രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടെതിർക്കുക, കുടിപ്പക രാഷ്ട്രീയത്തിന് വളവും വെള്ളവും നല്കാതിരിക്കുക

കെ മുരളീധരന്റെ വടകരയിലെ സ്ഥാനാർത്ഥിത്വമാണ് സോഷ്യൽ മീഡിയ രണ്ടു ദിവസമായി  ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയും രാജൻ കേസും ഉൾപ്പെടെ ചർച്ചയാവുന്നു. അശോകൻ ചരുവിലും ശാരദക്കുട്ടിയും അടക്കമുള്ള എഴുത്തുകാരും കരുണാകരന്റെ കൈകളിലെ ചോരക്കറയെ മകൻ മുരളീധരനിലേക്ക് ഒപ്പിവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്. അതിനെതിരെയാണ് പി ജെ ബേബി എഴുതുന്നത്.

പി ജെ ബേബി

കരുണാകരൻ രാജനെയോ വർക്കലവിജയനെയോ കൊന്നതിന് മുരളിയോ, പിണറായി വിജയൻ കുപ്പു , അജിത , ജലീൽ എന്നിവരെ കൊന്നതിന് പിണറായിയുടെ മകളോ, ഒരു ജനാധിപത്യ സമൂഹത്തിൽ കടം വീട്ടേണ്ടി വരരുത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ചോരക്കടം തീർക്കൽ ഒരു രാഷ്ട്രീയമാക്കി വൈകാരികത ഉണർത്തിയാൽ നാമെന്ത് ജനാധിപത്യ ബോധമാണ് അംഗീകരിക്കുക എന്നദ്ദേഹം ചോദിക്കുന്നു. 

കെ.കരുണാകരൻ കേരളം കണ്ട ഏറ്റവും വലിയ പിന്തിരിപ്പനും ഫാസിസ്റ്റുമായിരുന്നു. കേരളത്തിൽ ബി.ജെ.പിയെ വളർത്തുന്നതിലും ഒരു വലിയ പങ്കുവഹിച്ചു. കരുണാകരനെ “നക്സലൈറ്റുകൾ ” ശക്തമായി എതിർത്തു.1987-ൽ കരുണാകരൻ തോൽക്കുന്നതിൽ നക്സലൈറ്റുകൾ സംഘടിപ്പിച്ച ആവിഷ്ക്കാര സ്വാതന്ത്ര്യ പ്രക്ഷോഭം ഒരു പങ്കു വഹിച്ചു. പിന്നീട് തൃശൂരിൽ വി.വി രാഘവനോട് കരുണാകരൻ തോറ്റപ്പോഴും നക്സലൈറ്റുകൾ നടത്തിയ തീവ്റ പ്രചരണം നല്ലൊരു പങ്കു വഹിച്ചു. അതിലപ്പുറം മുരളീധരൻ കരുണാകരനു വേണ്ടി രക്തക്കടം വീട്ടേണ്ടതുണ്ടോ?

ആ നിലക്ക് യുവജനവേദിയുടെ പ്രമുഖ വക്താവ് പ്രസംഗിച്ചതിനെ അതിന്റെ മുൻ പ്രസിഡന്റായ ഞാൻ എതിർത്തിട്ടുണ്ട്. ചോരക്കടം കുടിപ്പക രാഷ്ട്രീയത്തിന്റേതാണ്. ഫ്യൂഡൽ കാലത്ത് “എന്റെ ഭാര്യയെ നീ ആക്രമിച്ചാൽ നിന്റെ ഭാര്യയെ ഞാൻ ആക്രമിക്കും. അതെന്റെ ആണത്തത്തിന്റെ പ്രശ്നമാണ് ” എന്ന ബോധം ശക്തമായിരുന്നു. സ്ത്രീ അന്ന് എൻറയും നിന്റെയും സ്വത്തായിരുന്നു.

 

കരുണാകരൻ രാജനെയോ വർക്കലവിജയനെയോ കൊന്നതിന് മുരളിയോ ,പിണറായി വിജയൻ കുപ്പു ,അജിത ,ജലീൽ എന്നിവരെ കൊന്നതിന് പിണറായിയുടെ മകളോ, ഒരു ജനാധിപത്യ സമൂഹത്തിൽ കടം വീട്ടേണ്ടി വരരുത്. അവർ സ്വീകരിച്ച പോലീസ് നയത്തിന്റെ ഭാഗമായിരുന്നു ആ മരണങ്ങൾ. ആ നയം വിമർശിക്കപ്പെടാം; ഉത്തരവാദികളെന്ന നിലയിൽ,നിയമപരമായി പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷിക്കപ്പെടുകയുമാകാം. അതിനപ്പുറം മക്കൾ ഉത്തരം പറയണമെന്നത് തികച്ചും തെറ്റാണ്. അതുമല്ല, കൊല നേരിട്ട് ചെയ്തവരാണെങ്കിൽ തന്നെ ശിക്ഷ നടപ്പാക്കണ്ടത് പിൻഗാമികളോ, ബന്ധുക്കളോ, പ്രസ്ഥാനങ്ങളോ അല്ല. രാജ്യത്തെ നിയമാനുസൃത സംവിധാനങ്ങളാണ്.

ഇതെഴുതാൻ കാരണം കണ്ണൂരിലെ ഗോത്രപ്പകയുടെ രാഷട്രീയം മറ്റൊരു വഴിയിൽ ചിലരുയർത്തിക്കൊണ്ടുവരുന്നത് കണ്ടതാണ്. അതിൽ പ്രമുഖ സാംസ്കാരിക നായകനുണ്ട്.ഒരു ബുഹുമാന്യയായ ഫെമിനിസ്റ്റ് എഴുത്തുകാരി വരെ അത്തരത്തിലെഴുതുന്നു.

ചോരക്കടം തീർക്കൽ ഒരു രാഷ്ട്രീയമാക്കി വൈകാരികത ഉണർത്തിയാൽ നാമെന്ത് ജനാധിപത്യ ബോധമാണ് അംഗീകരിക്കുക? ഈ ചരിത്രപരമായ കടം തീർക്കൽ രാഷ്ട്രീയത്തെയാണ് നാസികൾ സമർത്ഥമായി ഉപയോഗിച്ചതെന്നും ,ഹിന്ദുത്വ ഫാസിസ്റ്റുകൾ മസ്ജിദ് തകർക്കാനും ഗുജറാത്ത് കൂട്ടക്കൊലക്കുമുപയോഗിച്ചതെന്നും മറന്ന് നാമെന്ത് ഫാസിസ്റ്റു വിരുദ്ധ പ്രതിരോധമാണ് സംഘടിപ്പിക്കുക? ഫാസിസത്തെ ചെറുക്കേണ്ടത് ഉയർന്ന ജനാധിപത്യ ബോധം സ്വാംശീകരിച്ചു കൊണ്ട്, സ്വാർത്ഥതകൾ മാറ്റി വച്ച്, ഐക്യപ്പെട്ടുകൊണ്ടാണ്. അവിടെ എല്ലാവരും ചില ലക്ഷ്മണ രേഖകൾ(പൊതു ജനാധിപത്യ താല്പര്യത്തിന്റെ ) പാലിച്ചേ തീരൂ. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടെതിർക്കുക. കുടിപ്പക രാഷ്ട്രീയത്തിന് വളവും വെള്ളവും നല്കാതിരിക്കുക

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രാജ്യത്ത് 200 കോടി രൂപയുടെ നഗര സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് സെക്യൂർ കാം; ആസ്ഥാനം കൊച്ചി

സംശുദ്ധി നിലനിർത്താനാവും സ്ഥാപകനേതാവിനെ വെട്ടിയരിഞ്ഞ് കൊന്നത്, സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സനൽകുമാർ ശശിധരൻ