ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി സ്ഥാപിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരള ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവിലുള്ള സംവിധാനമനുസരിച്ച് കുറച്ച് ജില്ലകളിലെ മാത്രം കണക്കുകളാണുള്ളത്. അതിനാല്‍ ആര്‍.സി.സി., മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചി ക്യാന്‍സര്‍ സെന്റര്‍ എന്നീ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ക്യാന്‍സര്‍ പ്രതിരോധത്തിനും നിര്‍ണയത്തിനും ചികിത്സയ്ക്കും ഈ രജിസ്ട്രി വളരെയേറെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോക അര്‍ബുദ ദിനം സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാന്‍സര്‍ പ്രതിരോധത്തെപ്പോലെ തന്നെ പ്രാധാന്യമാണ്  മുന്‍കൂര്‍  ക്യാന്‍സര്‍ നിര്‍ണയവും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ക്യാന്‍സര്‍ രോഗം മുന്‍കൂര്‍ കണ്ടുപിടിയ്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാന്‍സറിന്റ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ അടുത്ത തലത്തിലേക്ക് ചികിത്സയ്ക്കായി അയയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിലൂടെ അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ റേഡിയോ തെറാപ്പി വിഭാഗം ക്യാന്‍സര്‍ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കി വരുന്നു. ഈ മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ വിപുലമായ സജ്ജീകരണമൊരുക്കുകയും അധ്യാപകര്‍, നഴ്‌സുമാര്‍ എന്നിങ്ങനെ മതിയായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

ബഹുഭൂരിപക്ഷം ക്യാന്‍സറിനും ജീവിതശൈലിയുമായി ബന്ധമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ക്യാന്‍സര്‍ പ്രതിരോധത്തിനും നിയന്ത്രണത്തിനും എല്ലാവരും സജ്ജരാകേണ്ടതുണ്ട്. ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം താഴെത്തട്ടില്‍വരെ എത്തിച്ചാല്‍ മാത്രമേ ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. ഈയൊരു ലക്ഷ്യത്തോടെയാണ് ലോക അര്‍ബുദദിനത്തില്‍ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാന്‍സറിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, ആര്‍.സി.സി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. സജീവ്, റീജിയണല്‍ ക്യാന്‍സര്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ബാബു മാത്യു, ആര്‍.സി.സി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും അസോ. പ്രൊഫസറുമായ ഡോ. ആര്‍. ജയകൃഷ്ണന്‍, ഡോ. മനു, എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. 

ഇതോടൊപ്പം ക്യാന്‍സര്‍ അവബോധത്തിനായുള്ള സിഗ്നേച്ചര്‍ ക്യാമ്പയിനും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തുടക്കം കുറിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ചരിത്രം പുരസ്‌കൃതമാവുന്ന നിമിഷങ്ങൾ

കാനിലും വെനീസിലും റോട്ടർഡാമിലും ബെർലിനിലും നിരൂപക പ്രശംസയേൽക്കേണ്ട നടൻ