളള യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കി.

തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്കരിക്കാന്‍ തൊഴില്‍ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ തോട്ടം ഉടമകളുടെ പ്രതിനിധികള്‍ സമ്മതിച്ചു.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യന്‍, ആശാ തോമസ്, ടി.കെ. ജോസ്, നിയമ സെക്രട്ടറി ഹരിന്ദ്രനാഥ്, വനം-വന്യ ജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, ലേബര്‍ കമ്മീഷണര്‍ അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

കര്‍ഷകത്തൊഴിലാളി ക്ഷേമ നിധി: അതിവര്‍ഷാനുകൂല്യം നല്‍കാന്‍ നൂറ് കോടി രൂപ  

ശബരിമല: സര്‍ക്കാരിന് ദ്രാവിഡര്‍ കഴകത്തിന്‍റെ പ്രശംസ