പെരിയയും രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ ഇടം നേടുമ്പോള്‍ 

രാഷ്ട്രീയമായി പക്വത ആര്‍ജ്ജിക്കാത്തവര്‍ കൊലയാളികളാകുന്നു, സിപിഐ(എം) ഉത്തരം പറയേണ്ടി വരും: ജേക്കബ് ജോര്‍ജ്

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയിലേക്ക് അഭിമന്യൂവിന് ശേഷം ഏറ്റവും ഒടുവില്‍ രണ്ട് പേരു കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. കാസര്‍ഗോഡ് പെരിയയിലെ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷ്, ശരത്‌ലാല്‍. സിപിഐ (എം) പ്രവര്‍ത്തകരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായതോടെ ഇടത് സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവനകളും ഇക്കാര്യം വ്യക്തമാക്കുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയകൊലപാതകങ്ങളുടെ മനശാസ്ത്രവും, പെരിയ സംഭവം സിപിഐഎമ്മിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെ ബാധിക്കുമെന്ന വിഷയവും പരിശോധിക്കുകയാണ്  രാഷ്ട്രീയ നിരീക്ഷകന്‍ ജേക്കബ് ജോര്‍ജ്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ എങ്ങിനെ ബാധിക്കും?

കേരളത്തിനെ തന്നെ ഞെട്ടിച്ച സംഭമാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം. ഇത് തീര്‍ച്ചയായും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച നല്ലൊരു ആയുധമാണ്. സിപിഐഎമ്മിനെതിരെ ഇതായിരിക്കും പ്രധാന പ്രചരണായുധം. ശക്തമായി എതിര്‍ക്കാന്‍ എത്ര കണ്ട് സിപിഐഎമ്മിന് സാധിക്കുമെന്നത് കണ്ടുതന്നെ അറിയണം. കാരണം, സിപിഐഎം ഇതിന് സമാനമായ മറ്റൊരു സാഹചര്യത്തിൽ  കൂടി രാഷ്ട്രീയ കേരളത്തില്‍ കടന്നുപോയിട്ടുണ്ട് . ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്താണ് സംസ്ഥാനത്ത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ടിപിയുടെ ഭാര്യ കെ  കെ രമയെ വിവാദങ്ങള്‍ നിലനില്‍ക്കെ വിഎസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചത്. ഇത് പലരീതിയിലാണ് മാധ്യമങ്ങള്‍ അന്ന് ചര്‍ച്ച ചെയ്തത്. അത് പാര്‍ട്ടിയെ ഭീകരമായി തന്നെ ബാധിച്ചിരുന്നു. തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അതുപോലെ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് സിപിഐഎം ഈ ക്രൂരതയ്ക്ക് ഉത്തരം പറയേണ്ടി വരും.

ജേക്കബ് ജോര്‍ജ്

സിപിഐ(എം) പ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് കോണ്‍ഗ്രസുകാരാണെന്നും മാധ്യമങ്ങളുടേത് കുപ്രചരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ഇത് ഒരു ഒളിച്ചോട്ടമല്ലേ. രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ എങ്ങിനെ കാണുന്നു?

പെരിയയിലെ ഇരട്ടകൊലപാതകം നടത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി തന്നെ സമ്മതിച്ച കാര്യമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയാണെങ്കിലും മുഖ്യമന്ത്രിയ്ക്കും രാഷ്ട്രീയം പറയണമല്ലോ? പ്രതിരോധത്തിലാണ് ഇടത് സര്‍ക്കാര്‍. ക്രമസമാധാനം പാലിക്കേണ്ട ഉത്തരവാദിത്തവും മുഖ്യമന്ത്രിയ്ക്ക് തന്നെയാണ്. 

അഭിമന്യുവിന്റെ കൊലപാതകവും പെരിയയിലെ ഇരട്ടകൊലപാതകങ്ങളും ഒരുപോലെ കാണാനാകുമോ?

കേരള സമൂഹം സാക്ഷിയായ ഭീകരമായ കൊലപാതകമായിരുന്നു അഭിമന്യൂവിന്റേത്. ഇത് മറന്നുതുടങ്ങും മുമ്പാണ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഇതും ഭീകരവും ക്രൂരവുമായ ഒന്നാണ്. രണ്ടോ മൂന്നോ യുവാക്കളുടെ ജീവന്‍ നഷ്ടമായി. എബിവിപിയായാലും കെഎസ് യു ആയാലും ഏത് പാര്‍ട്ടിയായാലും കൊലപാതകം വെച്ചുപൊറുപ്പിക്കരുത്. ഇത് ക്രൂരവും നിന്ദ്യവുമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രമാത്രം കേരളത്തില്‍ അരങ്ങേറുന്നത് എന്തുകൊണ്ടാണ്?

കേരള സമൂഹം പഠനവിധേയമാക്കേണ്ട ഒരു സബ്ജക്ടാണിത്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയത്തെ വികാരപരമായി കാണുന്നവരാണ് ഓരോ പാര്‍ട്ടികളിലെയും  താഴെക്കിടയിലുള്ളവര്‍. രാഷ്ട്രീയമായി ആരെങ്കിലും ഒന്നു നോക്കിയാല്‍, ഭീഷണിപ്പെടുത്തിയാല്‍ പിന്നെ വല്ലാത്ത ഈഗോ വര്‍ക്കൗട്ട് ചെയ്യുകയായി. ഇത് പലതും കൊലപാതകങ്ങളിലേക്ക കൊണ്ടെത്തിക്കുന്നു. ഇവര്‍ വല്ലാതെ വൈകാരികമാകുകയാണ്. കൊലചെയ്യപ്പെട്ടവനും കൊലപാതകിയുടെയും കുടുംബങ്ങള്‍ ഒരുപോലെയാണ് അനുഭവിക്കേണ്ടി വരുന്നത്. 

ഇത് നമ്മള്‍ ഏറ്റവും അടുത്ത് പെരിയയില്‍ തന്നെ കണ്ടല്ലോ. പ്രതിയുടെ കുടുംബത്തെ അയാളുടെ ചെയ്തിയുടെ പേരില്‍ അക്രമിക്കുന്നത്. ഇരുഭാഗത്തെയും നിസ്സഹായരായ കുടുംബങ്ങള്‍ ഒരു പോലെയാണ് തകരുന്നത്.രാഷ്ട്രീയമായ പക്വത ആര്‍ജ്ജിച്ചിട്ടില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

 ഇതിനെ കുറിച്ചൊക്കെ ഓരോ രാഷ്ട്രീയക്കാരനും ആലോചന വേണം. കേരളസമൂഹത്തില്‍ നിന്ന് ഈ ക്രൂരത തുടച്ചുകളയാന്‍ അതത് രാഷ്ട്രീയനേതൃത്വങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി. തന്റെ അണികളില്‍പ്പെട്ടവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് യാതൊരു വിധ പിന്തുണയും പാര്‍ട്ടിയില്‍ നിന്നുണ്ടാവില്ലെന്ന് വ്യക്തമാക്കണം.

അക്രമ രാഷ്ട്രീയമല്ലേ യുവനിര രാഷ്ട്രീയത്തില്‍ നിന്ന് അകലാന്‍ കാരണം?

കേരളത്തില്‍ അക്രമ രാഷ്ട്രീയം പരക്കെയുള്ള സംഭവമല്ലല്ലോ. ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി മാത്രമല്ലെ കാണാനാകൂ. വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിലെ യുവാക്കള്‍. രാഷ്ട്രീയത്തിലെത്തുന്നതും വിദ്യാഭ്യാസ രാഷ്ട്രീയത്തിലൂടെയാണല്ലോ? അതുകൊണ്ട് ഏതെങ്കിലും നേതാക്കള്‍ക്ക് വേണ്ടി തുള്ളുന്ന പാവകളാകാനൊന്നും സാധിക്കില്ല. യുവനിരയ്ക്ക് രാഷ്ട്രീയത്തോടുള്ള വിരക്തിക്ക് മറ്റുകാരണങ്ങളാലാണെന്നാണ് എന്റെ വിശ്വാസം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

വനിതാദിനം: വനിതാ സംരംഭകരുടെ കൂട്ടായ്മ മാര്‍ച്ച് 1 ന്

കാടിന്റെ മക്കളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടാമായിരുന്നില്ലേ? സികെ ജാനു