അഭിഷേകം മോഷ്ടിച്ചെടുത്ത പാലു കൊണ്ട്
ചെന്നൈ: സിനിമാ റിലീസിംഗ് ദിനത്തിൽ സൂപ്പർ താരങ്ങളുടെ കട്ട് ഔട്ടുകളിൽ നടത്തുന്ന പാലഭിഷേകം നിരോധിക്കണം എന്ന ആവശ്യവുമായി തമിഴ്നാട് പാൽ വിതരണ അസോസിയേഷൻ സംസ്ഥാന പൊലീസിനെ സമീപിച്ചു.
സൂപ്പർ താരങ്ങളുടെ പടം റിലീസാവുന്ന ദിവസം നടത്തുന്ന പാലഭിഷേകം തങ്ങളുടെ ചെലവിലാണ് നടക്കുന്നത്. പാതിരാത്രി മോഷ്ടിച്ചെടുത്ത പാലു കൊണ്ടാണ് ഫാൻസ് ഈ അഭ്യാസം കാണിക്കുന്നത്. ചെന്നൈ നഗരത്തിലെ കടകളിലെല്ലാം പാതി രാത്രിയോടെയാണ് പാലെത്തുന്നത്. അന്നേരം കടകളെല്ലാം അടവായിരിക്കും. ട്രാക്കുകാർ കാർട്ടണുകൾ കടയ്ക്കു പുറത്തിട്ടിട്ടു പോകും . ഏതെങ്കിലും സൂപ്പർ താരത്തിന്റെ സിനിമ റിലീസാവുന്ന ദിവസം ഈ കാർട്ടണുകൾ എല്ലാം അപ്രത്യക്ഷമാകും. ഫാൻസുകാർ അതൊക്കെ അടിച്ചുമാറ്റും – ഇങ്ങനെ പോകുന്നു അസോസിയേഷന്റെ പരാതി. പൊലീസ് ഇക്കാര്യത്തിൽ ഒന്നും തന്നെ ചെയ്യുന്നില്ല. കടകൾക്കുള്ളിൽ നടക്കുന്ന മോഷണം മാത്രമേ അവർ കണക്കിലെടുക്കുന്നുള്ളൂ. പാലഭിഷേകം പൂർണമായി നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടൻ ചിമ്പു സോഷ്യൽ മീഡിയയിൽ ഇട്ട ഒരു വീഡിയോ ആണ് അസോസിയേഷനെ പ്രകോപിപ്പിച്ചത്. ഫെബ്രുവരി ഒന്നാം തിയ്യതി റിലീസ് ചെയ്യാനിരിക്കുന്ന ‘ വന്താ രാജാവാ താൻ വരുവേൻ’ എന്ന ചിത്രത്തിന്റെ റിലീസിംഗ് ദിവസം ആഘോഷമാക്കി മാറ്റണമെന്നും പാലഭിഷേകം ഗംഭീരമായി നടത്തണമെന്നും വീഡിയോവിലൂടെ ചിമ്പു തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. പിറ്റേന്നാണ് അസോസിയേഷൻ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. താരത്തിന്റെ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പരാതിയിൽ പറയുന്നു. അന്നത്തെ പാലുമുഴുവൻ ഫാൻസുകാർ കൊള്ളയടിക്കും. മാത്രവുമല്ല ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാക്കാനേ ഇത്തരം ആഹ്വാനങ്ങൾ ഉപകരിക്കൂ. ചിമ്പുവിനെതിരെ നിയമ നടപടി കൈക്കൊള്ളണം, അസോസിയേഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാലുവർഷമായി തങ്ങൾ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് പൊന്നുസാമി പറഞ്ഞു. പാലഭിഷേകം നടത്തുന്നതിൽ നിന്ന് തങ്ങളുടെ ഫാൻസുകാരെ പിന്തിരിപ്പിക്കണം എന്ന ആവശ്യവുമായി എല്ലാ പ്രമുഖ താരങ്ങളെയും സമീപിച്ചു. എല്ലാവർക്കും കത്തുകളെഴുതി. രജനികാന്ത്, അജിത്, വിജയ് തുടങ്ങി ആരും തന്നെ പ്രതികരിച്ചില്ല, പൊന്നുസാമി കുറ്റപ്പെടുത്തുന്നു.
എന്നാൽ കമൽ ഹാസനും ശിവകാർത്തികേയനും ഇക്കാര്യത്തിൽ വ്യത്യസ്തരാണെന്നാണ് പൊന്നുസാമിയുടെ പക്ഷം. രക്ത ദാന ക്യാമ്പുകളും മറ്റുമാണ് റിലീസിന് മുന്നോടിയായി ഇരുവരും സംഘടിപ്പിക്കുന്നത്. രജനി, അജിത്ത്, വിജയ് ഫാൻസ് ആണ് ഏറ്റവും വലിയ ശല്യക്കാരെന്ന് പൊന്നുസാമി പറഞ്ഞു.
സൂപ്പർ താര ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്തിന്റെ തലേ ദിവസം പാൽ വിതരണ കടകൾക്ക് സംരക്ഷണം നൽകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Comments
0 comments