പോലീസ് സ്‌റ്റേഷനുകളെ സേവനകേന്ദ്രങ്ങളാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഒന്‍പതു പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും, മൂന്ന് പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിലെയും കുറ്റാന്വേഷണത്തിലെയും മികവിലൂടെ എല്ലാ പോലീസ് സ്‌റ്റേഷനുകളും പൂര്‍ണമായ സേവനകേന്ദ്രങ്ങളാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം നഗരൂര്‍ പോലീസ് സ്‌റ്റേഷനില്‍ സംസ്ഥാനത്തെ ഒന്‍പതു പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും മൂന്ന് പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പോലീസിനെ ജനങ്ങള്‍ ഭയക്കേണ്ടതില്ല. കുറ്റവാളികളും നിയമലംഘകരും ഭയന്നാല്‍ മതി. ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉറപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നല്ല രീതിയില്‍ പ്രൊഫഷണല്‍ മികവും ജനങ്ങളോട് മാന്യമായ ഇടപെടല്‍, അഴിമതിരഹിത, മൂന്നാംമുറ ഇല്ലാത്ത അവസ്ഥ എന്നിവയുള്ള പോലീസ് സംവിധാനമാണ് ലക്ഷ്യം. പോലീസും ജനങ്ങളുമായുള്ള നല്ല ബന്ധം കൂടുതല്‍ ദൃഢമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് 607 പേര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നതായിരുന്ന അനുപാതം ഇപ്പോള്‍ 560 പേര്‍ക്ക് ഒരാള്‍ എന്നരീതിയില്‍ മെച്ചപ്പെടുത്താനായി. അതുകൊണ്ടുതന്നെ ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലും ഇപ്പോള്‍ വലിയ പുരോഗതിയുണ്ട്. ജനങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ വിവരങ്ങളറിയകാന്‍ പി.ആര്‍.ഒ മാരുണ്ട് ഇപ്പോള്‍.

സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പഞ്ചായത്തുതലത്തില്‍ അദാലത്തുകള്‍ നടത്തുന്നുണ്ട്. പോലീസ് സ്‌റ്റേഷനുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി. വനിതകള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നുമുണ്ട്.
സൈബര്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ എല്ലാ സ്‌റ്റേഷനുകളിലും നിയോഗിച്ചിട്ടുണ്ട്. പോലീസിന്റെ കാര്യക്ഷത വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. സ്‌റ്റേഷനുകള്‍ ഡിജിറ്റലാകുന്നതോടെ നല്‍കുന്ന പരാതി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭ്യമാകും.

എല്ലാ സ്‌റ്റേഷനുകളിലും എസ്.എച്ച്.ഒ മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചുവരികയാണ്. ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം ടീമുകള്‍ ഉണ്ടാകും. തീരദേശമേഖലകളിലും ടെറിറ്റോറിയല്‍ വാട്ടര്‍ മേഖലയിലും സുരക്ഷ ഉറപ്പാക്കാനും ക്രിമിനല്‍ നടപടികള്‍ തടയാനുമാണ് പുതിയ തീരദേശപോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ സ്ഥാപനങ്ങളും സംഘടനകളും പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ന് വിവാഹിതരായ ഷിബിന-സല്‍മാന്‍ ദമ്പതികളും 50,000 രൂപ നല്‍കിയിട്ടുണ്ട്.ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഡോ. സമ്പത്ത് എം.പി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതവും റൂറല്‍ ജില്ലാ പോലീസ് മേധാവി പി. അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
എ.ഡി.ജി.പി (ദക്ഷിണമേഖല) അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, കിളിമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, നഗരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രഘു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി, മറ്റു ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.നഗരൂരില്‍ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, തൃശൂര്‍ കയ്പമംഗലം, പാലക്കാട് കൊപ്പം, വയനാട് തൊണ്ടര്‍നാട് എന്നീ പോലീസ് സ്‌റ്റേഷനുകളും തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ പൂവാര്‍, അഞ്ചുതെങ്ങ്, കോഴിക്കോട് ജില്ലയിലെ വടകര, എലത്തൂര്‍ എന്നീ തീരദേശ പോലീസ് സ്‌റ്റേഷനുകളും കണ്ണൂര്‍ ജില്ലയിലെ ന്യൂമാഹി, പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, ആലപ്പുഴയിലെ കുറത്തിക്കാട് എന്നീ പോലീസ് സ്‌റ്റേഷന്‍ മന്ദിരങ്ങളുമാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഉത്തരവാദിത്ത ടൂറിസം മിഷന്റെ മടവൂർ പാറ ഗ്രാമയാത്രക്ക് തുടക്കം

ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും