in

കേരള പുനര്‍നിര്‍മ്മാണത്തിനായി സഹകരണ വകുപ്പിന്റെ ‘കെയര്‍ കേരള’ പദ്ധതി

നമ്മുടെ ജനജീവിതത്തേയും സമ്പദ് വ്യവസ്ഥയേയും ദോഷകരമായി ബാധിച്ച പ്രളയ ദുരന്തത്തിനെ അതിജീവിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സഹകരണ വകുപ്പ്. വീടും സ്വത്തുവകകളും ജീവനോപാധികളുമെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസമെന്ന അടിയന്തിര ദൗത്യം നിര്‍വ്വഹിക്കുന്നതിന് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യം നിറവേറ്റാന്‍ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനം സജ്ജമാണ്.

സഹകരണസംഘം രജിസ്ട്രാര്‍ക്ക് കീഴിലുള്ള 15000ത്തിലധികം സംഘങ്ങളും ഫങ്ഷണല്‍ രജിസ്ട്രാര്‍മാര്‍ക്ക് കീഴിലുള്ള 7500ത്തിലധികം സംഘങ്ങളും (പാല്‍, കൈത്തറി, വ്യവസായം, മത്സ്യം തുടങ്ങിയവ) സംസ്ഥാനത്തിന്റെ അതിജീവനത്തിനായുള്ള യത്നത്തില്‍ പങ്കാളികളാകുകയാണ്. സഹകരണ നിക്ഷേപത്തിന്റെ കാര്യത്തില്‍ നാം രാജ്യത്ത് തന്നെ ഒന്നാമതാണ്.

ഏകദേശം 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപം നമ്മുടെ സഹകരണസംഘങ്ങളിലുണ്ട്. ഇത്രയും ശക്തമായ ഈ പ്രസ്ഥാനം നമ്മുടെ സംസ്ഥാനത്ത് ഏതൊരു പ്രശ്നങ്ങളേയും നേരിടുന്നതില്‍ എക്കാലവും മുന്‍പന്തിയില്‍ നിന്ന ചരിത്രം ആവര്‍ത്തിക്കുകയാണ്. പ്രളയക്കെടുതിമൂലമുള്ള കഷ്ടനഷ്ടങ്ങള്‍ നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുമായി സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ “കെയര്‍ കേരള” (CARe Kerala- Co-operative Alliance to Rebuild Kerala) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയാണ്.

ഈ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും, സഹകരണ വകുപ്പ് ജീവനക്കാരുടെയും യോഗത്തില്‍ നടത്തി.

കെയര്‍ ഹോം: പ്രളയദുരന്തത്തില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള പദ്ധതി

കേരളം നേരിട്ട പ്രളയദുരന്തത്തില്‍ 7000ലധികം പേര്‍ക്ക് സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഒന്നാംഘട്ടമെന്ന നിലയില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 1500കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ച് നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്.

സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കെയര്‍ ഹോം പദ്ധതി ആവിഷ്കരിച്ചത്. ഒരു വീടിന് 5 ലക്ഷം രൂപ വീതം സഹായധനം നല്‍കും. മൊത്തം പദ്ധതിച്ചെലവ് 75 കോടി രൂപ വരും.

വീടുകളുടെ നിര്‍മ്മാണച്ചുമതല: വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്ഥലത്തെ പ്രാഥമിക സംഘങ്ങള്‍ അല്ലെങ്കില്‍ ശക്തമായ മറ്റ് സഹകരണസംഘങ്ങള്‍ എന്നിവയെ നിര്‍മ്മാണച്ചുമതല ഏല്‍പിക്കുന്നതാണ്. അതാത് പ്രദേശത്തെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യവും സാമ്പത്തിക സ്ഥിതിയും എന്നിവയ്ക്ക് അനുസരിച്ച് വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കും.

ഇതിനായി എഞ്ചിനീയറിംഗ് വിദഗ്ദ്ധര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. പണിയാരംഭിച്ച് 3 മാസത്തിനകം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വീടിന്റെ വിസ്തൃതി 600 sq ft-ല്‍ കുറയാന്‍ പാടില്ല.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാകും വീടുകളുടെ രൂപകല്‍പന. വീടുനിര്‍മ്മിക്കുമ്പോള്‍ അതിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത, എന്നിവ ഉറപ്പാക്കും.

അടിസ്ഥാനസൗകര്യങ്ങള്‍-കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യനിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും ഉള്‍പ്പെടുത്തും. 2018 സെപ്തംബര്‍ മാസം തന്നെ വീടുകളുടെ പണി ആരംഭിക്കും.

ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്: ജില്ലാഭരണകൂടം നല്‍കുന്ന ലിസ്റ്റിനനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ നിശ്ചയിക്കുക. സര്‍ക്കാരിന്റെ മേല്‍നോട്ടം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വീട് വച്ച് നല്‍കുക എന്നതുമാത്രമല്ല ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബങ്ങളുടെ സാമൂഹ്യ പുനരധിവാസത്തിന് കൈത്താങ്ങായി ഒരു നിശ്ചിത കാലയളവില്‍ പ്രവര്‍ത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായി സാമൂഹ്യ പ്രവര്‍ത്തകര്‍, കൗണ്‍സിലിംഗ് വൈദഗ്ദ്ധ്യമുള്ളവര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെയുള്ളവരുടെ സേവനം സഹകരണസംഘങ്ങള്‍ മുഖാന്തിരം ലഭ്യമാക്കും.

കെയര്‍ ലോണ്‍: കേരളത്തിലെ 4 ലക്ഷത്തോളം വീടുകള്‍, നിരവധി ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ വെള്ളത്തില്‍ മുങ്ങിയതുമൂലം ഫര്‍ണീച്ചറുകളും വീട്ടുപകരണങ്ങളും, കച്ചവടത്തിനായി വച്ചിരുന്ന ഉല്‍പന്നങ്ങളുമെല്ലാം വലിയ തോതില്‍ ഉപയോഗശൂന്യമാകുകയോ, ഒഴുകി പോകുകയോ ചെയ്തിട്ടുണ്ട്.

ഇവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു പുതിയ സാമ്പത്തിക സഹായ പദ്ധതി “Resurgment Kerala Loan scheme” എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തിന്റെ ആഘാതമേറ്റവര്‍ക്ക് സമയബന്ധിതമായും വേഗത്തിലും ധനസഹായം ലഭ്യമാക്കുകയാണ് ഈ സര്‍ക്കാര്‍ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കുടുംബശ്രീ യൂണിറ്റുകളിലൂടെ 9 ശതമാനം പലിശ നിരക്കിലായിരിക്കും ഈ വായ്പകള്‍ ഗുണഭോക്താക്കളിലെത്തിക്കുക. പലിശ സര്‍ക്കാര്‍ വഹിക്കും. ഈ സാഹചര്യത്തില്‍ വായ്പ നല്‍കുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ (PACS) മുഖാന്തിരം കെയര്‍ ലോണ്‍ (CARe Loan) എന്ന പേരിലുള്ള വായ്പാ പദ്ധതി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ആവിഷ്കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

കെയർ ഗ്രേയ്‌സ്: പ്രളയാനന്തര കേരളത്തിലെ ദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കല്‍, പൊതുവായ സേവനങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയ്ക്കായി ആവിഷ്കരിക്കുന്ന പദ്ധതിയാണ് കെയര്‍ ഗ്രേസ് (CARe Grace)

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രാധാന്യമാണ് ആരോഗ്യസംരക്ഷണ കാര്യങ്ങളില്‍ ഉള്ളത്. സഹകരണമേഖലയില്‍ ചെറുതും വലുതുമായ 120 ഓളം ആശുപത്രികള്‍, നിരവധി ക്ലീനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

ദുരിതബാധിതരായ ജനവിഭാഗത്തിന്റെ പൊതുവായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഈ യൂണിറ്റുകളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കും. പരിശോധനാ-ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ലഭ്യമാക്കും. രോഗപ്രതിരോധം, മാലിന്യ സംസ്കരണം, ജനസ്രോതസുകളുടെ നവീകരണം എന്നീ കാര്യങ്ങളില്‍ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.

ദുരിതബാധിതമായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സാമ്പത്തിക പിന്തുണ നല്‍കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

പ്രളയദുരന്തമേഖലകളിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട ഔദ്യോഗിക രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷകള്‍ തയ്യാറാക്കല്‍ എന്നിവയ്ക്കെല്ലാമായി തൊട്ടടുത്ത സഹകരണസംഘങ്ങളില്‍ ഒരു ഹെല്‍പ് ടെസ്ക് സംവിധാനം ഒരുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പുനര്‍നിര്‍മ്മാണത്തിലൂടെ കേരള ജനതയുടെ ജീവിത നിലവാരം ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ ഒരു പടികൂടെ ഉയരുന്ന തരത്തിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ ദൗത്യവുമായി മുന്നോട്ടുപോകുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാനാവിധമായ പിന്തുണയും സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എ.സി മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എംഎല്‍എ, പിഎസിഎസ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജോയ് എംഎല്‍എ, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഐഎഎസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് ഐഎഎസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് ഐഎഎസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

80 കളിലെ താരങ്ങള്‍ 40 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

പാചക വാതക വില വർധന പിൻവലിക്കണം: കെ എം മാണി