കാശ്മീർ ജനതയുടെ രാഷ്ട്രീയ സ്വയംനിർണയാവകാശം ഇന്ത്യൻ ഭൂപടനിർമിതിയുടെ സൗന്ദര്യപ്രശ്നമല്ല  

ലോകത്തിലെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട ജനാവാസ പ്രദേശമാണ് കാശ്മീർ. അവിടെ നടക്കുന്നത് ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയല്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനികാധിനിവേശവും ആഗോള ഇസ്‌ലാമിക തീവ്രവാദ രാഷ്ട്രീയത്തിന്റെ ഭീകരാക്രമണങ്ങളും കാശ്മീരി ജനതയുടെ സ്വാതന്ത്ര്യപ്പോരാട്ടവുമാണ്. അതിൽ ഹിന്ദി പശുപ്രദേശത്തെ പാവപ്പെട്ട കർഷകുടുംബങ്ങളിലെ ചെറുപ്പക്കാരുടെ ശരീരങ്ങൾ ചിതറിത്തെറിക്കുന്നതും കാശ്മീരികൾ പീഡനത്താവങ്ങളിൽ നരകിക്കുന്നതും കാശ്മീരി സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതും പെല്ലറ്റ് ഗണ്ണുകളാൽ  അന്ധരാക്കപ്പെടുന്നതുമൊക്കെ ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ഭീകരവാദ രാഷ്ട്രീയത്തിന്റെ വൈതാളികന്മാർക്ക് ഒരു തെരഞ്ഞെടുപ്പ് വിജയത്തിനുള്ള സാധ്യതാ  പരീക്ഷണമാകും. എന്നാൽ ഈ രാജ്യത്തെ ജനതയ്ക്ക് അതങ്ങനെയായിക്കൂടാ…

രാജ്യം നടുങ്ങിയ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്‍മീർ ജനതയുടെ സ്വയം നിർണയാവകാശ പ്രശ്നത്തെപ്പറ്റി സുപ്രീം കോടതി അഭിഭാഷകൻ  പ്രമോദ് പുഴങ്കര


നരേന്ദ്ര മോദി സർക്കാരിന്റെ കാശ്മീർ നയത്തിന്റെയും ആഭ്യന്തര സുരക്ഷയിലെ കെടുകാര്യസ്ഥതയുടെയും ഏറ്റവും പുതിയ ദുരന്തമാണ് 40 സൈനികർ കൊല്ലപ്പെടാൻ ഇടയായ പുൽവാമയിലെ ഭീകരാക്രമണം. നാഴികയ്ക്ക് നാൽപ്പത് വട്ടം പാകിസ്ഥാൻ, പാകിസ്ഥാൻ എന്ന് വിളിച്ചുകൂവുകയല്ലാതെ ആഭ്യന്തര സുരക്ഷയുടെയോ കശ്മീരി പ്രശ്ന പരിഹാരത്തിന്റെയോ കാര്യത്തിൽ ഒരു തരത്തിലുള്ള പുരോഗതിയുമുണ്ടാക്കാൻ മോദി സർക്കാറിനായിട്ടില്ല. 

കാശ്മീരിലെ സാധാരണക്കാരായ മനുഷ്യർക്ക് നേരെ ഇന്ത്യൻ ഭരണകൂടം പട്ടാളത്തെ ഉപയോഗിച്ച് നടത്തുന്ന ജനാധിപത്യവിരുദ്ധമായ സൈനിക, രാഷ്ട്രീയാക്രമണങ്ങൾ മോദി സർക്കാരിന് കീഴിൽ പതിന്മടങ്ങു വർദ്ധിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് മനുഷ്യരെയാണ് പെല്ലറ്റ് ഗൺ  ഉപയോഗിച്ച് നടത്തിയ വെടിവെപ്പിൽ അന്ധരാക്കിയതും പരിക്കേല്പിച്ചതും. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനു ശേഷം കാശ്മീരിൽ നിന്നുള്ള ചെറുപ്പക്കാർ തീവ്രവാദി സംഘങ്ങളിലേക്ക് ചേരാനായി പോകുന്ന പ്രക്രിയ വീണ്ടും ശക്തി പ്രാപിച്ചത് മോദി ഭരണത്തിന്റെ സംഭാവനയാണ്. ഇന്ത്യൻ സൈന്യം വധിച്ച ബുർഹാൻ വാനി എന്ന കാശ്മീരി ചെറുപ്പക്കാരൻ കാശ്മീരിലെങ്ങും  ഒരു ഐതിഹ്യകഥയിലെ വീരപരിവേഷത്തിലേക്കെത്തിയതിനു ശേഷം ഈ പ്രവണത കൂടുതൽ ശക്തമായി.

ബുർഹാൻ വാനിയുടെ വധത്തിനു പിന്നാലെ കാശ്മീരിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾക്കും അവക്കെതിരെ ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണങ്ങൾക്കുമിടയിൽ കാശ്മീരിലെ വിവിധ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഒരു വസ്തുത പഠന സംഘത്തിൽ ഞാൻ അംഗമായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഒരു മിലിറ്ററി ഒക്കുപ്പേഷനിൽ  കുറഞ്ഞൊന്നുമല്ല എന്ന് നമ്മെ ബോധ്യപെടുത്തുന്നതാണ് കാശ്മീരിലെ ഓരോ തെരുവും ഓരോ ഗ്രാമവും. ഇന്ത്യ എന്ന ദേശ രാഷ്ട്രത്തിന്റെ രാഷ്ട്രീയ നിർമ്മാണ പ്രക്രിയയിലെ തീർപ്പാകാത്ത ഒരു വിഷയമാണ് കാശ്മീർ എന്ന് ഇന്ത്യൻ ഭരണകൂടം അംഗീകരിച്ചേ മതിയാകൂ. 

ജനതയെ വിശ്വാസത്തിലെടുക്കാതെ സായുധസേനകളുടെ തോക്കിന്മുനയിലും പീഡനകേന്ദ്രങ്ങളിലുമായി കാശ്മീരി ജനതയുടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാം എന്നത് ചരിത്രബോധമില്ലാത്ത ഒരു ഭരണകൂടത്തിന്റെ വൃഥാ ഹുങ്ക് മാത്രമാണ്. കാശ്മീർ പ്രശ്‍നം  ഒരു മതപ്രശ്നമല്ല എന്നും അതൊരു മുസ്‌ലീം ദേശത്തിനു വേണ്ടിയുള്ള ജിഹാദല്ല എന്നുമൊക്കെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ വക്രീകരണത്തിനിടയിലും നാം അറിയുകയും പറയുകയും ചെയ്യേണ്ടതുണ്ട്.

കാശ്മീർ ജനതയുടെ രാഷ്ട്രീയ സ്വയംനിർണയാവകാശം എന്നത് ഇന്ത്യയുടെ ഭൂപടനിർമിതിയുടെ സൗന്ദര്യപ്രശ്നമല്ല. അതൊരു ജനതയുടെ നിലനിൽപ്പിനായുള്ള, രാഷ്ട്രീയാവകാശ പ്രശ്നമാണ്. കാശ്മീർ പ്രശ്നത്തെ ആഗോള ഇസ്‌ലാമിക രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനും അങ്ങനെ അതൊരു ജിഹാദാണ് എന്നാക്കാനും അങ്ങനെതന്നെ അതിൽ ഇടപെടാനും പാകിസ്ഥാനിൽ താവളമുള്ള പല സംഘടനകളും ശ്രമിക്കുന്നുണ്ട് എന്നതിൽ തർക്കമൊന്നുമില്ല. പക്ഷെ അതല്ല കാശ്മീർ പ്രശ്നം എന്നത് നാം കാണാതെ പോകരുത്.

പതിറ്റാണ്ടുകളായി വിവിധ ഇന്ത്യൻ സർക്കാരുകൾ കൈക്കൊണ്ട ജനാധിപത്യവിരുദ്ധമായ സൈനികാധിനിവേശ നിലപാടിന്റെ ദുരന്തഫലമാണ് ഇന്നത്തെ കാശ്മീർ. കാശ്‌മീരിലെ സ്വതന്ത്ര രാഷ്ട്രീയ വ്യവഹാര പ്രക്രിയയിലൂടെ കാശ്മീരി ജനത എത്തിചേരുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിന് മാത്രമേ ഭീകരമായ ഇന്നത്തെ അവസ്ഥയെ മറികടക്കാനാകൂ. ആ പരിഹാരത്തിലേക്ക് കാശ്മീരി ജനതയുടെ സ്വയം നിർണായവകാശം എന്നതിൽക്കൂടി മാത്രമേ എത്തിചേരാൻ കഴിയുകയുമുള്ളൂ.

ലോകത്തിലെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട ജനാവാസ പ്രദേശമാണ് കാശ്മീർ. അവിടെ നടക്കുന്നത് ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയല്ല. ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനികാധിനിവേശവും ആഗോള ഇസ്‌ലാമിക തീവ്രവാദ രാഷ്ട്രീയത്തിന്റെ ഭീകരാക്രമണങ്ങളും കാശ്മീരി ജനതയുടെ സ്വാതന്ത്ര്യപ്പോരാട്ടവുമാണ്. അതിൽ ഹിന്ദി പശുപ്രദേശത്തെ പാവപ്പെട്ട കർഷകുടുംബങ്ങളിലെ ചെറുപ്പക്കാരുടെ ശരീരങ്ങൾ ചിതറിത്തെറിക്കുന്നതും കാശ്മീരികൾ പീഡനത്താവങ്ങളിൽ നരകിക്കുന്നതും കാശ്മീരി സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതും പെല്ലറ്റ് ഗണ്ണുകളാൽ  അന്ധരാക്കപ്പെടുന്നതുമൊക്കെ ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വ ഭീകരവാദ രാഷ്ട്രീയത്തിന്റെ വൈതാളികന്മാർക്ക് ഒരു തെരഞ്ഞെടുപ്പ് വിജയത്തിനുള്ള സാധ്യത പരീക്ഷണമാകും. എന്നാൽ ഈ രാജ്യത്തെ ജനതയ്ക്ക് അതങ്ങനെയായിക്കൂടാ.

  • എഫ് ബി പോസ്റ്റ്   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സിനിമാ ഡയലോഗിൽ സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളുവെന്ന് ശാരദക്കുട്ടി

ആയുഷ് മേഖലയിലെ സമഗ്ര മുന്നേറ്റത്തിന് ആയുഷ് കോണ്‍ക്ലേവ് സഹായിക്കും: ഗവര്‍ണര്‍