ഇവരെ നിങ്ങൾ അറിയും; പക്ഷേ, അവരെപ്പറ്റി ഒന്നുമറിയില്ല 

കേരളത്തിൽ എവിടെയും അവരുണ്ട്. നാട്ടിൻപുറങ്ങളിലും  നഗര പ്രദേശത്തും. നിർമാണ മേഖലയിൽ, ഹോട്ടലുകളിൽ, സിനിമാ തിയേറ്ററുകളിൽ, മൾട്ടി പ്ളെക്സുകളിലും സൂപ്പർ മാർക്കറ്റുകളിലും… ബിഗ് ബസാർ, പോത്തീസ്, ന്യൂ ജൻ  അങ്ങാടികളും വഴിയോര വാണിഭക്കാരും അവരെക്കൂടി പ്രതീക്ഷിച്ചിരിക്കുന്നുണ്ട്. ഒഡിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന പെരുമ്പാവൂരിലെ തിയറ്ററുകൾ, ഗുജറാത്തികളുടെയും മറാത്തികളുടെയും  ഒഴിവു ദിന ഒത്തുകൂടൽ കേന്ദ്രങ്ങളായ തൃശ്ശൂരിലെ തേക്കിൻ കാടും തിരുവനന്തപുരത്തെ ഗാന്ധി പാർക്കും. സായാഹ്നങ്ങളിൽ ബംഗാളികൾ വന്നുനിറയുന്ന  കൊച്ചിയിലെ മറൈൻ ഡ്രൈവ്. അന്തിക്കാൻ വയലുകളിലും ആലപ്പാടൻ പുള്ളിലും നിറയുന്ന ബംഗാളി കൊയ്ത്തുപാട്ടുകൾ. കണ്ടുമുട്ടുന്നവരിൽ മൂന്നുപേരിൽ രണ്ടാമതൊരാൾ ഇതര സംസ്ഥാനക്കാരനാകുന്നതാണ് ഇന്ന്  മലയാളിയുടെ  സാമൂഹ്യ ജീവിതം. എന്നാൽ നമുക്കവരെ അറിയുമോ?  അറിയാൻ ശ്രമിച്ചിട്ടുണ്ടോ ? അന്യരും അപരരുമായി മാത്രം മനസ്സിലാക്കുന്ന കുടിയേറ്റക്കാരുടെ  ആത്മ സംഘർഷങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? പ്രദേശത്തെവിടെയെങ്കിലും ഒരു കവർച്ച നടന്നാൽ,  ഒരു പീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ,  സംശയത്തിന്റെ മുൾ മുനകൾ  അകാരണമായി നീണ്ടു ചെല്ലുന്നത് അവരിലേക്കാണ്. യാതൊരു തെറ്റും ചെയാതെ തന്നെ കുറ്റവാളികളുടെ സാധ്യതാ ലിസ്റ്റിൽ  അവർ ചേർക്കപ്പെടുന്നു. ചോദ്യം ചെയ്യലുകൾക്കും നിരന്തരമായ  മാനസിക സംഘർഷങ്ങൾക്കും വിധേയരാക്കപ്പെടുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കുടുക്കുന്ന കൗശലങ്ങളിൽ നിരപരാധികളായ അവരും പെട്ടുപോകുന്നു.

താഴെ ഒരു പഠന റിപ്പോർട്ടാണ്. കേരളത്തിൽ നിന്നുള്ളതല്ല , തൊട്ടയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ മധുരയിൽ നിന്നും scroll.in ൽ ഗോകുൽ വണ്ണൻ എഴുതിയ ലേഖനത്തിന്റെ ആകാവുന്നത്ര സ്വാതന്ത്ര്യമെടുത്തുള്ള പരിഭാഷയാണ്. ഈ തമിഴ്‌നാടൻ അനുഭവത്തിൽ നിന്നും നമുക്കും പഠിക്കാനുണ്ട്. കാരണം ഇതര സംസ്ഥാന തൊഴിലാളിയെ മലയാളിയോളം പുച്ഛത്തോടെ വീക്ഷിക്കുന്ന  മറ്റൊരു ജനവിഭാഗമില്ല.  ഉപജീവനത്തിനായി ലോകമെങ്ങും കുടിയേറി ആഗോള പ്രവാസിയാകുമ്പോഴും നമ്മുടെ നാട്ടിൽ തൊഴിലെടുക്കാൻ എത്തുന്ന  ഇതര സംസ്ഥാന സഹോദരങ്ങളോട്  വെറുപ്പും വംശീയ വിദ്വേഷവും അവഗണനയും മാത്രം വച്ച് പുലർത്തുന്ന ശരാശരി മലയാളിയുടെ മനോഭാവം മാറേണ്ടതുണ്ട്.


മധുരയിലെ ഒരു റെസ്റ്റോറന്റിൽ ഹെഡ് ഷെഫാണ് സുഭാഷ്. പ്രായം മുപ്പതുകളുടെ തുടക്കം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് മലനിരകളുടെ താഴ്‌വരയിൽ നിന്ന്   പത്തു വർഷം  മുൻപാണ് അയാൾ തൊഴിൽ തേടി വീടുവിട്ടിറങ്ങുന്നത്.  തമിഴ് നാട്ടിലെത്തി രാമനാഥപുരത്തെ ഒരു ഹോട്ടലിൽ മാസം അഞ്ഞൂറ് രൂപക്ക് ക്ളീനിങ് ബോയ് ആയി ചേർന്നു. പിന്നീട് പല പല ഹോട്ടലുകളിലും മാറിമാറി ജോലി ചെയ്യുന്നതിനിടെ കുക്കിങ് നന്നായി  പഠിച്ചു. തുടർന്ന് മെച്ചപ്പെട്ട അവസരം തേടി ചെന്നൈയിലേക്ക്. അവിടെ ഒരു ഇടത്തരം ഹോട്ടലിൽ മൂവായിരം രൂപക്ക് ഫുൾ ടൈം ഷെഫായി. 

ഏഴുവർഷം മുൻപാണ് അയാൾ ചെന്നൈ വിട്ടു മധുരയിലെ ഒരു ചൈനീസ് റെസ്റ്റോറന്റിൽ ഷെഫായി ജോലിക്കു കേറുന്നത്. മൂന്നു ബെഡ് റൂമുകളുള്ള ഒരു വീട്ടിൽ മറ്റു ഇരുപത് പേർക്കൊപ്പമാണ് സുഭാഷിന്റെ താമസം. എല്ലാവരും ഡാർജിലിംഗിൽ നിന്നുള്ളവരും നേപ്പാളി  ഭാഷ സംസാരിക്കുന്നവരും പലയിടങ്ങളിൽ പല തൊഴിലുകളും ചെയ്യുന്നവരും. രാവിലെ ഏഴുമണിക്ക് എഴുന്നേക്കും.  പണികളെല്ലാം പരമാവധി വേഗത്തിൽ  തീർത്ത് ഹോട്ടലിലേക്ക് തിരിക്കും. താമസ സ്ഥലത്തു നിന്ന് അധികം ദൂരമില്ല അവിടേക്ക്.

പതിവ് വിഭവങ്ങൾ തയ്യാറാക്കിയതിനുശേഷം അന്നത്തെ സ്‌പെഷ്യൽ ഇനങ്ങളിലേക്ക് തിരിയുകയായി. പതിനൊന്നരയോടെ ആളുകൾ ഭക്ഷണം കഴിക്കാൻ വന്നു തുടങ്ങും. നാലുമണി വരെ നല്ല തിരക്കാണ്. പിന്നീട് രണ്ടു മണിക്കൂർ ഇടവേള കിട്ടും. അന്നേരമാണ് വീട്ടിലേക്കു വിളിക്കുന്നത്. ഭാര്യയും മക്കളുമായി ഫോണിൽ സംസാരിക്കും. രാത്രി ഏറെ വൈകിയാണ് റെസ്റ്റോറന്റ് അടയ്ക്കുന്നത്. അതുകഴിഞ്ഞു ക്ഷീണിതനായി താമസ സ്ഥലത്തേക്ക് മടങ്ങുകയായി. നിത്യേനെ ഇത് തന്നെ ആവർത്തിക്കും. ആഴ്ചയിൽ ആകെയുള്ള ഒരു ദിവസത്തെ അവധി ദിനത്തിലും അയാൾ ജോലി ചെയ്യും. അതുവഴി കിട്ടുന്ന അധിക വേതനം അയാൾക്ക്‌ ആവശ്യമുണ്ട്. വേനലവധിക്ക് നാട്ടിലൊന്നു പോയി വേഗം മടങ്ങും.

യാന്ത്രികമായ ഈ ഓട്ടപാച്ചിലിനിടക്ക്  സാമൂഹ്യ ജീവിതമൊന്നും സുഭാഷിനില്ല. താമസ സ്ഥലം- ഹോട്ടൽ എന്നീ ഇടങ്ങൾ  വിട്ട്  അയാൾ  എങ്ങോട്ടും പോകാറില്ല.  തമിഴ് അയാൾക്ക്‌ തീരെ വഴങ്ങില്ല. കൂടെ ജോലി ചെയ്യുന്നവർ നിത്യേനെ  പറയുന്ന ഏതാനും വാക്കുകൾ മാത്രമാണ് മനസ്സിലാവുന്നത്. വിരസവും യന്ത്രികവുമായ ജീവിതം അയാളെ  ബോറടിപ്പിക്കാൻ തുടങ്ങി. അങ്ങനെയാണ് ജോലി സമയം കഴിഞ്ഞു അല്പം മദ്യപിക്കുന്ന ശീലം വരുന്നത്. അതയാൾക്ക് താൽക്കാലികമായ ഉന്മേഷവും ആശ്വാസവും പകർന്നു. പക്ഷെ പതിയെപ്പതിയെ താൻ  മദ്യത്തിന് അടിമയാവുകയാണ് എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. ആദ്യമാദ്യം ജോലി കഴിഞ്ഞു മാത്രം മദ്യപിച്ചിരുന്ന സുഭാഷ് പിന്നീട് ജോലി സമയത്തും മദ്യം  ഉപയോഗിച്ച് തുടങ്ങി. അതേ തുടർന്നാണ് ഹോട്ടലുടമ അത് തിരിച്ചറിയുന്നതും അയാളെ ഒരു കൗൺസലിംഗിന് വിധേയനാക്കാൻ നിശ്ചയിക്കുന്നതും. 

സുഭാഷ് ഒരു ടിപ്പിക്കൽ ഇതര സംസ്ഥാന തൊഴിലാളിയാണ്. അടുത്തിടെ മധുരയിലെ ഒരു ഗവേഷണ സ്ഥാപനം ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പഠനത്തിനിടയിലാണ് സുഭാഷിനെപ്പോലുള്ളവരുടെ കഥ പുറം ലോകം  അറിയുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ സാമൂഹ്യമായ  ഒറ്റപ്പെടലും  കടുത്ത  ഏകാന്തതയും മാനസിക പിരിമുറുക്കവും വിഷാദത്തിലേക്കും മദ്യ-  മയക്കുമരുന്ന് ഉപയോഗത്തിലേക്കും അവരെ തള്ളിവിടുന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞ വർഷം  നവംബറിലാണ് മധുരയിലെ ഒരു ചൈനീസ് റെസ്റ്റോറന്റ് ഉടമ തന്റെ സുഹൃത്തും മനഃശാസ്ത്രജ്ഞനുമായ ഡോ. രാമ സുബ്രഹ്‌മണ്യത്തെ ബന്ധപ്പെടുന്നതും തന്റെ റെസ്റ്റോറന്റിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ചിലതരം  മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നതും. ഭേദപ്പെട്ട ശമ്പളവും ഭക്ഷണവും താമസ സൗകര്യവും ഏർപ്പാടാക്കിയിട്ടും അവർ അസ്വസ്ഥരാണെന്നത് വിചിത്രമായി അയാൾക്ക്‌ തോന്നി. ജോലിക്കാര്യത്തിൽ താല്പര്യമോ ശ്രദ്ധയോ പുലർത്തുന്നില്ല. 

ഇക്കാര്യം ഡോ. വിക്രം രാമസുബ്രമുണ്യൻ തന്റെ ആശുപത്രിയിലെ സഹപ്രവർത്തകരെ ധരിപ്പിച്ചു. ഹോട്ടലിലെ മുപ്പതിലേറെ  ഇതര സംസ്ഥാന തൊഴിലാളികളെ പഠന വിധേയരാക്കാൻ അവർ തീരുമാനിച്ചു. ഒട്ടേറെ മാനസിക  പ്രശ്നങ്ങൾ അവരെ അലട്ടുന്നതായി കണ്ടെത്തി. സമ്മർദവും വിഷാദവും മുതൽ  മദ്യപാനവും മയക്കുമരുന്നുപയോഗവും വരെ നീളുന്ന പ്രശ്നങ്ങൾ. പ്രിയപ്പെട്ടവരെ പിരിഞ്ഞു വീട്ടിൽനിന്നകന്ന് ഏറെക്കാലം  കഴിയുന്നത് അവരെ മാനസികമായി ബാധിക്കുന്നു. കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത് ആശയ വിനിമയത്തിന് തടസ്സം നിൽക്കുന്ന ഭാഷാപ്രശ്‍നം തന്നെ. പ്രദേശവാസികളുമായി ഇണങ്ങിപ്പോകാൻ അത് തടസ്സമാകുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളിൽ അറുപത്തഞ്ച് ശതമാനവും മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവരാണെന്നാണ് കണ്ടെത്തൽ. നാല്പത്തഞ്ച് ശതമാനം പേരും വിഷാദ രോഗികളുമാണ്. പുതിയ അന്തരീക്ഷവുമായി ഒട്ടും തന്നെ ഇണങ്ങിച്ചേരാൻ കഴിയാത്ത വിധം സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങളാണ് ഈ ജന വിഭാഗം അനുഭവിക്കുന്നത്. ഏറെക്കാലം സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഒടുവിൽ മദ്യത്തിലും മയക്കുമരുന്നിലുമാണ് അവർ അഭയം കണ്ടെത്തുന്നത്.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻ ജി ഒ ആണ് മാൻ കൈൻഡ് ഇൻ ആക്ഷൻ ഫോർ റൂറൽ  ഗ്രോത്ത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സംഘടന നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഡാർജിലിംഗ് മലയോര മേഖലയിൽ നിന്ന് ആയിരക്കണക്കിന് യുവാക്കളാണ് തൊഴിൽ തേടി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കുന്നത്- ഗവേഷകനായ നിർണയ്  ജോൺ ഛെത്രി പറയുന്നു. ഡൽഹി, ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും അവർ കുടിയേറുന്നത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി പ്രത്യേക ഗൂർഖാ ലാൻഡിനു വേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്നുണ്ട്. രാഷ്ട്രീയമായ അനിശ്ചിതത്വവും രൂക്ഷമായ തൊഴിലില്ലായ്മയും യുവാക്കളെ പല ദേശങ്ങളിലേക്ക് പലായനം ചെയ്യിക്കുന്നു. മുൻകൂറായി കിട്ടുന്ന അല്പം അഡ്വാൻസ് തുകയാണ് ഇക്കാര്യത്തിൽ തുടക്കത്തിലുള്ള പ്രലോഭനം.  അതവർക്ക് വലിയ സഹായവും ആശ്വാസമായി അനുഭവപ്പെടുന്നു. വാസ്തവത്തിൽ അതോടെ വലിയൊരു കെണിയിൽ കൂടി തങ്ങൾ അകപ്പെടുകയാണ് എന്ന വസ്തുത അവർ തിരിച്ചറിയുന്നില്ല. ജോലിയിൽ കേറിക്കഴിഞ്ഞാൽ പത്തും പന്ത്രണ്ടും മണിക്കൂർ തുടർച്ചയായി പണിയെടുപ്പിക്കും. മോശമായ പെരുമാറ്റമാണ് മിക്കവാറും തൊഴിലുടമകളുടേത്. ശമ്പളത്തിന്റെ ഒരു ഭാഗം എ പ്പോഴും പിടിച്ചു വെയ്ക്കും. മറ്റൊരിടത്തും മാറിപ്പോകാതിരിക്കാനാണ് തൊഴിലുടമകൾ ഈ മുൻകരുതൽ എടുക്കുന്നത്. സമ്മർദ്ദങ്ങളുടെ കുരുക്കിലകപ്പെട്ട ജീവിതമാണ് പിന്നീടങ്ങോട്ട്.പറഞ്ഞു പറ്റിച്ച ഏജന്റിനോടുള്ള അവിശ്വാസം പിന്നീട്  ആരേയും വിശ്വാസമില്ലാത്ത അവസ്ഥയിലെത്തിക്കുന്നു; പ്രത്യേകിച്ച് തൊഴിൽ ചെയ്യുന്ന ചുറ്റുപാടിലുള്ള പ്രദേശ വാസികളെ. ചൈനീസ് എന്ന് വിളിച്ച് കളിയാക്കുന്നത് നാട്ടുകാരുടെ പതിവാണെന്നാണ് സുഭാഷ് പറയുന്നത്. എത്ര അകന്നു മാറിയാലും പിന്നാലെ കൂടി പരിഹസിക്കും. ഒരിക്കൽ രാത്രിയിൽ ജോലി കഴിഞ്ഞു മടങ്ങും വഴി ചിലർ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി സുഭാഷ് പറഞ്ഞു . പണം നൽകാൻ വിസമ്മതിച്ചത് അവരെ പ്രകോപിപ്പിച്ചു. പിന്നീടവർ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. കണ്ടു നിന്ന നാട്ടുകാരാരും തന്നെ  ഇടപെടാനോ രക്ഷിക്കാനോ ശ്രമിച്ചില്ല. പൊലീസുകാരുടെ സമീപനവും വ്യത്യസ്തമല്ലെന്ന് തൊഴിലാളികൾ പറയുന്നു. നാട്ടിൽ എന്ത് കുറ്റകൃത്യം നടന്നാലും അവർ ആദ്യം തിരഞ്ഞെത്തുക തങ്ങളെയാണ്. 

” ഇവരാരും ഒരു കുറ്റകൃത്യത്തിലും ഏർപ്പെടുന്നവരല്ല. നല്ല വ്യക്തികളാണ്. പക്ഷേ പോലീസുകാർ ആദ്യം സംശയിക്കുന്നത് ഇവരെയാണ്. നിരപരാധിത്വം നിരന്തരം ബോധ്യപ്പെടുത്തേണ്ട അവസ്ഥയാണ് ” മധുരൈയിലെ  ഹോട്ടലുടമ  പറയുന്നു. ഇത്തരം അന്തരീക്ഷം ഇവരെ മാനസിക സമ്മർദ്ദത്തിന് അടിപ്പെടുത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ഒറ്റപ്പെടലും ഏകാന്തതയും അസഹനീയമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലരും മദ്യപാനത്തിലേക്കും മയക്കു മരുന്ന് ഉപയോഗത്തിലേക്കും വഴുതി വീഴുന്നു. ചിലർ കഫ് സിറപ്പുകളിലാണ് അഭയം കണ്ടെത്തുന്നത്. സംശയം തോന്നാതിരിക്കാനാണ്  കഫ് സിറപ്പുകളും മറ്റും ഉപയോഗിക്കുന്നത്. 

രണ്ടു വർഷം മുൻപ് തമിഴ്നാട് സർക്കാർ നടത്തിയ ഒരു സർവ്വേ പ്രകാരം സംസ്ഥാനത്ത് പത്തര ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. അവരിൽ ഇരുപത്തേഴു ശതമാനം ഉല്പ്പാദന  മേഖലയിലാണ് പണിയെടുക്കുന്നത്. പതിനാലു ശതമാനം ടെക്സ്റ്റൈൽ രംഗത്തും പന്ത്രണ്ടു ശതമാനത്തോളം പേർ നിർമാണ മേഖലയിലുമാണ്. 2018 ൽ  ചെന്നൈ, കാൺജീപുരം , തിരുവള്ളൂർ എന്നീ  മൂന്ന് നഗരങ്ങളെ കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ  ഒരു പഠനം നടത്തിയിരുന്നു . ഉല്പ്പാദന മേഖലയിലെ വേതനം വളരേ താഴ്ന്നതാണെന്ന്  കണ്ടെത്തി. അവർക്ക് താമസ സൗകര്യമോ ആരോഗ്യ സുരക്ഷയോ ലഭ്യമല്ല.

ഇഷ്ടിക കളങ്ങളിലും ഹോട്ടലുകളിലും നിർമാണ മേഖലയിലും പണിയെടുക്കുന്നവരുടെ തൊഴിൽ സാഹചര്യം വളരേ പരിതാപകരമാണെന്ന് ചെന്നൈ ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ സീനിയർ ഗവേഷകൻ പ്രൊഫസർ ബെർണാഡ് ഡി സമി പറയുന്നു. ഇന്ത്യൻ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മാനസിക ആരോഗ്യത്തിൽ സാമൂഹ്യാന്തരീക്ഷം വഹിക്കുന്ന പങ്കിനെപ്പറ്റി പഠനം നടത്തിയ ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റൽ സ്റ്റഡീസിലെ സീനിയർ റിസർച്ചർ  ഗുൻ ചെ  ഫിർദൗസ്   പറയുന്നത് പറയുന്നത് ശ്രദ്ധിക്കുക: ഭാഷയും ജീവിത രീതിയും ഭക്ഷണ ശീലവും എല്ലാം ഇവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അന്യരായും അപരരായും മാത്രമേ പ്രദേശവാസികൾ അവരെ കണക്കാക്കാറുള്ളൂ. എപ്പോഴും സംശയ ദൃഷ്ടിയോടെ മാത്രമേ അവരുമായി ഇടപെടാറുള്ളൂ. സ്വന്തം കമ്മ്യൂണിറ്റിക്കു പുറത്ത് ബന്ധങ്ങൾ സ്ഥാപിക്കാൻ ഇതെല്ലം തടസ്സമാകുന്നു…ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലെ നഗരവൽക്കരണം കുടിയേറ്റത്തെ വലിയ തോതിൽ നിർബന്ധിതമാക്കുന്നു. ഗ്രാമീണ മേഖലയിൽ നിന്ന് നിരന്തരമായി  നഗരങ്ങളിലേക്ക് തൊഴിൽ തേടിയുള്ള പലായനമാണ് കാണുന്നത്. കുടിയേറ്റം വലിയ തോതിലുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു. അത് സാമൂഹ്യമായ സംഘർഷങ്ങളും സൃഷ്ടിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ പാവപ്പെട്ട ചെറുപ്പക്കാരാണ് അതിജീവനത്തിനായി ഏറെ പണിപ്പെടുന്നത് “

ഏതായാലും എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും  ഏതാനും വർഷം  കൂടി ജീവിതം ഇതേ റൂട്ടിലോടുമെന്നാണ് സുഭാഷ് പറയുന്നത്. ” കുറച്ചു വർഷങ്ങൾ കൂടി തമിഴ്‌നാട്ടിൽ തങ്ങണം. കുറച്ചു കൂടി പണം സമ്പാദിക്കണം. ഗ്രാമത്തിൽ ഒരു വീട് പണിയണം. അതിനു ശേഷം അവിടെ സ്വന്തമായി  ഒരു ഹോട്ടൽ തുടങ്ങണം” സുഭാഷ് തന്റെ സ്വപ്‌നങ്ങൾ പങ്കുവെയ്ക്കുന്നു.   

ഈറോഡിലുള്ള റൈറ്റ്സ് എജുക്കേഷൻ ആൻഡ് ഡെവലപ്മെൻറ്റ് സെന്ററിലെ ആർ കറുപ്പുസാമി പറയുന്നത് 1979 ലെ ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്റ്റ് രാജ്യത്ത് ശരിയാം വണ്ണം നടപ്പിലാവുന്നില്ലെന്നാണ്. നിയമപ്രകാരം കുടിയേറ്റം രജിസ്റ്റർ ചെയ്യേപ്പെടേണ്ടതുണ്ട്; സ്വന്തം നാട്ടിലും കുടിയേറുന്ന പ്രദേശത്തും. എങ്കിൽ മാത്രമേ നിയമാനുസൃതമായ പ്രോവിഡന്റ് ഫണ്ട്, മറ്റ്  ആനുകൂല്യങ്ങൾ, മാനസികാരോഗ്യം ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷ, മിനിമം വേതനം എന്നിവ ഉറപ്പാക്കാനാവൂ. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശരീരഭാരം  നിയന്ത്രിക്കാൻ  അഞ്ച് പഴവർഗങ്ങൾ 

9 ട്രെയ്‌ലർ 15 ചാനലുകളിൽ ഇന്ന് രാത്രി 9 മണിക്ക്