കർക്കടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി

തിരുവനന്തപുരം:  കർക്കടക വാവുബലിക്ക് പിതൃ തർപ്പണത്തിനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാർ – തിരുവിതാംകൂർ ദേവസ്വം ബോർഡ് സംയുക്ത അവലോകന യോഗത്തിൽ തീരുമാനിച്ചു. സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ ,ദേവസ്വം വകുപ്പു് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ വാവുബലി ക്രമീകരണങ്ങൾ വിലയിരുത്തി. 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കുന്നത്.തിരുവല്ലം പരശുരാമക്ഷേത്രം, വർക്കലപാപനാശം, കൊല്ലത്തെ തിരുമുല്ലാ വാരം ക്ഷേത്രം, ആലുവ ശിവക്ഷേത്രം തുടങ്ങിയിടങ്ങളിലാണ് ആയിരങ്ങൾ ബലിയർപ്പണ ചടങ്ങുകൾക്കായി എത്തിച്ചേരുക. കൂടാതെ തിരുവനന്തപുരത്തെ ശംഖുംമുഖം കടൽതീരത്തും ബലിതർപ്പണത്തിന്  സൗകര്യമൊരുക്കുന്നുണ്ട്. ദേവസ്വം ക്ഷേത്രങ്ങളിൽ ആഗസ്റ്റ് മാസം 11ന് നടക്കുന്ന വാവുബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് യോഗത്തിൽ അറിയിച്ചു.പ്രാദേശിക തലത്തിൽ യോഗങ്ങൾ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡ് ബോർഡ് ആസ്ഥാനത്ത് കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്ന് ഒരുക്കങ്ങൾ വേഗത്തിൽ ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി കെ.പി.ശങ്കരദാസ് പറഞ്ഞു. അതേ സമയം കോർപ്പറേഷൻ, ജില്ലാ ഭരണകൂടം,പൊലീസ്, ആരോഗ്യ വകുപ്പ് ,വാട്ടർ അതോറിറ്റി എന്നിവർ തങ്ങളുടെ പ്രവർത്തനങ്ങളും ക്രമീകരണങ്ങളും വേഗത്തിലാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു.തിരുവല്ലത്ത് ക്ഷേത്ര കുളം വൃത്തിയാക്കുക, പാർവ്വതീ പുത്തനാറിലെ മലിനജലം ബലി കടവിലേക്ക് നദിയിലേക്കും കയറാതെ സംവിധാനമൊരുക്കുക, മാലിന്യം നീക്കം ചെയ്യുക, പാർക്കിംഗ് മേഖല ഒരുക്കുക, കുളിക്കാൻ കൂടുതൽ ഷവറുകൾ സ്ഥാപിക്കുക, തിരുവല്ലത്തെ സമീപ പ്രദേശത്തെ റോഡുകൾ അറ്റകുറ്റപണി നടത്തുക തുടങ്ങിയവയിലും ബന്ധപ്പെട്ടവർ സത്വര നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുമായ് ബന്ധപ്പെട്ട വിഷയങ്ങളിലെ നടപടികൾ ദേവസ്വം കമ്മീഷണർ എൻ.വാസു മന്ത്രിയെ അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളിൽ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ വിശദമായ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. ശംഖുംമുഖത്തും പാപനാശത്തും കടൽക്ഷോഭം കണക്കിലെടുത്ത് വേണ്ടത്ര സുരക്ഷാ മുൻകരുതൽ നടപടികൾ എടുക്കണം. ഇവിടങ്ങളിൽ പൊലീസ്, ലൈഫ് ഗാർഡ്. ഹെൽത്ത് വിഭാഗങ്ങളുടെ കൂടുതൽ ശ്രദ്ധ എന്നിവ വേണം. ബലിത്തറകളിൽ പൂജാരിമാർക്ക് ദേവസ്വം ബോർഡ് പ്രത്യേക ഐ.ഡി.കാർഡ് വിതരണം ചെയ്യണം. 

മറ്റ് ക്ഷേത്രപരിസരങ്ങളിൽ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലാവണം ബലിതർപ്പണ ചടങ്ങുകൾക്ക് സൗകര്യം ക്രമീകരിക്കേണ്ടതെന്നും മന്ത്രി യോഗത്തെ ധരിപ്പിച്ചു. കെ എസ് ആർ ടി സി മുൻ തവണത്തെപ്പോലെ കൂടുതൽ യാത്രാ സൗകര്യം ഒരുക്കണമെന്നും യോഗത്തിൽ തീരുമാനമായി. അടുത്ത അവലോകന യോഗം വാവുബലിക്കു് ഒരാഴ്ച മുൻപ് ചേരാനും യോഗത്തിൽ ധാരണയായി. എം എൽ എ മാരായ വി എസ് ശിവകുമാർ ,വി.ജോയി, ഒ.രാജഗോ പാൽ, മേയർ അഡ്വ. വി.കെ.പ്രശാന്ത് ,റൂറൽ എസ്പി അശോക് കുമാർ,ദേവസ്വം ബോർഡ് ചീഫ് എഞ്ചിനിയർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശശി തരൂരിനു പിന്തുണ: എം.എം.ഹസന്‍

താലൂക്ക് ആശുപത്രികള്‍ മിനിമം അംഗീകൃത നിലവാരത്തിലേക്ക്