ബിനാലെ പവലിയനില്‍ അപ്രതീക്ഷിത കലാപരിപാടികള്‍

കൊച്ചി: അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക് എന്ന ബിനാലെ പ്രമേയത്തിന്‍റെ നേര്‍സാക്ഷ്യമാവുകയാണ് ബിനാലെ പവലിയനിലെ അപ്രതീക്ഷിത പരിപാടികള്‍. പൊതുജനങ്ങള്‍ക്ക് വിജ്ഞാനം പങ്കുവയ്ക്കാനും സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള ഇടമായാണ് ബിനാലെ പുരോഗമിക്കുമ്പോള്‍ കബ്രാള്‍യാര്‍ഡ് മാറുന്നത്.

ജനുവരി അവസാന വാരത്തില്‍ സൗത്ത്സൈഡ് ബി ബോയ്സിന്‍റെ പരിപാടി മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നില്ല. ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയന്‍ കഴിഞ്ഞയാഴ്ച സാക്ഷ്യം വഹിച്ചത് തെരുവു നൃത്തത്തിന്‍റെ അപ്രതീക്ഷിത ചടുല താളത്തിനാണ്. ഹിപ്പ്-ഹോപ്പ് നൃത്തശൈലിയിലെ പ്രശസ്തരായ സൗത്ത്സൈഡ് ബിബോയ്സ് സന്ദര്‍ശകരെ ആവേശത്തിരയിലാറാടിച്ചു.

നാല് മണിക്കൂറായിരുന്നു സംഘം നൃത്ത പ്രകടനം നടത്തിയത്. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കബ്രാള്‍യാര്‍ഡിലെ പവലിയനില്‍ എത്തിയത്. ഹിപ്പ് ഹോപ്പ് സംസ്ക്കാരത്തിന്‍റെ ചടുലചലനങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനായി. വിവിധ മേഖലയിലുള്ളവര്‍ ബ്രേക്ക് ഡാന്‍സിനോടുള്ള താത്പര്യം മൂലം ഒന്നിച്ചു ചേര്‍ന്നാണ് നൃത്ത സംഘത്തിന് രൂപം നല്‍കിയത്. വാണിജ്യ താത്പര്യങ്ങള്‍ ഇല്ലാതെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള മാര്‍ഗമായാണ് ഈ കൂട്ടായ്മയെ അംഗങ്ങള്‍ കാണുന്നത്.

നേരത്തെ കൊച്ചി ബിനാലെയിലെ പങ്കാളിത്ത കലാകാരനായ ഉഗാണ്ടന്‍ ആര്‍ട്ടിസ്റ്റ് കിബുക്ക മുകിസ ഇവരടൊപ്പം ആടിത്തിമിര്‍ത്തതിന്‍റ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ബ്രേക്ക് ഡാന്‍സ് ലോകത്ത് വൈറലായിരുന്നു. 

ലോകപ്രശസ്ത കലാവിജ്ഞാന കേന്ദ്രങ്ങളായ ബറോഡ മഹാരാജ സായാജിറാവു സര്‍വകലാശാല, ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും കൊച്ചി-മുസിരിസ് ബിനാലെ കാണാനെത്തിയിരുന്നു. സമകാലീന കലാലോകവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ഫലവത്തായ ചര്‍ച്ചകള്‍ ഈ സംഘങ്ങളുമായി സംഘടിപ്പിച്ചതും ബിനാലെ പവലിയനിലാണ്. ബറോഡ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ക്യൂറേറ്റര്‍ അനിത ദുബെയും ഇവര്‍ക്കൊപ്പം ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യമായി. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന കവി ആലോക് വൈദ് മേനോന്‍ പെട്ടന്നു തയ്യാറാക്കിയ കവിതാപാരായണ പരിപാടിയും വ്യത്യസ്തമായിരുന്നു.

വിജ്ഞാനം നല്‍കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള വേദിയായാണ് ബിനാലെ പവലിയനെ ഇക്കുറി ക്യൂറേറ്റര്‍ അനിത ദുബെ കാണുന്നത്. കേവലം കലാപ്രദര്‍ശനം മാത്രമല്ല ഇവിടം കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് സങ്കോചമില്ലാതെ, ലിംഗ-മത-ജാതി വേര്‍തിരിവില്ലാതെ ആരുടെയും വാക്കുകള്‍ക്ക് ചെവി നല്‍കുന്നതും ചര്‍ച്ചകള്‍ നടത്തുന്നതുമായ അന്തരീക്ഷമാണ് ബിനാലെ പവലിയന്‍ വിഭാവനം ചെയ്യുന്നതെന്നും അനിത ദുബെ ചൂണ്ടിക്കാട്ടി.

4200 ചതുരശ്ര അടിയില്‍ പണിതീര്‍ത്ത പവലിയനില്‍ 420 പേര്‍ക്കിരിക്കാം. കൂടാരത്തിന്‍റെ മാതൃകയിലാണ് പവലിയന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് . പന്ത്രണ്ട് മാസം കൊണ്ടാണ് പണി തീര്‍ത്തത്. പുറത്തു നിന്നും സന്ദര്‍ശകര്‍ക്ക് കാണാനും കേള്‍ക്കാനും കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന. കൂത്തമ്പലങ്ങളുടെ രൂപകല്‍പനയില്‍ നിന്നും ഇതിന്‍റെ നിര്‍മ്മാണത്തില്‍ കടമെടുക്കല്‍ നടത്തിയിട്ടുണ്ടെന്ന് ആര്‍ക്കിടെക്റ്റ് മാധവ് രാമന്‍ പറഞ്ഞു.

ക്യൂറേറ്റര്‍ പ്രമേയത്തോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നതാണ് ഇതിന്‍റെ നിര്‍മ്മാണമെന്ന് മാധവ് പറഞ്ഞു. ഭിത്തികള്‍ പോലും പകുതി മാത്രമേ മറഞ്ഞിട്ടുള്ളൂ. ബാക്കി ഭാഗം ചില്ലായതിനാല്‍ ഉള്ളിലെ പരിപാടികള്‍ പുറത്തു നിന്നും ആസ്വദിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബിനാലെയില്‍ ഡോക്യുമെന്‍ററി-വീഡിയോ ആര്‍ട്ട് ചലച്ചിത്രവാരം

ജിവി രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്ട്സ് ഡിവിഷനിലും 16 കോടി രൂപയുടെ പദ്ധതി