സിനിമാ ഡയലോഗിൽ സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളുവെന്ന് ശാരദക്കുട്ടി

ശബരിമലയെ വെറുതെ വിട്ടുകൂടേയെയെന്നും , പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ഇതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നും അഭിപ്രായപ്പെട്ട നടൻ പൃഥ്‌വിരാജിനെ പരിഹസിച്ച്  എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തി. സിനിമയില്‍ വനിതാ സംഘടന രൂപീകരിച്ചപ്പോള്‍  അഞ്ജലി മേനോന്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് കുറിപ്പിടാമോ എന്ന് ചോദിച്ചതിനാലാണ് താന്‍ അങ്ങനെ ചെയ്തത് എന്ന നടന്റെ ഡബ്ള്യൂ സി സി വിരുദ്ധ പരാമർശത്തെയും അവർ വിമർശിച്ചു. ഉറച്ച നിലപാടുകളും അഭിപ്രായങ്ങളും ഉള്ള വ്യക്തിയായിരുന്നു പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരൻ.  ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ  മല്ലികയും ആരെയും ഭയന്നിരുന്നില്ല.  ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമായിരുന്നു സുകുമാരന്റേത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം എന്ന്  പൃഥ്വിരാജിന്റെ സ്ത്രീപക്ഷ നിലപാടുകളിലെ ചാഞ്ചാട്ടത്തെ പരിഹസിക്കുകയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ശാരദക്കുട്ടി.

‘സിനിമയിൽ ഡയലോഗ്’ പറയുമ്പോൾ, സ്ത്രീവിരുദ്ധം പറയില്ലെന്നേ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളു. അല്ലാതെ, താൻ ആജീവനാന്തം ജനാധിപത്യവാദിയായിരിക്കും, സ്ത്രീപക്ഷത്തായിരിക്കും എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയും അയാളെന്നു വിശ്വസിച്ച നിഷ്കളങ്കരെല്ലാം പാവപ്പെട്ട നമ്മുടെ സ്വന്തം കരണക്കുറ്റിക്കിട്ടാണ് ഓരോ പൊട്ടീര് കൊടുക്കേണ്ടത്.

ഡയലോഗ് പ്രസന്റേഷനിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് സുകുമാരനെ കവിഞ്ഞൊരു നടനുണ്ടായിരുന്നില്ല. വലിയ ആരാധനയായിരുന്നു അദ്ദേഹത്തോട്. തിരക്കുള്ള, വലിയ വിലയും നിലയും ഇമേജുമുള്ള കാലത്ത്, തനിക്കിഷ്ടപ്പെട്ട മല്ലികയെന്ന സ്ത്രീയെ, ആരെന്തു പറയുമെന്നു ഭയക്കാതെ ജീവിതത്തിലേക്ക് സ്വീകരിച്ച് ആ ബഹുമാനം അദ്ദേഹം ഇരട്ടിപ്പിക്കുകയായിരുന്നു. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ മല്ലികയും ആരെയും ഭയന്നിരുന്നില്ല. സുകുമാരൻ ഞങ്ങൾക്കൊക്കെ അറിയാവുന്നിടത്തോളം മികച്ച സ്ത്രീപക്ഷ ജീവിതമാണ് ജീവിച്ചത്. സിനിമയിലെ ഡയലോഗായിരുന്നില്ല സുകുമാരന്റെ ജീവിതം. അമ്മ എന്ന സംഘടനയുടെ നിലപാടുകളോടൊക്കെ അന്നു തന്നെ സുകുമാരന് കൃത്യമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.

അഞ്ജലി മേനോൻ പറഞ്ഞിട്ടാണ്  ഡബ്ള്യൂ സി സിക്ക് ഒപ്പം നിന്നതെന്നു പറഞ്ഞതും ശബരിമലയിൽ തന്നെ പോകണമെന്ന വാശി എന്തിനാണെന്നു ചോദിച്ചതും പ്രിയ പൃഥ്വിരാജ്, ‘മാനിയാം നിന്നുടെ താതനെ’ യോർമ്മിപ്പിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി മന്ദിരം കൊച്ചി സ്മാര്‍ട്ട്സിറ്റിയിൽ

കാശ്മീർ ജനതയുടെ രാഷ്ട്രീയ സ്വയംനിർണയാവകാശം ഇന്ത്യൻ ഭൂപടനിർമിതിയുടെ സൗന്ദര്യപ്രശ്നമല്ല