Movie prime

പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായി ബഹുമുഖ പ്രചരണ കാമ്പയിൻ മാനവീയം വീഥിയിൽ

തിരുവനന്തപുരം: പ്ലാസ്റ്റിക് ബാഗുകളും കപ്പുകളും സ്ട്രോകളും ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന 2019 ഒക്ടോബർ 2 മുതൽ നിരോധനത്തിന് പിന്തുണ തേടി മൾട്ടി ഇവന്റ് കാമ്പയിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സമാനലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മറ്റു നിരവധി സംഘടനകളുമായി സഹകരിച്ചാണ് കാമ്പയിൻ ആരംഭിക്കുന്നത്. പ്ലാസ്റ്റിക്ക് മുക്ത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി More
 
പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായി ബഹുമുഖ പ്രചരണ കാമ്പയിൻ മാനവീയം വീഥിയിൽ

തിരുവനന്തപുരം: പ്ലാസ്റ്റിക് ബാഗുകളും കപ്പുകളും സ്ട്രോകളും ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന 2019 ഒക്ടോബർ 2 മുതൽ നിരോധനത്തിന് പിന്തുണ തേടി മൾട്ടി ഇവന്റ് കാമ്പയിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സമാനലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന മറ്റു നിരവധി സംഘടനകളുമായി സഹകരിച്ചാണ് കാമ്പയിൻ ആരംഭിക്കുന്നത്.

പ്ലാസ്റ്റിക്ക് മുക്ത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയമാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ (എസ് യു പി) നിരോധിക്കുക എന്നത്. നൂറ്റിഅമ്പതാം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് വെള്ളയമ്പലം മാനവീയം വീഥിയിൽ തുടക്കം കുറിക്കുന്ന ബഹുമുഖ പ്രചാരണ യജ്ഞത്തിൽ സാമൂഹിക പ്രതിബദ്ധയുള്ള നിരവധി പൗരസംഘടനകളും വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളും കൈകോർക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ 2022 -ഓടെ രാജ്യത്തുനിന്ന് തുടച്ചുനീക്കുകയാണ് ലക്ഷ്യം.

പ്രതിവർഷം 14 ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ആദ്യപടിയെന്ന നിലയിൽ ആറ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിലൂടെ മാത്രം വാർഷിക ഉപഭോഗത്തിൽ അഞ്ചു മുതൽ പത്തു ശതമാനം വരെ കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ അപകടത്തിനെതിരെ വ്യാപകമായി ബോധവൽക്കരണം നടത്തി വിവിധവിഭാഗം ജനങ്ങളെ ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

മുഴുവൻ ജനവിഭാഗങ്ങളും സംഘടനകളും സ്ഥാപനങ്ങളും പ്ലാസ്റ്റിക്ക് മുക്ത ഭാരത കാമ്പയിനിന്റെ ഭാഗമായി മാറണമെന്ന് സിസ്സ ജനറൽ സെക്രട്ടറി സി സുരേഷ്‌കുമാർ അഭ്യർത്ഥിച്ചു. “ഇതൊരു ലക്ഷ്യാധിഷ്ഠിത പ്രചാരണമാണ്. പ്ലാസ്റ്റിക്കിന്റെ അപകടത്തെപ്പറ്റിയുള്ള ബോധവൽക്കരണത്തിന് ഉതകുന്നതും അതിനു ബദലായി ഉപയോഗിക്കാവുന്ന ഉല്പന്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതുമായ എല്ലാം തന്നെ ഈ കാമ്പയിനിന്റെ ഭാഗമാകണം. ഒക്ടോബർ 2 ന് ആരംഭിക്കുന്ന കാമ്പയിൻ ഈ വിഷയത്തിൽ മുഴുവൻ സ്റ്റെയ്ക് ഹോൾഡർമാരുമായും ശാസ്ത്രസമൂഹവുമായും നടക്കുന്ന ഫലപ്രദമായ ചർച്ചകൾക്ക് ശക്തിപകരും. പ്ലാസ്റ്റിക്ക് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന സർക്കാരിന്റെ നയരൂപീകരണത്തിലടക്കം അത് ഗുണകരമാകും” – അദ്ദേഹം കൂട്ടിച്ചേർത്തു.
യു എൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ആർ സി ഇ തിരുവനന്തപുരം; നെഹ്‌റു യുവകേന്ദ്ര; നാഷണൽ സർവീസ് സ്‌കീം, സി 5; ശാന്തിഗ്രാം; കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം; നാഷണൽ ഗ്രീൻ കോർ; വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്; തണൽ; ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്; ശ്രീചിത്ര തിരുനാൾ കോളേജ്‌ ഓഫ് എൻജിനീയറിങ്; സുസ്ഥിര, തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളും പരിപാടിയിൽ പങ്കാളിത്തം വഹിക്കും.

വിദ്യാർഥി യുവജന അസംബ്ലി; പാനൽ എക്സിബിഷനുകൾ; ഫോട്ടോപ്രദർശനങ്ങൾ; പോസ്റ്റർ പ്രദർശനം; തെരുവ് നാടകങ്ങൾ; പരിസ്ഥിതി ഗാനങ്ങൾ; കാവ്യാലാപനം; സ്‌കിറ്റുകൾ; മൈം; നാടോടിഗാനങ്ങൾ എന്നിവ കാമ്പയിനിന്റെ ഭാഗമായി അരങ്ങേറും. കൂടാതെ ജില്ലയിലെ വിദ്യാലയങ്ങളുടെ മുൻകൈയിൽ പ്ലാസ്റ്റിക്കിനു ബദലായി ഉപയോഗിക്കാവുന്ന ഉല്പ്പന്നങ്ങളുടെ പ്രദർശനങ്ങളും നടക്കും. ഹൈ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ചിത്രരചനാ മത്സരം, കോളേജ് വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റർ രചന മത്സരം തുടങ്ങിയവയും മാനവീയം വീഥിയിൽ അരങ്ങേറും.

പരിപാടി വിജയകരമാക്കാൻ മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണം വേണമെന്ന് സംഘാടകർ അഭ്യർഥിച്ചു. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സജീവമായ സഹകാരം ഉണ്ടാകണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ വിദ്യാലയങ്ങളിൽ അവബോധം വളർത്തുക, സ്‌കൂളുകളിലും കലാലയങ്ങളിലും വീടുകളിലും മറ്റു ജീവിത പരിസരങ്ങളിലും ഇത്തരം കാമ്പയിനുകൾ സംഘടിപ്പിക്കാൻ ഉതകുന്ന വിധത്തിൽ പരിശീലകരെ പ്രാപ്തമാക്കുക, ബദൽ ഉല്പന്നങ്ങളുടെ നിർമാണത്തിനും പ്രചാരണത്തിനും പ്രോത്സാഹനം നൽകുക, നയരൂപീകരണം അടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ സ്വാധീനം ചെലുത്തുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാൻ ഉല്പ്പന്നങ്ങളുടെ പാരിസ്ഥിതിക ആഘാത ചെലവ് നിർമ്മാതാക്കളുടെ ഉത്തരവാദിത്തമാക്കുക, പ്രചാരണ സാമഗ്രികൾ രൂപപ്പെടുത്തുക, കാമ്പയിൻ പ്രചാരണത്തിനായി വെബ്‌സൈറ്റ് ആരംഭിക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങൾ കാമ്പയിൻ മുന്നോട്ടുവെക്കുന്നുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ സിസ്സ ജനറൽ സെക്രട്ടറി ഡോ സി സുരേഷ്‌കുമാർ (9447205913) നെ ബന്ധപ്പെടാവുന്നതാണ്.