കേരളം സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാകാൻ പദ്ധതികൾ

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി നിര്‍ണയ മാര്‍ഗരേഖ തയ്യറാക്കുന്നതിന് ശില്‍പശാലകള്‍ സംഘടിപ്പിച്ചു.

ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ അവകാശ നിയമം 2016 അനുസരിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കുന്നത്. ഇരുപത്തി ഒന്ന് തരത്തിലുള്ള ഭിന്നശേഷി നിര്‍ണയിക്കുന്നതിന് ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി.

ഒരു വയസിനു താഴെയുള്ള കുട്ടികളുടെ ഭിന്നശേഷി നിര്‍ണയത്തിന് സമഗ്ര പദ്ധതി ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് ആവിഷ്‌കരിച്ച് വരുന്നതായി മന്ത്രി പറഞ്ഞു. ഒരു വയസിനു താഴെയുള്ള കുട്ടികളുടെ കേള്‍വി, ശാരീരിക വളര്‍ച്ചാ പ്രശ്‌നങ്ങള്‍, വളര്‍ച്ചാ വികാസത്തിലെ നാഴികകല്ലുകള്‍ എന്നിവ നിര്‍ണയിക്കാന്‍ സര്‍വേ നടത്തും.

സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകപ്പും സംയുക്തമായാണ് സര്‍വേ നടത്തുക. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 മുതല്‍ ഒരു ആഴ്ച ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അംഗന്‍വാടി, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ വീടുകളിലെത്തി ചെക്ക് ലിസ്റ്റ് പ്രകാരം ഭിന്നശേഷി സംശയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും വിവരങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ശേഖരിച്ച് നല്‍കി വിദഗ്ധ പരിശോധനകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

ഭിന്നശേഷി നിര്‍ണയത്തിലൂടെ കണ്ടെത്തിയ ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് ചികിത്സ ഉറപ്പു വരുത്തുകയും ചെയ്യും. ഭിന്നശേഷിയുടെ തോത് കുറയ്ക്കുകയോ ചികിത്സിച്ച് ഭേദമാക്കുകയോ ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ മുപ്പത് ഐ.സി.ഡി.എസ്. ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ. ജി. ഹരികുമാര്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ചൈത്രം ഹോട്ടലില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്തു.

എന്‍.എച്ച്.എം. ഓഫീസില്‍ നടന്ന ശില്‍പശാലയില്‍ സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ആരോഗ്യ സാമൂഹ്യ നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിച്ചു

ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളത്തിലെ മെഡിക്കല്‍ സമൂഹം ആശങ്കയില്‍