മുഖചിത്ര രചന പരിശീലനവുമായി പി എസ് ജലജ ആര്‍ട്ട് റൂമില്‍

കൊച്ചി: മായ്ക്കുന്ന  റബ്ബര്‍   അടുത്ത് വച്ച് ചിത്രം വര പഠിക്കാനിരിക്കരുതെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റ് പി എസ് ജലജ. കൊച്ചി-മുസിരിസ് ബിനാലെയുടെ ആദ്യ ലക്കത്തിലെ പങ്കാളിത്ത ആര്‍ട്ടിസ്റ്റായിരുന്ന ജലജ ബിനാലെ ആര്‍ട്ട് റൂമിലെ കുട്ടികള്‍ക്ക് നല്‍കിയ ഉപദേശമാണിത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായ ലൈഫ് ആന്‍ഡ് ലൈന്‍സ് എന്ന പരിശീലന കളരി നയിക്കാനെത്തിയതായിരുന്നു ജലജ. ബിനാലെ വോളണ്ടിയറെ മോഡലായി ഇരുത്തി കുട്ടികളോട് അദ്ദേഹത്തെ വരയ്ക്കാനാണ് ആവശ്യപ്പെട്ടത്. കുട്ടികളില്‍ പലരും റബ്ബര്‍ കൊണ്ട്   മായ്ക്കുന്നത്  കണ്ടപ്പോഴായിരുന്നു ജലജയുടെ ഇടപെടല്‍.

തെറ്റുവരുത്തി മാത്രമേ നന്നായി വരയ്ക്കാനാകൂ എന്ന് ജലജ കുട്ടികളോട് പറഞ്ഞു. കണ്ണ് വരച്ച് തെറ്റിപ്പോയെങ്കില്‍ അത് മായ്ക്കാതെ അതിന്‍റെ അടുത്ത് തന്നെ മറ്റൊരെണ്ണം വരയ്ക്കൂ. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഇത് സഹായിക്കും.സ്കൂളുകളിലും ചിത്രകലാ ക്ലാസുകളിലും അപൂര്‍വമായി മാത്രമേ തത്സമയ മുഖചിത്രങ്ങള്‍ വരയ്ക്കാന്‍ പഠിപ്പിക്കാറുള്ളൂ. അതിനാലാണ് ജീവനുള്ള വരകള്‍ കുട്ടികളെ പരിചയിപ്പിക്കാന്‍ തീരുമാനിച്ചത്. വരുന്ന മൂന്ന് ദിവസങ്ങളിലായി ഇത്തരം രീതികള്‍ കുട്ടികളെ പഠിപ്പിക്കും.

ലോകത്ത് മറ്റൊരു ബിനാലെയിലും കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേക കലാപരിപാടികള്‍ നടത്തുന്നില്ലെന്ന് ജലജ ചൂണ്ടിക്കാട്ടി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചു വരുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ കലാസ്വാദനത്തിലെ നിര്‍ണായകമായ കാല്‍വയ്പ്പാണ്. സമകാലീന-ആധുനിക കലാപ്രദര്‍ശനങ്ങളോടൊത്ത് പരിശീലനം നേടാന്‍ അവസരം ലഭിക്കുന്നതിലൂടെ ഈ കലകളെ ആസ്വദിക്കാനുള്ള വലിയ സമൂഹത്തെ കൂടി ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ സൃഷ്ടിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിയായ ജലജ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. ബിനാലെ ആദ്യ ലക്കത്തിലെ പങ്കാളിത്തത്തിനു ശേഷം വിവിധ കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. കലാകക്ഷി എന്ന പേരില്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയിലെ സജീവ അംഗം കൂടിയാണ് അവര്‍. കേരളത്തിലെ ജനങ്ങളുടെ അതിജീവനത്തിനു വേണ്ടിയുള്ള സമരങ്ങളില്‍ സമകാലീനകലയെ ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.  പരിശീലന കളരി വെള്ളിയാഴ്ച സമാപിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലോക്‌സഭ പിരിഞ്ഞു; ഇനി അഭയം ജനം

ജി.വി. രാജാ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്